ഹൈസ്കൂൾ വിദ്യാർത്ഥി സഹായിച്ചു, മറ്റൊരു ഭൂമി കണ്ടെത്തി നാസ !

വാഷിങ്ടന്‍: ഭൂമിയുടേതിനു സമാന വലിപ്പമുള്ള ഗ്രഹത്തെ കണ്ടെത്തി നാസ. ഹവായ്യില്‍ അമേരിക്കന്‍ അസ്‌ട്രോണമിക്കല്‍ സൊസൈറ്റിയുടെ വാര്‍ഷിക യോഗത്തിലാണു നാസ പുതിയ ഗ്രഹത്തെക്കുറിച്ചുള്ള പ്രഖ്യാപനം നടത്തിയത്.

‘ടിഒഐ 700 ഡി’ എന്നാണു പുത്തന്‍ഗ്രഹത്തിന്റെ പേര്. ഭൂമിയില്‍നിന്ന് 100 പ്രകാശവര്‍ഷം അകലെയാണ് ഈ ഗ്രഹം.ഭൂമിക്കു തുല്യമായ ഗ്രഹങ്ങളെ കണ്ടെത്താനുള്ള ദൗത്യമായ ടെസ് ആണ് ടിഒഐ 700 ഡിയെ കണ്ടുപിടിച്ചതെന്ന് നാസ ആസ്‌ട്രോഫിസിക്‌സ് ഡിവിഷന്‍ ഡയറക്ടര്‍ പോള്‍ ഹെര്‍ട്‌സ് പറഞ്ഞു. ആദ്യം തെറ്റായ നിഗമനത്തില്‍ മറ്റൊരു വിഭാഗത്തിലാണ് ഈ ഗ്രഹത്തെ ടെസ് ഉള്‍പ്പെടുത്തിയത്. എന്നാല്‍, ഹൈസ്‌കൂള്‍ വിദ്യാര്‍ഥി ആള്‍ട്ടന്‍ സ്‌പെന്‍സര്‍ ഉള്‍പ്പെടെയുള്ള അമേച്വര്‍ ജ്യോതിശാസ്ത്രജ്ഞര്‍ പിശകു ചൂണ്ടിക്കാട്ടി.അമേച്വര്‍ ജ്യോതിശാസ്ത്രജ്ഞരുടെ നിഗമനങ്ങളും കണക്കുകളും സ്പിറ്റ്‌സര്‍ സ്‌പേസ് ടെലിസ്‌കോപ്പ് ഉറപ്പിച്ചു. തുടര്‍ന്നായിരുന്നു നാസയുടെ പ്രഖ്യാപനം.

കെപ്ലര്‍ സ്‌പേസ് ടെലിസ്‌കോപ് ഉള്‍പ്പെടെയുള്ളവ സമാന ഗ്രഹങ്ങള്‍ മുന്‍പും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, 2018ല്‍ ആരംഭിച്ച ടെസ് ഇത്തരത്തിലൊരു ഗ്രഹം കണ്ടെത്തുന്നത് ആദ്യമാണ്. സൂര്യന്റെ 40 ശതമാനം വലുപ്പമേ ടിഒഐ 700 ഡിക്ക് ഉള്ളൂ. ഭൂമിയേക്കാള്‍ 20 ശതമാനം വലുപ്പമുണ്ട്. ജലത്തിനു ദ്രവ രൂപത്തില്‍ തുടരാനാകുന്ന താപനിലയാണ്. നക്ഷത്രത്തെ ചുറ്റാന്‍ 37 ദിവസമാണു വേണ്ടത്.

Top