നാസയുടെ ബഹിരാകാശയാത്ര പദ്ധതിയുടെ ആദ്യവനിതാ മേധാവിയായി കാത്തി ലീഡേഴ്‌സ്

വാഷിങ്ടണ്‍: നാഷണല്‍ എയ്‌റോനോട്ടിക്‌സ് ആന്‍ഡ് സ്‌പെയ്‌സ് അഡ്മിനിസ്‌ട്രേഷന്‍ ബഹിരാകാശയാത്ര പദ്ധതിയുടെ ആദ്യവനിതാ മേധാവിയായി കാത്തി ലീഡേഴ്‌സ്.

മെയ് മാസത്തില്‍ നാസ വിജയകരമായി ആരംഭിച്ച സ്വകാര്യ ബഹിരാകാശ വിമാനയാത്രയുടെ മേല്‍നോട്ടം നിര്‍വ്വഹിച്ചത് കാത്തി ലീഡേഴ്‌സായിരുന്നു. നാസയുടെ ഹ്യൂമന്‍ എക്‌സ്‌പ്ലൊറേഷന്‍ & ഓപ്പറേഷന്‍സ് മിഷന്‍ ഡയറക്ടറേറ്റ് മേധാവിയായി കാത്തി ലീഡേഴ്‌സിനെ നിയമിക്കുന്നതായി നാസയുടെ അഡ്മിനിസ്‌ട്രേറ്റര്‍ ജിം ബ്രിഡന്‍സ്റ്റിന്‍ ട്വീറ്ററിലൂടെയാണ് അറിയിച്ചത്.

2024-ലെ ചാന്ദ്രദൗത്യത്തിന്റെ തയ്യാറെടുപ്പുകളിലാണ് നാസയിപ്പോള്‍. സ്വകാര്യബഹികാരാശ വിമാനയാത്രാപദ്ധതി സംബന്ധിയായ കാര്യങ്ങള്‍ ഭംഗിയായി നിര്‍വ്വഹിക്കാന്‍ കാത്തിയ്ക്ക് കഴിഞ്ഞതായും 2024-ല്‍ ചന്ദ്രനിലേയ്ക്ക് ബഹിരാകാശയാത്രികരെ അയക്കുന്ന പദ്ധതിയ്ക്ക് നേതൃത്വം നല്കാന് കാത്തിയാണ് അനുയോജ്യയായ വ്യക്തിയെന്നും ബ്രിഡന്‍സ്റ്റിന്‍ കൂട്ടിച്ചേര്‍ത്തു.

28 വര്‍ഷത്തോളമായി നാസയില്‍ പ്രവര്‍ത്തിച്ചു വരുന്ന കാത്തി ലീഡേഴ്‌സ് കഴിഞ്ഞ ഏഴ് കൊല്ലമായി നാസയുടെ സ്വകാര്യ ബഹിരാകാശ യാത്രാപദ്ധതിയുടെ മേല്‍നോട്ടം നിര്‍വ്വഹിച്ചു വരികയാണ്. അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തില്‍ യാത്രക്കാരെ വിജയകരമായി എത്തിച്ച് രണ്ടാഴ്ച പൂര്‍ത്തിയാകുമ്പോഴാണ് പുതിയ ചുമതല കാത്തിയ്ക്ക് നല്‍കിയിരിക്കുന്നത്. 2024 ല്‍ ചന്ദ്രനില്‍ യാത്രികരെ എത്തിക്കുകയാവും കാത്തിയുടെ അടുത്ത പ്രധാന ദൗത്യം. വനിതാ ബഹികാരാകാശ യാത്രികരെ ബഹികാരാശത്തെത്തിക്കാനുള്ള നാസയുടെ പദ്ധതിയും നിലവിലുണ്ട്.

സ്‌പെയ്‌സ് എക്‌സും ബോയിങ്ങും സംയുക്തമായി ബഹിരാകാശവാഹനം വികസിപ്പിച്ചതും കാത്തിയുടെ നേതൃത്വത്തിലാണ്. സ്‌പെയ്‌സ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 സ്വകാര്യബഹിരാകാശവാഹനം മെയ് 30 ന് ചരിത്രം കുറിച്ച് യാത്ര തിരിക്കുകയും ചെയ്തു. ബരാക് ഒബാമയെ പ്രസിഡന്റായിരുന്ന സമയത്താണ് ബഹിരാകാശയാത്രയില്‍ സ്വകാര്യപങ്കാളിത്തം അനുവദിച്ച് തീരുമാനമായത്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് 2024 ല്‍ വനിതാ ബഹിരാകാശയാത്രിക ഉള്‍പ്പെടെ ചന്ദ്രയാത്രയുടെ കാര്യത്തില്‍ തീരുമാനമെടുത്തത്.

Top