രണ്ടാം മോദി സര്‍ക്കാര്‍ അധികാരമേറ്റു; കേന്ദ്രമന്ത്രിമാര്‍ ഇവര്‍

ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രധാനമന്ത്രിയായി നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്തു. വൈകുന്നേരം ഏഴ് മണിക്ക് രാഷട്രപതി ഭവനില്‍ നടന്ന ചടങ്ങിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ സത്യപ്രതിജ്ഞ ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ആദ്യമായി സത്യപ്രതിജ്ഞ ചെയ്തത്. രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.

വ്യാഴാഴ്ച 7മണിക്ക് തുടങ്ങിയ ചടങ്ങ് 9മണിക്കാണ് അവസാനിച്ചത്. അമിത്ഷാ മന്ത്രിസഭയില്‍ മൂന്നാമനായി സത്യപ്രതിജ്ഞ ചെയ്തു. ആദ്യമായാണ് അമിത്ഷാ മന്ത്രിസഭയിലെത്തുന്നത്. നിതിന്‍ ഗഡ്കരി നാലാമനായി സത്യപ്രതിജ്ഞ ചെയ്തു. മോദി മന്ത്രിസഭയിലെ ആര്‍എസ് എസ് മുഖമാണ് ഗഡ്കരി. മഹാരാഷ്ട്രയില്‍ നിന്ന് രാജ്യസഭയിലെത്തിയ വി മുരളീധരനാണ് കേരളത്തില്‍ നിന്നുള്ള ഏക മന്ത്രിസഭാംഗം,

സദാനന്ദ ഗൗഡ, നിര്‍മ്മല സീതാരാമന്‍, എല്‍ജെപി നേതാവ് രാം വിലാസ് പസ്വാന്‍, നരേന്ദ്രസിങ് തോമാര്‍, രവിശങ്കര്‍ പ്രസാദ്, എസ്എഡി നേതാവ് ഹര്‍സിമ്രത് കൗര്‍, തവാര്‍ ചന്ദ് ഗെഹ്ലോട്ട്, എസ് ജയശങ്കര്‍, രമേശ് പൊഖ്രിയാല്‍,മുന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി അര്‍ജുന്‍ മുണ്ഡ, സ്മൃതി ഇറാനി, പ്രകാശ് ജാവദേക്കര്‍, ഡോ ഹര്‍ഷ് വര്‍ധന്‍, പീയുഷ് ഗോയല്‍, ധര്‍മേന്ദ്ര പ്രധാന്‍, മുക്താര്‍അബ്ബാസ് നഖ്വി, പ്രഹ്ളാദ് ജോഷി, ഡോ മഹേന്ദ്രനാഥ് പാണ്ഡെ, ശിവസേനയെ പ്രതിനിധീകരിച്ച്അരവിന്ദ് സാവന്ത്, ഗിരിരാജ് സിങ്, ഗജേന്ദ്ര സിങ് ശെഖാവത്ത് എന്നിവര്‍ കേന്ദ്രമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.

ഫഗ്ഗാന്‍ സിങ് കുലസ്‌തേ, അശ്വിനി കുമാര്‍ ചൗബേ, അര്‍ജ്ജുന്‍ രാം മേഘ്വാള്‍, വികെ സിങ്, കൃഷ്ണ പാല്‍ ഗുര്‍ജാര്‍, രാവുസാഹേബ് ദാന്‍വേ, ജി കൃഷ്ണ റെഡ്ഡി, പര്‍ഷോത്തം രുപാല, രാംദാസ് അത്താവാല, സാധ്വി നിരഞ്ജന്‍ ജ്യോതി, ബാബുല്‍ സുപ്രിയോ, സഞ്ജീവ് ബല്‍യാന്‍, സഞ്ജയ് ശംറാവു, അനുരാഗ് താക്കൂര്‍, സുരേഷ് അംഗാഡി, നിത്യാനന്ദ റായ്, റത്തന്‍ ലാല്‍ കട്ടാരിയ, വി മുരളീധരന്‍, രേണുക സിങ് സറൂത്ത, സോം പ്രകാശ്, രാമേശവര്‍ തേലി, പ്രതാപ് ചന്ദ്ര സാരംഗി, കൈലാഷ് ചൗധരി,ദേബശ്രീ ചൗധരി എന്നിവര്‍ സഹമന്ത്രിമാരായി ചുമതലയേറ്റു.

സന്തോഷ് ഗാങ്വാര്‍, റാവു ഇന്ദ്രജിത്ത് സിങ്, ശ്രീപാദ് നായിക്, ഡോ ജിതേന്ദ്രസിങ്, കിരണ്‍ റിജിജു, പ്രഹ്ളാദ് സിങ് പട്ടേല്‍, ആര്‍കെ സിങ്, ഹര്‍ദീപ് സിങ്, മന്‍സുഖ് മാണ്ഡവ്യ എന്നിവര്‍ സ്വതന്ത്രചുമതലയുള്ള മന്ത്രിമാരായി സത്യപ്രതിജ്ഞ ചൊല്ലി.

രാഷ്ട്രപതി ഭവന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സത്യപ്രതിജ്ഞ ചടങ്ങിനാണ് രാജ്യം ഇന്ന് സാക്ഷ്യം വഹിച്ചത്. ബിംസ്റ്റെക് രാജ്യത്തലവന്‍മാര്‍ ഉള്‍പ്പെടെ പ്രത്യേകം ക്ഷണിക്കപ്പെട്ടവരടക്കം, എണ്ണായിരത്തോളം പേരെ സാക്ഷിനിര്‍ത്തിയാണ് നരേന്ദ്രമോദി സത്യവാചകം ചൊല്ലി അധികാരമേറ്റത്.

ബിംസ്റ്റെക് രാജ്യങ്ങളായ ബംഗ്ലാദേശ്, നേപ്പാള്‍, ഭൂട്ടാന്‍, ശ്രീലങ്ക, തായ്‌ലന്റ്, മ്യാന്‍മാര്‍ എന്നിവിടങ്ങളിലേയും മൗറീഷ്യസ്, കിര്‍ഗിസ്താന്‍ എന്നീ രാജ്യങ്ങളിലെയും രാഷ്ട്രതലവന്‍മാര്‍ ചടങ്ങില്‍ മുഖ്യാതിഥികളായിരുന്നു. എന്‍ഡിഎ നേതാക്കളെ കൂടാതെ പ്രതിപക്ഷ നിരയില്‍ നിന്ന് രാഹുല്‍ ഗാന്ധി, സോണിയഗാന്ധി, മന്‍മോഹന്‍സിംഗ്, അരവിന്ദ് കെജ്രിവാള്‍, എച്ച്.ഡി കുമാരസ്വാമി, എന്നിവരും സത്യപ്രതിജ്ഞാചടങ്ങിന് എത്തിയിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്‍, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ഡി എം കെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍, എന്നിവര്‍ ചടങ്ങില്‍ നിന്ന് വിട്ടു നിന്നു. മുകേഷ് അംബാനി അടക്കമുള്ള വ്യവസായ പ്രമുഖരും രജനീകാന്ത് അടക്കമുള്ള സിനിമാതാരങ്ങളും ചടങ്ങിന് എത്തി. ചടങ്ങിന് മുമ്പായി രാവിലെ നരേന്ദ്രമോദി രാജ്ഘട്ടിലെത്തി മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. തുടര്‍ന്ന് മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയ്ക്കും രക്തസാക്ഷിത്വം വരിച്ച ധീരജവാന്‍മാരുടെ സ്മാരകത്തിലും മോദി പുഷ്പചക്രം അര്‍പ്പിച്ചു.

രണ്ട് ക്യാബിനറ്റ് പദവി ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ജെഡിയു മന്ത്രിസഭയില്‍ നിന്ന് വിട്ടുനിന്നു. 24 ക്യാബിനറ്റ് മന്ത്രിമാരും 10 സ്വതന്ത്ര ചുമതലയുള്ള മന്ത്രിമാരും 12 സഹമന്ത്രിമാരും അടക്കം 46 അംഗമന്ത്രിസഭയായിരുന്നു ഒന്നാംമോദി സര്‍ക്കാരില്‍ ഉണ്ടായിരുന്നത്.

Top