നാസയുടെ ചൊവ്വാ ദൗത്യമായ മാവെന്‍ നാലാം വാര്‍ഷികം ആഘോഷിച്ചത് സെല്‍ഫിയെടുത്ത്

വാഷിംഗ്ടണ്‍:നാസയുടെ ചൊവ്വാ ദൗത്യ പേടകം നാലാം വാര്‍ഷിക ദിനത്തില്‍ സെല്‍ഫി അയച്ചു. നാസയുടെ ചൊവ്വാ ദൗത്യ പേടകമായ മാവെനാണ് ഇപ്പോള്‍ സെല്‍ഫി ചിത്രം അയച്ചിരിക്കുന്നത്.

സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് രശ്മികള്‍ പേടകത്തല്‍ പ്രതിഫലിക്കുന്ന തരത്തിലുള്ളതാണ് ചിത്രം. ചൊവ്വയുടെ ഉപരിതലത്തിലെ അള്‍ട്രാവയലറ്റ് സ്‌പെക്ടോഗ്രാഫിനെക്കുറിച്ച് വിശദ വിവരങ്ങള്‍ നല്‍കുന്നതാണ് ഈ ചിത്രമെന്ന് നാസ വ്യക്തമാക്കി.

മാവെന്‍ ദൗത്യം ഇപ്പോഴും തുടരുകയാണ്. ചൊവ്വയുടെ ഉപരിതലം കാലവസ്ഥ വ്യതിയാനത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് മനസ്സിലാക്കുകയാണ്‌ ഈ ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം. പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ വിജയമാണ് മാവെനെന്ന് ശാസ്ത്രജ്ഞനായ ബ്രൂസ് ജാക്കോസ്‌കൈ പറഞ്ഞു.

സെല്‍ഫി സ്റ്റിക്ക് ഉപയോഗിച്ച് 21 ആംഗിളിലാണ്‌ മാവെന്‍ ചിത്രമെടുത്തിട്ടുള്ളത്. അവ ഒരുമിച്ച് ചേര്‍ത്ത് വെച്ചാല്‍ വിശദമായ മാവെന്‍ രൂപം ലഭിക്കും.

ചൊവ്വയുടെ അന്തരീക്ഷ മണ്ഡലം എങ്ങനെ നേര്‍ത്ത് ഇന്നത്തെ നിലയിലായി, ഗ്രഹപ്രതലത്തില്‍ ഒരുകാലത്ത് സുലഭമായിരുന്നു എന്ന് ശാസ്ത്രലോകം കരുതുന്ന ജലത്തിന് എന്തു സംഭവിച്ചു തുടങ്ങിയ കാര്യങ്ങളാണ് മെവെന്‍ പ്രധാനമായും അന്വേഷിക്കുന്നത്. 2014ലാണ് ഇത് ചൊവ്വയുടെ ഭ്രമണ പദത്തിലെത്തിയത്.

കഴിഞ്ഞ വര്‍ഷം ചൊവ്വയുടെ ഉപഗ്രഹമായ ഫോബോസുമായുള്ള കൂട്ടി ഇടിയില്‍ നിന്നും നേരിയ വ്യത്യാസത്തിലാണ് മാവെന്‍ രക്ഷപ്പെട്ടത്. നാസയുടെ മാര്‍സ് സ്‌ക്കൗട്ട് പദ്ധതിയുടെ ഭാഗമായാണ് മാവെന്‍ വിക്ഷേപിച്ചത്. ചൊവ്വയുടെ ഉപരതലത്തെക്കുറിച്ച് പഠിക്കുന്ന ആദ്യ ദൗത്യമാണിത്.

1.ബാഷ്പശീലമുള്ള വസ്തുക്കളുടെ പലായനത്തെ കുറിച്ചു പഠിക്കുകയും അത് കാലാകാലങ്ങളില്‍ ചൊവ്വയെ ഏതു രീതിയില്‍ ബാധിച്ചു എന്നു മനസ്സിലാക്കുകയും ചെയ്യുക.

2.ഉപരിതല അന്തരീക്ഷം, അയണോസ്ഫിയര്‍ എന്നിവയുടെ ഇപ്പോഴത്തെ അവസ്ഥ മനസ്സിലാക്കുകയും ഇവ സൗരവാതവുമായി എങ്ങനെ പ്രതിപ്രവര്‍ത്തിക്കുന്നു എന്ന് അറിയുകയും ചെയ്യുക.

3.പ്രകൃതിവാതകങ്ങളും അയോണുകളും നഷ്ടപ്പെടുന്നതിന്റെ ഇപ്പോഴത്തെ നിരക്ക് നിര്‍ണ്ണയിക്കുകയും അതിന്റെ പ്രവര്‍ത്തനരീതി മനസ്സിലാക്കുകയും ചെയ്യുക.

4.ചൊവ്വയുടെ അന്തരീക്ഷത്തിലുള്ള സുസ്ഥിര ഐസോടോപ്പുകളുടെ അനുപാതം നിര്‍ണ്ണയിക്കുക തുടങ്ങിയവയാണ് ഈ ദൗത്യത്തിലൂടെ ശാസ്ത്രലോകം ലക്ഷ്യം വയ്ക്കുന്നത്.

Top