അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് കാണാതായ തക്കാളി കണ്ടെത്തി നാസ; ചിത്രം പുറത്ത്

വാഷിംഗ്ടണ്‍: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് കാണാതായി ഏകദേശം ഒരു വർഷത്തിന് ശേഷം കണ്ടെത്തിയ തക്കാളിയുടെ ചിത്രം പുറത്ത് വിട്ട് നാസ. പ്രപഞ്ചത്തിലെ തന്നെ ഏറ്റവും വലിയ നിഗൂഡതകളിലൊന്നെന്ന് ബഹിരാകാശ സഞ്ചാരികൾ വിലയിരുത്തിയ തക്കാളി കാണാതാകലിന്റെ ഏറ്റവും ഒടുവിലെ അപ്ഡേറ്റാണ് നാസ നൽകിയിട്ടുള്ളത്. ബഹിരാകാശ നിലയത്തിൽ വളർത്തിയെടുത്ത തക്കാളിയുടെ ആദ്യ ഫലമാണ് കാണാതെ പോയിരുന്നത്.

370 ദിവസം നീണ്ട ബഹിരാകാശ യാത്രയുടെ റെക്കോർഡ് സ്വന്തമാക്കിയ അമേരിക്കൻ ബഹിരാകാശ സഞ്ചാരി ഫ്രാങ്ക് റൂബിയോയാണ് മാർച്ച് മാസത്തിൽ നിലയത്തിൽ തക്കാളി ചെടി വളർത്തിയത്. ഭാവിയിൽ ദീർഘകാല ദൗത്യങ്ങൾക്കായി ബഹിരാകാശത്ത് തന്നെ പച്ചക്കറികളും മറ്റും വളർത്തിയെടുക്കുന്നതിന്റെ ഭാഗമായി ആയിരുന്നു ഈ തക്കാളി വളർത്തൽ പരീക്ഷണം. ഈ തക്കാളി വിളവെടുപ്പിന്റെ ദൃശ്യങ്ങൾ നാസയുടെ ഗവേഷക വിഭാഗം പുറത്ത് വിട്ടിരുന്നെങ്കിലും അന്ന് വിളവെടുത്ത് സിപ് ലോക്ക് കവറുകളിൽ സൂക്ഷിച്ച തക്കാളി കാണാതാവുകയായിരുന്നു.

ഒരു ദിവസത്തോളം തക്കാളിയ്ക്കായി തെരച്ചിൽ നടത്തിയെങ്കിലും ഫലം കാണാതെ വന്നതോടെ ഫ്രാങ്ക് റൂബിയോ അവ നഷ്ടമായതായി ഉറപ്പിച്ചിരുന്നു. റെഡ് റോബിൻ ഇനത്തിലുള്ള തക്കാളിയാണ് നട്ടുവളർത്തിയിരുന്നത്. എന്നാൽ ഓർക്കാതെ റൂബിയോ തന്നെ തക്കാളി കഴിച്ചിരിക്കാമെന്ന സംശയത്തിലായിരുന്നു മറ്റ് ചില ബഹിരാകാശ സഞ്ചാരികളുണ്ടായിരുന്നത്. അങ്ങനെ ഏറെ നാൾ ഒരു നിഗൂഡതയായി തുടർന്ന തക്കാളികൾ എട്ട് മാസത്തിന് ശേഷമാണ് കണ്ടെത്തിയത്. ഉപയോഗ്യ ശൂന്യമായ അവസ്ഥയിൽ സിപ് ലോക്ക് ചെയ്ത കവറിൽ ഇരിക്കുന്ന നിലയിലാണ് ഇവ കണ്ടെത്തിയത്. തക്കാളി കണ്ടെത്തിയ വിവരം ഏതാനും ദിവസങ്ങൾക്ക് മുന്‍പ് മറ്റൊരു ബഹിരാകാശ സഞ്ചാരിയായ ജാസ്മിൻ മൊഗ്ബെലി വിശദമാക്കിയെങ്കിലും കളഞ്ഞു കിട്ടിയ തക്കാളിയുടെ ചിത്രങ്ങൾ പുറത്ത് വരുന്നത് ഇപ്പോഴാണ്.

ആറ് കിടപ്പ് മുറികളുടെ വലുപ്പമുള്ള അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കാണാതായ തക്കാളിയെ അബദ്ധത്തിൽ ചവറ്റുകൂനയിലെത്തിയിരിക്കാമെന്നും ഉണങ്ങിപോയിരിക്കാമെന്നും തിരികെ ഭൂമിയിലേക്ക് മടങ്ങും മുന്‍പ് റൂബിയോ വിശദമാക്കിയത്. എപ്പോഴെങ്കിലും ആരെങ്കിലും അത് കണ്ടെത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഒരു സിപ്ലോക്ക് ബാഗിൽ കുറച്ച് ചുരുട്ടിപ്പോയ സാധനങ്ങൾ, ഞാൻ ബഹിരാകാശത്ത് വച്ച് തക്കാളി കഴിച്ചിട്ടില്ലെന്ന് അവർക്ക് തെളിയിക്കാൻ കഴിയുമെന്നും റൂബിയോ ഒക്ടോബറിൽ പ്രതികരിച്ചിരുന്നു.

Top