nasa – supersonic get

പുതിയ സൂപ്പര്‍സോണിക് പാസഞ്ചര്‍ ജറ്റ് നിര്‍മിക്കാനുള്ള പദ്ധതി അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ പ്രഖ്യാപിച്ചു. അതിനുള്ള പ്രാഥമിക ഡിസൈന് രൂപംനല്‍കാന്‍ കരാറും നാസ നല്‍കിക്കഴിഞ്ഞു.

സൂപ്പര്‍സോണിക് പാസഞ്ചര്‍ ജറ്റിന്റെ പ്രാഥമിക ഡിസൈന്‍ സൃഷ്ടിക്കാന്‍ യു.എസ്.കമ്പനിയായ ‘ലോക്ക്ഹീഡ് മാര്‍ട്ടിന്’ രണ്ടുകോടി ഡോളറിന്റെ കരാര്‍ നല്‍കിയതായി നാസ അഡ്മിനിസ്‌ട്രേറ്റര്‍ ചാള്‍സ് ബോര്‍ഡന്‍ ആണ് അറിയിച്ചത്.

സാധാരണ ജറ്റ് എന്‍ജിനുകള്‍ വലിയ ശബ്ദം പുറപ്പെടുവിക്കാറുണ്ട്. അതിന് വിരുദ്ധമായി പുതിയ ജറ്റിന്റെ എന്‍ജിന്‍ കുറഞ്ഞ ശബ്ദം പുറപ്പെടുവിക്കുന്നതായിരിക്കും. മലിനീകരണം കുറയ്ക്കുക, ഇന്ധനക്ഷമത വര്‍ധിപ്പിക്കുക എന്നിവയ്ക്കും ജറ്റിന്റെ ഡിസൈനില്‍ ഊന്നല്‍ ലഭിക്കും.

‘വിമാനത്തെ പരിസ്ഥിതി സൗഹൃദവും സുരക്ഷിതവും ശബ്ദം കുറഞ്ഞതുമാക്കാന്‍ കടുത്ത ശ്രമം നാസ നടത്തുന്നതായി ബോര്‍ഡന്‍ അറിയിച്ചു. ശബ്ദത്തെക്കാള്‍ വേഗത്തില്‍ സഞ്ചരിക്കുന്ന വിമാനങ്ങളാണ് സൂപ്പര്‍സോണിക് ജറ്റുകള്‍.

പുതിയ സൂപ്പര്‍സോണിക് ജറ്റിന്റെ രൂപകല്‍പ്പനയും നിര്‍മാണവും പറക്കല്‍ പരീക്ഷണവും പൂര്‍ത്തിയാക്കാന്‍ വര്‍ഷങ്ങള്‍ വേണ്ടിവരും. 2020 ഓടെ ആദ്യ പരീക്ഷണ പറക്കല്‍ സാധ്യമാകുമെന്നാണ് നാസയുടെ കണക്കൂകൂട്ടല്‍.

ബ്രിട്ടീഷ് എയര്‍വേസും എയര്‍ ഫ്രാന്‍സും 2003ല്‍ ‘കോണ്‍കോഡ്’ ഓപ്പറേഷനുകള്‍ നിര്‍ത്തിവെച്ചതോടെ വാണിജ്യാടിസ്ഥാനത്തിലുള്ള സൂപ്പര്‍സോണിക് വിമാന സര്‍വീസുകള്‍ നിലച്ചിരുന്നു.

ശബ്ദത്തെ അപേക്ഷിച്ച് രണ്ടിരട്ടി വേഗത്തില്‍ (മണിക്കൂറില്‍ 2,180 കിലോമീറ്റര്‍ വേഗത്തില്‍) സഞ്ചരിക്കാന്‍ കോണ്‍കോഡ് വിമാനങ്ങള്‍ക്ക് കഴിഞ്ഞിരുന്നു.

Top