മനുഷ്യന്റെ ആദ്യത്തെ ബഹിരാകാശ കുറ്റ കൃത്യം അന്വേഷിക്കാന്‍ ഒരുങ്ങി നാസ

ന്യൂയോര്‍ക്ക്: ബഹിരാകാശ യാത്രികയുടെ അനധികൃത ബാങ്കിടപാട് അന്വേഷിക്കാനൊരുങ്ങി അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. ആന്‍ മക്ലൈന്‍ എന്ന ബഹിരാകാശ യാത്രികയുടെ പേരില്‍ ബഹിരാകാശത്ത് വെച്ച് ആരോപിക്കപ്പെട്ടിരിക്കുന്ന അനധികൃത ബാങ്കിടപാടാണ് നാസ അന്വേഷിക്കുക.

ആന്‍ മക്ലൈന്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ വെച്ച് ഭര്‍ത്താവിന്റെ ബാങ്ക് അക്കൗണ്ട് അനുമതിയില്ലാതെ ഉപയോഗിച്ചു എന്നാണ് ആരോപണം. ബഹിരാകാശത്ത് വെച്ച് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മനുഷ്യന്റെ ആദ്യത്തെ കുറ്റകൃത്യമാണ് ഇതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആനുമായി അകല്‍ച്ചയിലുള്ള ഭര്‍ത്താവ് ഫെഡറല്‍ ട്രേഡ് കമ്മീഷനില്‍ ആനിനെതിരെ പരാതി നല്‍കിയിട്ടുണ്ട്.

എന്നാല്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ വെച്ച് താന്‍ ഈ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചുവെങ്കിലും തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്നാണ് ആന്‍ മക്ലൈന്‍ പറയുന്നത്. തങ്ങളുടെ മകന്റെ ചെലവിലേക്കായി താനും ഭര്‍ത്താവും ചേര്‍ന്ന് നേരത്തെ സ്വരൂപിച്ച പണം മകന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നുണ്ടോ എന്ന് പരിശോധിക്കുക മാത്രമാണ് താന്‍ ചെയ്തതെന്ന് ആന്‍ പറഞ്ഞു.

ആന്‍ ബഹിരകാശ ദൗത്യം പൂര്‍ത്തിയാക്കി ഭൂമിയില്‍ തിരിച്ചെത്തിയിട്ടുണ്ട്. 2014 ല്‍ വിവാഹിതരായ ആനും ഭര്‍ത്താവ് വോര്‍ഡനും 2018 ഓടെ വിവാഹ മോചനത്തിന് അപേക്ഷിക്കുകയായിരുന്നു. 2013 മുതലാണ് ഇവര്‍ നാസയില്‍ ബഹിരാകാശ ദൗത്യങ്ങളില്‍ പങ്കാളിയാവുന്നത്. ദൗത്യത്തിന്റെ ഭാഗമായി ഇവര്‍ ആറ് മാസത്തോളം ബഹിരാകാശ നിലയത്തില്‍ ജോലി ചെയ്തിട്ടുണ്ട്.

Top