നാസയുടെ തട്ടിപ്പ് : റൈസ് പുള്ളര്‍ തട്ടിപ്പ് നടത്തിയ അച്ഛനും മകനും അറസ്റ്റില്‍.

ന്യൂഡല്‍ഹി: അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസയുടെ പേരില്‍ കോടികളുടെ റൈസ് പുള്ളര്‍ തട്ടിപ്പ് നടത്തിയ അച്ഛനും മകനും അറസ്റ്റില്‍. ഡല്‍ഹി സ്വദേശികളായ വീരേന്ദര്‍ മോഹന്‍ ബ്രാര്‍, ബാബ ബ്രാര്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ കബളിപ്പിച്ച നരേന്ദര്‍ എന്ന വസ്ത്ര വ്യാപാരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് തട്ടിപ്പ് സംഘം പിടിയിലായത്.

റൈസ് പുള്ളര്‍ വലിയ ഭാഗ്യം കൊണ്ടു വരുമെന്ന വിശ്വാസത്തിന്റെ പുറത്താണ് നരേന്ദര്‍ വീരേന്ദര്‍ മോഹനെ സമീപിക്കുന്നത്. തുടര്‍ന്ന് തങ്ങളുടെ കൈവശമുള്ള റൈസ് പുള്ളര്‍ നാസയ്ക്ക് വില്‍ക്കാന്‍ കഴിയുമെന്നും, അതിന്റെ ആധികാരികത തെളിയിക്കപ്പെട്ടു കഴിഞ്ഞാല്‍ 37,500 കോടി രൂപയുടെ കൈമാറ്റം നടക്കുമെന്നും, ഇതിനായി ചില പരീക്ഷണങ്ങള്‍ നടത്തണമെന്നും തട്ടിപ്പുകാര്‍ നരേന്ദറെ വിശ്വസിപ്പിച്ചു.

പരീക്ഷണം വിജയകരമാവുകയാണങ്കില്‍ 10 കോടി രൂപ ആദ്യം ടോക്കണായി നല്‍കണമെന്നും വിജേന്ദറും മകനും നരേന്ദറിനെ ധരിപ്പിച്ചു. പരീക്ഷണത്തിനായി 87 ലക്ഷം രൂപയും ഇവര്‍ വ്യാപാരിയില്‍ നിന്നും തട്ടിയെടുത്തു. റേഡിയേഷന്‍ വികിരണങ്ങള്‍ തടയുന്ന വസ്ത്രവും പരീക്ഷണം നടത്തുന്ന ശാസ്ത്രജ്ഞര്‍ക്കുള്ള ഫീസിനും മറ്റ് രാസവസ്തുക്കള്‍ക്കും വേണ്ടിയെന്ന് പറഞ്ഞാണ് പണം കൈപ്പറ്റിയത്.

എന്നാല്‍ പലവിധ കാരണങ്ങള്‍ പറഞ്ഞ് പരീക്ഷണങ്ങള്‍ നീട്ടിക്കൊണ്ട് പോവുകയായിരുന്നു. അതേസമയം തങ്ങളുമായി കച്ചവടം ഉറപ്പിക്കണമെന്നും അല്ലെങ്കില്‍ റൈസ് പുള്ളര്‍ മറ്റാര്‍ക്കെങ്കിലും മറിച്ചുവില്‍ക്കുമെന്നും പറഞ്ഞതിനെ തുടര്‍ന്ന് 51.1 ലക്ഷം രൂപ കൂടെ വസ്ത്രവ്യാപാരി തട്ടിപ്പുകാര്‍ക്ക് നല്‍കി. തുടര്‍ന്ന് റൈസ്പുള്ളര്‍ പരീക്ഷണമെന്ന പേരില്‍ ഹരിയാനയിലെ ധര്‍മ്മശാലയില്‍ ചിലത് നടത്തുകയും ചെയ്തു. ഇതിനിടെ പരീക്ഷണം നടത്തിയവര്‍ യഥാര്‍ഥ ശാസ്ത്രജ്ഞരല്ലെന്നും 20,000 രൂപയ്ക്ക് വിരേന്ദര്‍ മോഹന്റെ കീഴില്‍ ജോലിക്കെത്തിയവരാണെന്നും വ്യാപാരിക്ക് വിവരം ലഭിച്ചു.

തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ വിജേന്ദറിന്റെയും മകന്റെ തട്ടിപ്പ് പൊളിയുകയായിരുന്നു. ഇവരില്‍ നിന്ന് റേഡിയേഷന്‍ കവചം, വ്യാജ സ്റ്റിക്കറുകള്‍ എന്നിവ പൊലീസ് കണ്ടെടുത്തു.

റൈസ് പുള്ളര്‍ എന്ന പേരില്‍ ജനങ്ങളെ പറ്റിച്ച് പണം തട്ടുകയാണ് ഇത്തരക്കാരുടെ ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു. ഇതിനായി ചെമ്പ്, വെങ്കലം തുടങ്ങിയ ലോഹങ്ങളില്‍ കാന്തം കൊണ്ട് പൊതിയുകയാണ് ചെയ്യുന്നത്. തുടര്‍ന്ന് അരി തിളപ്പിച്ച് ചോറാക്കി മാറ്റി ഇതിനുള്ളില്‍ ചെറിയ ഇരുമ്പ് തരികളോ കമ്പിയോ നിറയ്ക്കും. ശേഷം റൈസ് പുള്ളറിനടുത്തേക്ക് ആ ചോര്‍ അടുപ്പിക്കുമ്പോള്‍ കാന്തത്തിന്റെ ശക്തിയാല്‍ ഇത് ആകര്‍ഷിക്കപ്പെടും. ഇങ്ങനെയാണ് റൈസ് പുള്ളര്‍ തട്ടിപ്പിന്റെ രീതിയെന്ന് പൊലീസ് വ്യക്തമാക്കി.

Top