മാസത്തില്‍ പകുതി ദിവസവും പ്രളയസാധ്യത, ഭൂമിയെ കാത്തിരിക്കുന്നത് വലിയ പ്രളയകാലം: നാസ

ന്യൂയോര്‍ക്ക്: ഭൂമിയെ കാത്തിരിക്കുന്നത് വലിയ പ്രളയകാലമെന്ന് നാസ. ചന്ദ്രന്റെ ചലനത്തിലുണ്ടാകുന്ന മാറ്റം 2030കളുടെ പകുതിയില്‍ തുടര്‍ പ്രളയമുണ്ടാക്കുമെന്നാണ് മുന്നറിയിപ്പ്. ചന്ദ്രന്റെ ഭ്രമണപഥത്തിലെ ഒരു ‘ചലനം’കാരണം സമുദ്രനിരപ്പ് ഉയരുന്നതാണ് വലിയ നാശനഷ്ടമുണ്ടാക്കാന്‍ സാധ്യതയുള്ള പ്രളയത്തിലേക്ക് നയിക്കുക. ചന്ദ്രന്റെ ചലനംകൊണ്ട് സമുദ്രനിരപ്പ് വലിയതോതില്‍ ഉയരും. തീരപ്രദേശങ്ങള്‍ വെള്ളത്തിലാകും.

സമുദ്രനിരപ്പിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് പഠിക്കുന്ന നാസയുടെ സംഘമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കഴിഞ്ഞ ദിവസങ്ങളില്‍ ജര്‍മനി ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ അപ്രതീക്ഷിതമായുണ്ടായ പ്രളയം കാലാവസ്ഥാ വ്യതിയാനത്തിന്റെ സൂചനയാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് നാസയുടെ പഠനം പുറത്തുവരുന്നത്.

വേലിയേറ്റം തീരപ്രദേശത്തെ പതിവ് സംഭവമാണ്. പക്ഷേ, ഗവേഷകരുടെ പ്രവചനം ഈ വേലിയേറ്റങ്ങള്‍ സാധാരണയില്‍ കവിഞ്ഞ് വലിയ അപകടം സൃഷ്ടിക്കുമെന്നാണ്. വേലിയേറ്റ സമയങ്ങളില്‍ തിര ശരാശരി രണ്ട് അടിവരെയാണ് ഉയരുക. എന്നാല്‍, ഈ ഘട്ടത്തില്‍ കൂടുതല്‍ ഉയരത്തില്‍ പൊങ്ങും. ചന്ദ്രന്റെയും ഭൂമിയുടെയും സൂര്യന്റെയും സ്ഥാനങ്ങളെ ആശ്രയിച്ച് ചിലപ്പോള്‍ ഒരു മാസമോ അതില്‍ കൂടുതലോ നീണ്ടുനില്‍ക്കുന്ന ക്ലസ്റ്ററുകളില്‍ വെള്ളപ്പൊക്കം ഉണ്ടാകും.

ചിലപ്പോള്‍ മാസത്തില്‍ 15 തവണവരെ വെള്ളപ്പൊക്കമുണ്ടാകാം. ചന്ദ്രന്റെ ഭ്രമണപഥത്തിലെ ചലനം പൂര്‍ത്തിയാക്കാന്‍ 18.6 വര്‍ഷം എടുക്കും. ഇതില്‍ പകുതി കാലം പ്രളയമുണ്ടാകുമെന്നാണ് നിഗമനം. ചന്ദ്രന്റെ ചലനം എപ്പോഴുമുണ്ട്. താപനംമൂലം ഉയരുന്ന സമുദ്രനിരപ്പും ചന്ദ്രന്റെ ചലനവും കൂടി ചേരുമ്പോഴാണ് അപകടകരമായ ഉയര്‍ച്ചയുണ്ടാകുന്നത്.

വേലിയേറ്റങ്ങളുടെ തോത് കൂടുന്നതോടെ മിക്ക ഭൂഖണ്ഡങ്ങളിലും പ്രളയങ്ങള്‍ പതിവാകും. ഇതിനൊപ്പം കാലാവസ്ഥാ വ്യതിയാനവും ചേരുമ്പോള്‍ ലോകത്തെ കാത്തിരിക്കുന്നത് വലിയ പ്രതിസന്ധിയാണ്. ഈ ദുരന്ത സാധ്യത നേരിടാന്‍ തയ്യാറെടുപ്പ് അത്യാവശ്യമാണെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഹവായ് സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഫില്‍ തോംസന്‍ പറഞ്ഞു. കാലാവസ്ഥാ വ്യതിയാനംമൂലം യുഎസില്‍ 2019ല്‍ ഉണ്ടായത് 600 പ്രളയമാണ്.

 

 

Top