ചൊവ്വയുടെ രഹസ്യങ്ങളിലേക്ക് ഇന്‍സൈറ്റ് പറന്നിറങ്ങി ; നാസയുടെ പുതിയ ദൗത്യം വിജയകരം

ന്യൂയോര്‍ക്ക്: നാസയുടെ പുതിയ ചൊവ്വാ ദൗത്യം വിജയകരം. നിഗൂഡമായ ചൊവ്വയുടെ രഹസ്യങ്ങളിലേക്ക് ഇന്‍സൈറ്റ് പറന്നിറങ്ങി. ചൊവ്വയുടെ അന്തരീക്ഷം താണ്ടിയുള്ള സാഹസികയാത്ര പിന്നിട്ടതിന് ശേഷമാണ് നാസയുടെ ഇന്‍സൈറ്റ് ദൗത്യം.

ഇനി രണ്ടു വര്‍ഷമാണ് ഇന്‍സൈറ്റിന്റെ പ്രവര്‍ത്തന കാലം. അമേരിക്കയുടെ 21ആമത്തെ ചൊവ്വാ ദൌത്യമാണിത്.

ഇന്നലെ രാത്രിയാണ് ഇന്‍സൈറ്റ് ചൊവ്വയുടെ ഉപരിതലത്തില്‍ തൊടുന്നത്. 360 കിലോഗ്രാമാണ് പേടകത്തിന്റെ ഭാരം. കഴിഞ്ഞ മെയില്‍ കാലിഫോര്‍ണിയയില്‍ നിന്നാണ് ഇന്‍സൈറ്റ് വിക്ഷേപിച്ചത്. ദൗത്യത്തിന്റെ ഏറ്റവും നിര്‍ണായകഘട്ടമാണ് ഇന്നലെ നടന്നിരിക്കുന്നത്.

മണിക്കൂറില്‍ 19800 കിലോമീറ്റര്‍ വേഗത്തില്‍ തുടങ്ങി പതിയെ വേഗംകുറച്ചു പാരഷൂട്ടിന്റെ സഹായത്താല്‍ ഉപരിതലത്തെ തൊട്ടു നില്‍ക്കുകയായിരുന്നു. പിന്നീട് ഈ ഘട്ടത്തെക്കുറിച്ച് നാസയ്ക്ക് ആശങ്കയുണ്ടായിരുന്നെങ്കിലും വിജയകരമായി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിരിക്കുന്നു. 1500 ഡിഗ്രി സെല്‍ഷ്യസ് ചൂട് ദൗത്യത്തില്‍ ഉടലെടുത്തെങ്കിലും താപകവചം ഇതിനെ നേരിട്ടു.

ആറ് മാസം കൊണ്ട് 301 മില്ല്യണ്‍ മൈല്‍ ദൂരം സഞ്ചരിച്ചാണ് പേടകം ലക്ഷ്യസ്ഥാനത്ത് എത്തിയിരിക്കുന്നത്. റോബോട്ടിക് വിരലുകള്‍, ഊഷ്മാവും കാറ്റും അളക്കാനുള്ള സെന്‍സറുകള്‍, നിരീക്ഷണ കാമറകള്‍, ചൊവ്വയുടെ പ്രതലത്തിലെ ഓരോ ഇളക്കങ്ങളും നിരീക്ഷിക്കാനുള്ള സീസ്‌മോ മീറ്റര്‍, സോളാര്‍ പാനല്‍ തുടങ്ങിയ സംവിധാനങ്ങള്‍ ഇന്‍സൈറ്റിലുണ്ട്. ഇതിനോടകം രണ്ട് ഡസനിലധികം പേടകങ്ങളാണ് മറ്റു രാജ്യങ്ങളും ചൊവ്വയിലേക്ക് അയച്ചിട്ടുള്ളത്.

Top