നരേന്ദ്ര മോദിയുടെ സന്ദർശനവേളയിൽ കലാപം ; ശക്തമായ നടപടിയെടുക്കുമെന്ന് ഷെയ്ഖ് ഹസീന

ധാക്ക : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശന വേളയിൽ രാജ്യത്ത് കലാപം സൃഷ്ടിച്ച തീവ്ര ഇസ്ലാമിസ്റ്റ് സംഘടനകൾക്കതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. നിരോധിത സംഘടനകളായ ജമാ അത്ത്-ഇ-ഇസ്ലാമി, ഹിഫാസ്ത്ത്-ഇ-ഇസ്ലാമി എന്നീ സംഘടനകൾക്കെതിരെയാകും നടപടി സ്വീകരിക്കുക.

രാജ്യത്ത് കലാപം സൃഷ്ടിച്ചതിന് ശേഷം ഹിഫാസത്ത് നേതാവ് മാമിനുൾ രണ്ടാം ഭാര്യയോടൊപ്പം റിസോർട്ടിൽ അവധി ആഘോഷിക്കുകയായിരുന്നു. ഇയാളുടെ പണത്തിന്റെ സ്രോതസ് എന്താണെന്നും ഷെയ്ഖ് ഹസീന ചോദിച്ചു. ഇത്തരം ആളുകൾ പഠനത്തിനായി ഇന്ത്യയിലെ ഡിയോബന്ദിലെത്തുകയും അതേസമയം ഇന്ത്യൻ പ്രധാനമന്ത്രിയ്‌ക്കെതിരെ പ്രതിഷേധം നടത്തുകയും ചെയ്യുമെന്ന് ഹസീന വിമർശിച്ചു. രാജ്യത്ത് തീവ്ര ഇസ്ലാമിസം പ്രചരിപ്പിക്കുന്നവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കാനും ഷെയ്ഖ് ഹസീന ദേശീയ സുരക്ഷാ ഇന്റലിജൻസിനോട് ഉത്തരവിട്ടു.

മാർച്ച് 26, 27 എന്നീ ദിവസങ്ങളിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗ്ലാദേശ് സന്ദർശനം നടത്തിയത്. ബംഗ്ലാദേശ് ദേശീയ ദിനത്തിലെ മുഖ്യാതിഥിയായിരുന്നു അദ്ദേഹം. കൊറോണ ലോക്ഡൗണിന് ശേഷം പ്രധാനമന്ത്രി ആദ്യം സന്ദർശിച്ച രാജ്യമായിരുന്നു ബംഗ്ലാദേശ്. ഈ വേളയിലാണ് രാജ്യത്ത് കലാപം നടന്നത്. സംഘർഷത്തിനിടെ 12 ലധികം പേരാണ് സൈനികരുടെ വെടിയേറ്റ് മരിച്ചത്. തുടർന്ന് ഇത് ബംഗ്ലാദേശിനെ അപമാനിക്കാനായി നടത്തിയ കലാപമായിരുന്നു എന്ന് തെളിയുകയായിരുന്നു.

Top