ചൊവ്വയിൽ വിജയം ആവർത്തിച്ച് നാസയുടെ ഹെലികോപ്റ്റർ ഇൻജെന്യൂറ്റി

ന്യൂയോർക്ക്: ചൊവ്വയിൽ വിജയം ആവർത്തിച്ച് നാസയുടെ ഹെലികോപ്റ്റർ ഇൻജെന്യൂറ്റി. തുടർച്ചയായ മൂന്നാം പരീക്ഷണ പറക്കലാണ് വിജയകരമായി ഇൻജെന്യൂറ്റി പൂർത്തിയാക്കിയത്. ഗുരുത്വാകർഷണ പ്രശ്‌നങ്ങളേയും ശക്തമായ കാറ്റിനേയും അതിജീവിച്ച് ചൊവ്വയിൽ ഹെലികോപ്റ്ററുകൾ പറത്താനാകുമോ എന്ന പരീക്ഷണമാണ് വിജയം കണ്ടിരിക്കുന്നത്. അൻപത് മീറ്റർ ഉയരത്തിലാണ് ഇൻജെന്യൂറ്റി പറന്നത്.

ആദ്യഘട്ടത്തിൽ 30 സെന്റീമീറ്റർ മാത്രം ഉയരത്തിൽ നടത്തിയ പരീക്ഷണം അഞ്ചു മീറ്ററിലേക്കും തുടർന്ന് അമ്പത് മീറ്ററിലേയ്ക്കും ഉയർത്തി. ആകെ 80 സെക്കന്റ് സമയമാണ് പരീക്ഷണത്തിനായി ഉപയോഗിച്ചത്. ഭൂമിയുടെ അന്തരീക്ഷവായുവിന്റെ വെറും ഒരു ശതമാനം മാത്രം സാന്ദ്രതയിലാണ് ചൊവ്വയിൽ പറക്കേണ്ടതെന്ന വെല്ലുവിളിയാണ് വിജയം കാണുന്നത്. ഒരു ഫുട്‌ബോൾ മൈതാനത്തിന്റെ പകുതി നീളത്തോളം ഉയരത്തിലേക്ക് ഹെലികോപ്റ്റർ പറത്താനായത് വൻ നേട്ടമായാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്.

ആദ്യ ഘട്ട പറക്കൽ കഴിഞ്ഞ തിങ്കളാഴ്ചയും രണ്ടാം ഘട്ടം വ്യാഴാഴ്ചയും നടത്തിയശേഷമാണ് ഇന്നലെ മൂന്നാം ഘട്ട പരീക്ഷണം നാസ നടത്തി വിജയം ആവർത്തിച്ചത്. ആകെ 1.8 കിലോഗ്രാമാണ് ഇൻജെന്യൂറ്റിയുടെ ഭാരം. ചൊവ്വയിലിറങ്ങിയിരിക്കുന്ന പെർസെവെറൻസ് എന്ന പര്യവേഷണ വാഹത്തിന്റെ ഭാഗമായാണ് ഇൻജെന്യൂറ്റി ചൊവ്വയിലെത്തിയത്. ഡ്രോൺ രൂപത്തിലാണ് ഇൻജെന്യൂറ്റിയുടെ രൂപ കൽപ്പന. ഭാവിയിൽ മനുഷ്യൻ പറത്തുന്ന ഹെലികോപ്റ്ററിന്റെ സാധ്യതയാണ് നാസ പരീക്ഷിക്കുന്നത്.

Top