കൊറോണ അഴിഞ്ഞാടി, മലിനീകരണം കുറഞ്ഞു; ചൈന ‘ശുദ്ധവായു’ ശ്വസിക്കുന്ന ചിത്രങ്ങളുമായി നാസ

ചൈനയ്ക്ക് മേലുള്ള മലിനീകരണം വന്‍തോതില്‍ കുറഞ്ഞതിന്റെ സാറ്റലൈറ്റ് ചിത്രങ്ങളുമായി നാസ. കൊറോണാവൈറസ് പകര്‍ച്ചവ്യാധിയായി പടരുന്ന സാഹചര്യത്തില്‍ സാമ്പത്തിക മാന്ദ്യത്തിലേക്ക് കാര്യങ്ങള്‍ നീങ്ങിയതാണ് ഇതിന് ഭാഗികമായി വഴിവെച്ചതെന്ന് ബഹിരാകാശ ഏജന്‍സി പറയുന്നു.

വുഹാന് സമീപമാണ് നൈട്രജന്‍ ഡയോക്‌സൈഡ് മൂലമുള്ള മലിനീകരണം കുറഞ്ഞതായി ആദ്യം ശ്രദ്ധിച്ചത്. പകര്‍ച്ചവ്യാധിയുടെ പ്രഭവകേന്ദ്രമാണ് വുഹാന്‍. പിന്നീട് ചൈനയില്‍ എമ്പാടും ഈ അവസ്ഥ കണ്ടതായി നാസ ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി. നാസയുടെയും, യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി സാറ്റലൈറ്റുകളും ശേഖരിച്ച വിവരങ്ങള്‍ പരിശോധിച്ചാണ് ഈ അനുമാനം.

ജനുവരി 1 മുതല്‍ 20 വരെയാണ് നൈട്രജന്‍ ഡയോക്‌സൈഡിന്റെ പ്രഭാവം കുറഞ്ഞ് തുടങ്ങിയത്. വുഹാനിലും മറ്റ് നഗരങ്ങളിലും ക്വാറന്റൈന്‍ പ്രഖ്യാപിക്കുന്നത് മുന്‍പായിരുന്നു ഇത്. കൊറോണാവൈറസ് പടര്‍ന്നത് മൂലം സാമ്പത്തിക രംഗം തളര്‍ച്ച നേരിടുന്നതാണ് ഒരു പരിധി വരെ ഇതിന് കാരണമെന്ന് നാസയുടെ എര്‍ത്ത് ഒബ്‌സര്‍വേറ്ററി വ്യക്തമാക്കി.

വൈറസിനെ പിടിച്ചുനിര്‍ത്താന്‍ ചൈന കടുത്ത നിലപാടുകളാണ് പുറത്തെടുത്തിരിക്കുന്നത്. ആളുകളുടെ യാത്രകള്‍ വിലക്കിയതിന് പുറമെ രാജ്യത്തെ ഫാക്ടറികളുടെ പ്രവര്‍ത്തനം തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചും ഹുബെയ് പ്രവിശ്യയെ ക്വാറന്റൈന്‍ ചെയ്തുമാണ് പകര്‍ച്ചവ്യാധിയെ പിടിച്ചുനിര്‍ത്താന്‍ ചൈന ശ്രമിച്ചത്. പരമ്പരാഗത ഇന്ധനം ഉപയോഗിക്കുന്ന വാഹനങ്ങളില്‍ നിന്നും, പവര്‍ പ്ലാന്റുകളില്‍ നിന്നുമാണ് നൈട്രജന്‍ ഡയോക്‌സൈഡ് പുറംതള്ളുന്നത്.

ചൈനയുടെ കാര്‍ബണ്‍ ബഹിര്‍ഗമനത്തില്‍ 100 മില്ല്യണ്‍ മെട്രിക് ടണ്‍ കുറവ് വന്നതായി മറ്റൊരു പഠനവും ചൂണ്ടിക്കാണിച്ചു. കൊറോണ പടര്‍ന്നതോടെ കല്‍ക്കരി, ഇന്ധന ഉപയോഗത്തിലുണ്ടായ ഇടിവാണ് ഇതിന് കാരണമായത്.

Top