നാസയും, ജാക്സയും കൈകോര്‍ക്കുന്നു; മരം കൊണ്ട് നിര്‍മിക്കുന്ന ഉപഗ്രഹം; ‘ലിഗ്‌നോ സാറ്റ്’

പ്പാനിലെ ക്യോട്ടോ സര്‍വകലാശാലയില്‍ നിന്നുള്ള ഗവേഷക സംഘം നാസയ്ക്ക് വേണ്ടിയുള്ള ഒരു ഉപഗ്രഹ നിര്‍മ്മാണത്തിലാണ്. ജപ്പാന്‍ ബഹിരാകാശ ഏജന്‍സിയായ ജാക്സയും, യുഎസിന്റെ നാസയും ചേര്‍ന്ന് മുമ്പും വിവിധ ബഹിരാകാശ ദൗത്യങ്ങളില്‍ സഹകരിച്ചിട്ടുണ്ടെങ്കിലും ഈ പുതിയ ദൗത്യം അങ്ങനല്ല. ലോഹഭാഗങ്ങള്‍ കൊണ്ട് ഉപഗ്രഹങ്ങള്‍ നിര്‍മിക്കുന്നതിന് പകരം മരം കൊണ്ട് ഒരു ബഹിരാകാശ ഉപഗ്രഹം നിര്‍മിക്കാനാണ് ജാപ്പനീസ് ഗവേഷക സംഘത്തിന്റെ ശ്രമം.

അടുത്ത വേനലില്‍ ഉപഗ്രഹം വിക്ഷേപിക്കാനാണ് പദ്ധതി. ജാപ്പനീസ് ബഹിരാകാശ ഏജന്‍സിയായ ജാക്സയും, നാസയും സഹകരിച്ചാണ് ഈ ദൗത്യം. ജാക്സയുടെ ജെ-ക്യൂബ് പ്രോഗ്രാമിന്റെ ഭാഗമായാണ് ഈ പദ്ധതി. ബഹിരാകാശ സാങ്കേതിക വിദ്യയില്‍ മരം ഉപയോഗിക്കുന്നത് അസാധാരണമാണ്. എന്നാല്‍ ബഹിരാകാശ സാഹചര്യങ്ങളില്‍ മരം ഉപയോഗിക്കുന്നതുകൊണ്ട് ചില സവിശേഷ നേട്ടങ്ങളുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നത്.

‘ഭൂമിയില്‍ മരം ഉപയോഗിക്കുമ്പോള്‍ അത് കത്തുക, ചീഞ്ഞഴുകുക, രൂപമാറ്റം സംഭവിക്കുക തുടങ്ങിയ പ്രശ്നങ്ങള്‍ നേരിടും. എന്നാല്‍ ബഹിരാകാശത്ത് അങ്ങനെയുള്ള പ്രശ്നങ്ങളില്ല. കാരണം ബഹിരാകാശത്ത് ഓക്സിജനില്ല. അത് കത്തില്ല, അതുകൊണ്ടു തന്നെ ജീവനുള്ള ഒന്നും മരത്തില്‍ നിലനില്‍ക്കില്ല. അതുകൊണ്ട് അവ നശിക്കില്ല’, ക്യോട്ടോ സര്‍വകലാശാലയിലെ ഗവേഷകനായ കോജി മുറാട്ട പറയുന്നു. അലൂമിനിയത്തെ പോലെ ശക്തി കൂടുതലും ഭാരം കുറവും എന്ന സവിശേഷതയും മരത്തിനുണ്ട്. മാത്രവുമല്ല മരം കൊണ്ടുള്ള ഉപഗ്രഹത്തിന്റെ ദൗത്യം പൂര്‍ത്തിയായതിന് ശേഷം അവ അന്തരീക്ഷത്തില്‍ സുരക്ഷിതമായി കത്തിച്ച് നശിപ്പിക്കാം. ബഹിരാകാശ മാലിന്യങ്ങള്‍ക്കിടയാക്കില്ല.

‘ലിഗ്‌നോ സാറ്റ്’ എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. മഗ്‌നോലിയ എന്ന മരം ഉപയോഗിച്ചാണ് ഇതിന്റെ നിര്‍മിതി. ആറ് മാസക്കാലത്തോളം ഗവേഷകര്‍ ലിഗ്‌നോ സാറ്റിനെ നിരീക്ഷിക്കും. ബഹിരാകാശത്തെ താപ വ്യതിയാനങ്ങളോട് ഉപഗ്രഹം എങ്ങനെ പ്രതികരിക്കുന്നു എന്നാവും മുഖ്യമായും പരിശോധിക്കുക. -150 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 150 ഡിഗ്രി സെല്‍ഷ്യസ് വരെ താപനിലയില്‍ ഉപഗ്രഹത്തിന്റെ ബലത്തിന് കാര്യമായ കുറവൊന്നും സംഭവിക്കുന്നില്ലെന്ന് വിവിധ പരീക്ഷണത്തിലൂടെ ശാസ്ത്രജ്ഞര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഭൂമിക്ക് പുറത്തേക്ക് ഉപഗ്രഹം എത്തുമ്പോള്‍ ഈ വലിയ താപ വ്യതിയാനങ്ങള്‍ 90 മിനിറ്റ് ഇടവേളകളിലാണ് സംഭവിക്കുക. അതിവേഗമുള്ള ഈ താപ വ്യതിയാനം എങ്ങനെ മരം കൊണ്ട് നിര്‍മിച്ച ഒരു ഉപഗ്രഹം നേരിടുമെന്ന് ഇപ്പോള്‍ വ്യക്തമല്ല. അക്കാര്യമാണ് മുഖ്യമായും പരീക്ഷണ വിക്ഷേപണ ദൗത്യത്തില്‍ പരിശോധിക്കുക.

Top