ജെയിംസ് വെബ് ടെലസ്‌കോപ്പ് പകർത്തിയ ആദ്യചിത്രം പുറത്തുവിട്ട് നാസ

ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനിയിൽ നിന്നുള്ള ആദ്യ പൂർണ ചിത്രം നാസ പുറത്തുവിട്ടു. പ്രപഞ്ചത്തിന്റെ ഏറ്റവും വ്യക്തവും വിശദമായതുമായ ഇൻഫ്രാറെഡ് വീക്ഷണമാണ് ഇതെന്ന് ശാസ്ത്രജ്ഞർ പറഞ്ഞു. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനാണ് ചിത്രം പുറത്ത് വിട്ടത്.

ജെയിംസ് വെബ് പകർത്തിയ താരപഥത്തിന്റെ വ്യക്തമായ ആദ്യചിത്രമാണ് നാസ പുറത്തുവിട്ടത്. രാജ്യത്തിന് അഭിമാനമൂഹൂർത്തമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. പന്ത്രണ്ടരമണിക്കൂറുകൊണ്ടാണ് ചിത്രങ്ങൾ പകർത്തിയത്. കൂടുതൽ ചിത്രങ്ങളും വിശദാംശങ്ങളും നാസ ഇന്ന് രാത്രിപുറത്തുവിടും. എസ്എംഎ സിഎസ് 0723 എന്ന താരാപഥത്തിന്റെ ചിത്രമാണ് ദൂരദർശിനി ആദ്യം പകർത്തിയത്.

ദൗത്യത്തിലേക്ക് വിജയകരമായ ഒരു ചുവട് കൂടി അടുത്തതായി നാസ പ്രതികരിച്ചു. . ഉയർന്ന റെസല്യൂഷൻ ഇൻഫ്രാറെഡ് ഉപകരണങ്ങൾ ഉപയോഗിച്ച് 1350 കോടി വർഷങ്ങൾ പിന്നോട്ട് പോയി ഗാലക്സികളുടെ ആദ്യ തലമുറയെ പറ്റിയാണ് പഠിക്കുകയാണ് ദൗത്യം ലക്ഷ്യമിടുന്നത്.

ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും ചെലവേറിയ ശാസ്ത്ര പ്ലാറ്റ്‌ഫോമുകളിൽ ഒന്നാണ്.കഴിഞ്ഞ വർഷം ഡിസംബർ 25 ന് വിക്ഷേപിച്ച ജെയിംസ് വെബ്, ഹബിൾ ബഹിരാകാശ ദൂരദർശിനിയുടെ പിൻഗാമിയായാണ് അറിയപ്പെടുന്നത്. വിദൂര ഗ്രഹങ്ങളെ അവയുടെ ഉത്ഭവം, പരിണാമം, വാസയോഗ്യത എന്നിവ നിർണ്ണയിക്കുന്നതിനുള്ള പഠനവും ദൂരദർശിനിയുടെ ദൗത്യത്തിൽപ്പെടുന്നു.

Top