പ്രധാനമന്ത്രിയായി മോദി വീണ്ടും അധികാരമേറ്റു; സത്യപ്രതിജ്ഞ ദൈവനാമത്തില്‍

ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രധാനമന്ത്രിയായി നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്തു. വൈകുന്നേരം ഏഴ് മണിക്ക് രാഷട്രപതി ഭവനില്‍ നടന്ന ചടങ്ങിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ സത്യപ്രതിജ്ഞ ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ആദ്യമായി സത്യപ്രതിജ്ഞ ചെയ്തത്. രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.

പ്രധാനമന്ത്രിയായി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ മന്ത്രിസഭയിലെ രണ്ടാമനായി രാജ്‌നാഥ് സിംഗ് സത്യപ്രതിജ്ഞ ചെയ്തു. ബിജെപിയെ തെരഞ്ഞെടുപ്പ് രാഷ്ട്രീയ വിജയങ്ങളിലേക്ക് നയിച്ച ദേശീയ അധ്യക്ഷന്‍ അമിത് ഷാ യും ഒന്നാം മോദി സര്‍ക്കാരില്‍ നിര്‍ണായക ഘടകമായി. പ്രതിരോധ മന്ത്രാലയത്തിന്റെ ചുമതല വഹിച്ച നിര്‍മല സീതാരാമനും സത്യപ്രതിജ്ഞ ചെയ്തു.

എന്‍ഡിഎ ഘടകകക്ഷിയായ ലോക് ജനശക്തി പാര്‍ട്ടിയുടെ അംഗമായി രാംവിലാസ് പാസ്വാന്‍ മോദി സര്‍ക്കാരില്‍ സത്യപ്രതിജ്ഞ ചെയ്തു. അദ്ദേഹം ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നില്ല.നരേന്ദ്ര സിംഗ് തോമറും രവിശങ്കര്‍ പ്രസാദും അകാലിദള്‍ പ്രതിനിധിയായി ഹര്‍സിമ്രത് കൗറും സത്യപ്രതിജ്ഞ ചെയ്തു.

രാഷ്ട്രപതി ഭവന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സത്യപ്രതിജ്ഞ ചടങ്ങിനാണ് രാജ്യം ഇന്ന് സാക്ഷ്യം വഹിച്ചത്. ബിംസ്റ്റെക് രാജ്യത്തലവന്‍മാര്‍ ഉള്‍പ്പെടെ പ്രത്യേകം ക്ഷണിക്കപ്പെട്ടവരടക്കം, പതിനായിരത്തോളം പേരെ സാക്ഷിനിര്‍ത്തിയാണ് നരേന്ദ്രമോദി സത്യവാചകം ചൊല്ലി അധികാരമേറ്റത്.

ബിംസ്റ്റെക് രാജ്യങ്ങളായ ബംഗ്ലാദേശ്, നേപ്പാള്‍, ഭൂട്ടാന്‍, ശ്രീലങ്ക, തായ്ലന്റ്, മ്യാന്‍മാര്‍ എന്നിവിടങ്ങളിലേയും മൗറീഷ്യസ്, കിര്‍ഗിസ്താന്‍ എന്നീ രാജ്യങ്ങളിലെയും രാഷ്ട്രതലവന്‍മാര്‍ ചടങ്ങില്‍ മുഖ്യാതിഥികളായിരുന്നു. എന്‍ഡിഎ നേതാക്കളെ കൂടാതെ പ്രതിപക്ഷ നിരയില്‍ നിന്ന് രാഹുല്‍ ഗാന്ധി, സോണിയഗാന്ധി, മന്‍മോഹന്‍സിംഗ്, അരവിന്ദ് കെജ്രിവാള്‍, എച്ച്.ഡി കുമാരസ്വാമി, എന്നിവരും സത്യപ്രതിജ്ഞാചടങ്ങിന് എത്തിയിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്‍, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ഡി എം കെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍, എന്നിവര്‍ ചടങ്ങില്‍ നിന്ന് വിട്ടു നില്‍ക്കും. മുകേഷ് അംബാനി അടക്കമുള്ള വ്യവസായ പ്രമുഖരും രജനീകാന്ത് അടക്കമുള്ള സിനിമാതാരങ്ങളും ചടങ്ങിന് എത്തി. ചടങ്ങിന് മുന്പായി രാവിലെ നരേന്ദ്രമോദി രാജ്ഘട്ടിലെത്തി മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. തുടര്‍ന്ന് മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയ്ക്കും രക്തസാക്ഷിത്വം വരിച്ച ധീരജവാന്‍മാരുടെ സ്മാരകത്തിലും മോദി പുഷ്പചക്രം അര്‍പ്പിച്ചു.

രണ്ട് ക്യാബിനറ്റ് പദവി ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ജെഡിയു മന്ത്രിസഭയില്‍ നിന്ന് വിട്ടുനിന്നു. 24 ക്യാബിനറ്റ് മന്ത്രിമാരും 10 സ്വതന്ത്ര ചുമതലയുള്ള മന്ത്രിമാരും 12 സഹമന്ത്രിമാരും അടക്കം 46 അംഗമന്ത്രിസഭയായിരുന്നു ഒന്നാംമോദി സര്‍ക്കാരില്‍ ഉണ്ടായിരുന്നത്.

Top