വികസനോന്മുഖ സൗഹൃദ ബജറ്റ്; അരുണ്‍ ജയ്റ്റ്‌ലിയെ പുകഴ്ത്തി പ്രധാനമന്ത്രി

pm-modi

ന്യൂഡല്‍ഹി: ബജറ്റവതരണത്തില്‍ ധനമന്ത്രിയെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാ മേഖലകളോടും സൗഹൃദഭാവം പുലര്‍ത്തുന്ന ബജറ്റാണെന്നും കര്‍ഷക ക്ഷേമത്തിന്റെ പേരില്‍ അഭിനന്ദിക്കപ്പെടേണ്ട ഒന്നാണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും വളരെയധികം പ്രയോജനപ്പെടുന്ന ബജറ്റാണിതെന്നും മോദി അറിയിച്ചു.

‘ഇത് കര്‍ഷക സൗഹൃദ ബജറ്റാണ്, സാധാരണ പൗരന്‍മാരെ ആശ്ലേഷിക്കുന്നതാണ്, വ്യവസായ-പരിസ്ഥിതി സൗഹൃദ ബജറ്റാണ്, എല്ലാറ്റിലുമുപരി വികസനോന്മുഖ ബജറ്റാണ്. സാധാരണക്കാരുടെ ജീവിത ഭാരങ്ങള്‍ ലഘൂകരിക്കുന്ന ബജറ്റു കൂടിയാണിതെന്നും’ മോദി പറഞ്ഞു.

വ്യവസായങ്ങള്‍ തുടങ്ങുന്നത് എളുപ്പമാക്കുന്നതിനൊപ്പം സാധാരണക്കാരുടെ ജീവിതവും എളുപ്പമാക്കുകയാണ് തന്റെ സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മോദി പറഞ്ഞു. ചെറുകിട വ്യവസായ മേഖലയുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച പദ്ധതികളുടെ പേരില്‍ ധനമന്ത്രിയെ അഭിനന്ദിച്ചേ മതിയാകൂ. ഇത് കര്‍ഷകര്‍ക്ക് വളരെയധികം സഹായകമാകുമെന്നും മോദി പറഞ്ഞു.

കര്‍ഷകക്ഷേമത്തിലും ഗ്രാമീണ മേഖലയുടെ വളര്‍ച്ചയിലും ഊന്നുന്നതിനൊപ്പം, സാമ്പത്തിക വളര്‍ച്ച കൂടി ഉറപ്പു നല്‍കുന്നതാണ് ബജറ്റെന്ന് മോദി പറഞ്ഞു. എല്ലാ മേഖലകള്‍ക്കും അര്‍ഹിക്കുന്ന പരിഗണന നല്‍കന്‍ ബജറ്റിന് സാധിച്ചിട്ടുണ്ട്. കാര്‍ഷിക മേഖല മുതല്‍ അടിസ്ഥാന സൗകര്യ വികസനം വരെ ഈ ബജറ്റിന്റെ ഗുണഭോക്താക്കളാണെന്നും മോദി ചൂണ്ടിക്കാട്ടി.

ജനങ്ങളുടെ ആരോഗ്യകാര്യങ്ങളില്‍ ബജറ്റ് പുലര്‍ത്തുന്ന സവിശേഷ ശ്രദ്ധയെയും മോദി പരാമര്‍ശിച്ചു. രാജ്യത്തെ 10 കോടി കുടുംബങ്ങള്‍ക്ക് സഹായമാകുന്ന പദ്ധതിയാണ് ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു കുടുംബത്തിന് അഞ്ച് ലക്ഷം രൂപയുടെ വരെ സഹായം ലഭിക്കും. ലോകത്തിലെ തന്നെ ഏറ്റവും വലിയ ആരോഗ്യരക്ഷാ പദ്ധതിയാണിതെന്നും മോദി പറഞ്ഞു.

Top