മൂക്കില്‍കൂടി നല്‍കുന്ന വാക്‌സിൻ: ഹൈദരാബാദില്‍ 10 പേരിൽ പരീക്ഷിച്ചു

ഹൈദരാബാദ്: മൂക്കില്‍ കൂടി നല്‍കാവുന്ന ഇന്‍ട്രാനാസല്‍ കോവിഡ് വാക്‌സീന്റെ പരീക്ഷണം ഹൈദരാബാദില്‍ ആരംഭിച്ചു. ഭാരത് ബയോടെക് വികസിപ്പിച്ച വാക്‌സീന്‍ പത്തു പേര്‍ക്കാണു നല്‍കിയത്.ഹൈദരാബാദിനു പുറമേ ആദ്യഘട്ട ട്രയല്‍ പുണെ, ചെന്നൈ, നാഗ്പുര്‍ എന്നിവിടങ്ങളിലും വരും ദിവസങ്ങളില്‍ നടക്കും.

രാജ്യത്താകെ 175 പേര്‍ക്കാണ് ഇന്‍ട്രാനാസല്‍ വാക്‌സീന്‍ നല്‍കുന്നത്. ചെന്നൈയില്‍ വാക്‌സീന്‍ പരീക്ഷണത്തിന് ബുധനാഴ്ചയാണ് എത്തിക്‌സ് കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചത്.സിറിഞ്ച് ഉപയോഗിച്ച് കുത്തിവയ്ക്കാതെ വാക്‌സീന്‍ നല്‍കാമെന്നാണ് ഇന്‍ട്രാനാസല്‍ വാക്‌സീന്റെ ഗുണം.കൊച്ചുകുട്ടികള്‍ക്കും മറ്റും മരുന്ന് നല്‍കാന്‍ എളുപ്പമാകും. കൂടുതല്‍ വേഗത്തില്‍ മരുന്ന് ആഗിരണം ചെയ്യപ്പെടുമെന്നതും നേട്ടമാണ്. വാഷിങ്ടണ്‍ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനുമായി ചേര്‍ന്നാണ് ഭാരത് ബയോടെക് വാക്‌സീന്‍ വികസിപ്പിച്ചത്.

മഹാരാഷ്ട്രയില്‍ പരീക്ഷണത്തിനായി അംഗീകാരത്തിനായി കാത്തിരിക്കുകയാണ്.

Top