ചന്ദ്രന്‍ വഴി ചൊവ്വയിലേയ്ക്ക്; മനുഷ്യനും റോബോര്‍ട്ടുകളും വീണ്ടും ബഹിരാകാശത്തേക്ക്

വാഷിംഗ്ടണ്‍: ചൊവ്വയിലേയ്ക്ക് മനുഷ്യനെയും റോബോര്‍ട്ടുകളെയും അയയ്ക്കാനുള്ള പരിശ്രമം തുടങ്ങിയതായി അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. യുഎസ് കോണ്‍ഗ്രസിനെയും നാസ ഇക്കാര്യങ്ങള്‍ അറിയിച്ചു. വിവിധ ഗ്രഹങ്ങളെക്കുറിച്ചുള്ള പഠനങ്ങളില്‍ വിപ്ലവകരമായ ചുവടുവയ്പ്പുകളാണ് ഇക്കാലയളവില്‍ നാസ നടത്തിക്കൊണ്ടിരിക്കുന്നത്. ഭൂമിയിലെയും ബഹിരാകാശത്തെയും വിവിധങ്ങളായ കാര്യങ്ങള്‍ പഠിക്കുന്നതിനു വേണ്ടി നാഷണല്‍ സ്‌പെയ്‌സ് എക്‌പ്ലോറേഷന്‍ കാംപയിന്‍ എന്ന പദ്ധതി അമേരിക്ക ആരംഭിച്ചു കഴിഞ്ഞു.

ആദ്യം ചന്ദ്രനില്‍ അമേരിക്കന്‍ ശാസ്ത്രജ്ഞരെ ഇറക്കി ചൊവ്വാ ദൗത്യത്തിന് എത്ര ദൂരം മുന്നോട്ട് പോകണം എന്ന് പഠനം നടത്തും. 2020 മുതല്‍ 2023 വരെ ഘട്ടം ഘട്ടമായി ഈ രംഗത്ത് പരീക്ഷണങ്ങള്‍ നടക്കാനാണ് ആലോചിക്കുന്നത്. സാങ്കേതിക സ്ഥിതി മെച്ചപ്പെടുത്തുകയാണ് ആദ്യഘട്ടത്തില്‍ നടത്തുന്നത്. ടെക്‌സാസ്, അലബാമ തുടങ്ങിയ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഓറിയോണ്‍ പേടകത്തിന്റെ സഹായത്തോടെ സജ്ജീകരണ പ്രവര്‍ത്തനങ്ങളാണ് ആദ്യം നടത്താന്‍ ഉദ്ദേശിക്കുന്നത്. 2022ല്‍ ഫ്‌ളോറിഡയില്‍ നിന്നും ഊര്‍ജ്ജം അടക്കമുള്ള അടിസ്ഥാന കാര്യങ്ങള്‍ പ്രത്യേകം എത്തിക്കും.

ചന്ദ്രോപരിതലത്തില്‍ നിന്നു കൊണ്ടാണ് ചൊവ്വാ ദൗത്യത്തേലേയ്ക്ക് നാസ പോകുക. പരിശീലന കളരി ഇവിടെ ഉണ്ടാക്കുകയെന്നതാണ് ആദ്യ ഘട്ട പ്രവര്‍ത്തനത്തിന്റെ പ്രാധാന ലക്ഷ്യം. 2020ഓടെ ചന്ദ്രനിലേക്കുള്ള ദൗത്യം ആരംഭിക്കും.

2030ല്‍ ചൊവ്വാ ദൗത്യം ആരംഭിക്കും. ഇതിനുള്ള എല്ലാ പ്രവര്‍ത്തനങ്ങളും നടക്കാന്‍ പോകുന്നത് ചന്ദ്രനില്‍ നിന്നാണ്. ടെസ് എന്ന അമേരിക്കന്‍ പര്യവേഷക പേടകം കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ ചൊവ്വയില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനവും അന്തരീക്ഷത്തെക്കുറിച്ചുള്ള പഠനവുമാണ് മുഖ്യ ലക്ഷ്യം. ഇത് മനുഷ്യനെയും റോബോര്‍ട്ടുകളെയും ചൊവ്വയിലേക്ക് എത്തിക്കുന്ന വരുംകാല പദ്ധതികള്‍ക്ക് പ്രയോജനകരമാകും.

Top