ചൊവ്വയിൽ ചരിത്രമെഴുതി നാസ; ആദ്യമായി ഹെലികോപ്റ്റർ പറത്തി

ദ്യമായി ചൊവ്വയിൽ  ഹെലികോപ്റ്റർ പറത്തി ചരിത്രമെഴുതിയിരിക്കുകയാണ് നാസ. ഈ നേട്ടത്തിലൂടെ അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ്. നാസയുടെ ഇന്‍ജെന്യൂയിറ്റി  ഹെലികോപ്റ്ററാണ് ചൊവ്വയിൽ വിജയകരമായി പറന്നത്. മാഴ്സ് 2020 ദൗത്യത്തിന്‍റെ ഭാഗമായ ഹെലികോപ്റ്ററാണ് പരീക്ഷണ പറക്കൽ വിജയകരമായി പൂർത്തിയാക്കിത്.

1.8 കിലോഗ്രാം ഭാരവും 4 ചിറകുകളും 2 റോട്ടറുകളുമുള്ള ഇന്‍ജെന്യൂയിറ്റി കഴിഞ്ഞ ഫെബ്രുവരി 18നാണ് പെഴ്‌സിവീയറൻസിൽ ചൊവ്വയിലെത്തിച്ചത്. ഭാവി ദൗത്യങ്ങൾക്ക് മുതൽക്കൂട്ടാകുന്ന പരീക്ഷണമാണ് വിജയിച്ചിരിക്കുന്നത്. റൈറ്റ് സഹോദരന്മാർ ആദ്യ വിമാനം പറത്തി ചരിത്രം സൃഷ്ടിച്ചതിന് സമാന നിമിഷമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ ഇന്‍ജെന്യൂയിറ്റിയുടെ നേട്ടത്തെ വിലയിരുത്തിയത്.

സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ ഹെലികോപ്റ്റര്‍ നേരത്തെ നിശ്ചയിച്ച പ്രകാരം മൂന്ന് മീറ്റര്‍ ഉയരത്തിലാണ് പറന്നുയര്‍ന്നത്. 30 സെക്കന്റ് നേരം ഉയര്‍ന്നു നിന്ന ഹെലികോപ്റ്റര്‍ പിന്നീട് താഴെ സുരക്ഷിതമായിറക്കി. ആകെ 39.1 സെക്കന്റ് നേരമാണ് ഇന്‍ജെന്യൂയിറ്റിയുടെ ആദ്യ പറക്കല്‍ നീണ്ടുനിന്നത്.

ഭൂമിയുടെ അന്തരീക്ഷത്തെക്കാൾ വളരെ വ്യത്യസ്തമാണ് ചൊവ്വയുടെ അന്തരീക്ഷം. അതുകൊണ്ട് തന്നെ ഇവിടെ ഹെലികോപ്ടർ പറത്തൽ എത്രത്തോളം വിജയകരമാകുമെന്ന കാത്തിരിപ്പിലായിരുന്നു ശാസ്ത്രലോകം.

Top