മോദിയുടെ ആറ് ദിവസത്തെ വിദേശയാത്ര ഇന്ന് ആരംഭിക്കും, സന്ദര്‍ശിക്കുന്നത് നാല് രാജ്യങ്ങള്‍

modi

ന്യൂഡല്‍ഹി:പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആറ് ദിവസത്തെ വിദേശയാത്ര ഇന്ന് ആരംഭിക്കും.

വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിനും സാമ്പത്തിക സഹകരണം ഉറപ്പുവരുത്തുന്നതിനും ലക്ഷ്യംവെച്ചാണ് മോദി ഈ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നത്. ജര്‍മനി, റഷ്യ, സ്‌പെയിന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളാണ് പ്രധാനമന്ത്രി ഇത്തവണ സന്ദര്‍ശിക്കുന്നത്.

മേയ് 30 ന് ജര്‍മനിയിലെത്തുന്ന മോദി പ്രസിഡന്റ് വാള്‍ട്ടര്‍ സ്റ്റെയിന്‍ മെയര്‍, ചാന്‍സിലര്‍ ആംഗല മെര്‍ക്കല്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. കാലാവസ്ഥാമാറ്റം, ഊര്‍ജം, പശ്ചാത്തലവികസനം, വിനോദസഞ്ചാരം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളില്‍ ജര്‍മനിയുമായി അദ്ദേഹം ധാരണാപത്രം ഒപ്പിട്ടേക്കും.

30ന് സ്‌പെയിനിലെത്തുന്ന മോദി രാജാവ് ഫെലിപ് നാലാമനുമായും പ്രധാനമന്ത്രി മാരിയാനോ റജോയിയുമായും കൂടിക്കാഴ്ച നടത്തും. രാജീവ് ഗാന്ധിയ്ക്കു ശേഷം സ്‌പെയിന്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി. ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളിലെ സഹകരണമായിരിക്കും ചര്‍ച്ചയിലെ പ്രധാന അജന്‍ഡ. പാരമ്പര്യേതര ഊര്‍ജ്ജം, ഹൈസ്പീഡ് റെയില്‍, തുരങ്ക നിര്‍മാണം തുടങ്ങിയ മേഖലകളില്‍ മോദി സ്‌പെയിനിന്റെ സഹകരണം തേടും.

31ന് റഷ്യയിലെത്തുന്ന മോദി 18-ാം റഷ്യ-ഇന്ത്യ ഉച്ചകോടിയിലും സെയ്ന്റ് പീറ്റേഴ്‌സ് ഇന്റര്‍നാഷണല്‍ ഇക്കണോമിക് ഫോറത്തിലും പങ്കെടുക്കും. പ്രസിഡന്റ് വ്‌ളാഡിമിര്‍ പുതിനുമായി കൂടിക്കാഴ്ച നടത്തുന്ന മോദി, വ്യാപാര- നിക്ഷേപ മേഖലകളില്‍ റഷ്യന്‍ സംരംഭകരുമായി ചര്‍ച്ചയും നടത്തും.

ജൂണ്‍ 2,3 ദിവസങ്ങളില്‍ മോദി ഫ്രാന്‍സിലായിരിക്കും. ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവല്‍ മക്രോണുമായി ചര്‍ച്ചയില്‍ സാമ്പത്തിക വ്യാപാരബന്ധം, പ്രതിരോധ രംഗത്തെ സഹകരണം, ഭീകരവിരുദ്ധ പോരാട്ടം തുടങ്ങിയ വിഷയങ്ങള്‍ അജന്‍ഡയാകും.

Top