പ്രധാനമന്ത്രി നാളെ കൊച്ചിയില്‍, കനത്ത സുരക്ഷയിലൊരുങ്ങി നഗരം

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി നാളെ കൊച്ചിയിലെത്തും. പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ കൊച്ചി നഗരം ഒരുങ്ങി. കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിന് പുറമെ പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന ദേശീയ വായനാ മാസാചരണത്തിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിക്കും.

രാവിലെ 10.15ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ നാവിക വിമാനത്താവളമായ ഐ.എന്‍.എസ് ഗരുഡയിലെത്തും. തുടര്‍ന്ന് റോഡ് മാര്‍ഗം പാലാരിവട്ടം മെട്രോ സ്്‌റ്റേഷനിലേക്ക് തിരിക്കും. 10.35ന് പാലാരിവട്ടം സ്‌റ്റേഷനില്‍ നിന്ന് പത്തടിപ്പാലത്തേക്കും തിരിച്ചും പ്രധാനമന്ത്രി മെട്രോ ട്രെയിനില്‍ യാത്ര ചെയ്യും.

രാവിലെ 11ന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി കൊച്ചി മെട്രോ കേരളത്തിന് സമര്‍പ്പിക്കും. 12.15ന് സെന്റ് തെരേസാസ് കോളേജില്‍ പി.എന്‍ പണിക്കര്‍ ദേശീയ വായനാമാസാചരണം ഉദ്ഘാടനം ചെയ്യും. എറണാകുളം സെന്റ് തെരേസാസ് കോളേജില്‍ നിന്ന് ഉച്ചയ്ക്ക് 1.05ന് നാവിക വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി അവിടുത്തെ ബോര്‍ഡ് റൂമില്‍ മുഖ്യമന്ത്രിയും മന്ത്രിമാരുമായി കൂടിക്കാഴ്ച്ച നടത്തും. 1.25നാണ് മടക്കയാത്ര.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം പ്രമാണിച്ച് വന്‍ സുരക്ഷയിലാണ് ഇന്നലെ മുതല്‍ നഗരം. സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിലെ ഉന്നതോദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാപരമാണ് സംസ്ഥാന പൊലീസ് സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിരിക്കുന്നത്. എസ്.പി.ജി എഐജിമാരായ അനീഷ് സിരോഹി, രാജേഷ് കുമാര്‍, ടി.കെ.ഗൗതം എന്നിവര്‍ പ്രധാനമന്ത്രി എത്തുന്ന സ്ഥലങ്ങളും യാത്രാപാതയും സന്ദര്‍ശിച്ച് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി. ജില്ലാ കളക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ള, പോലീസ് കമ്മീഷണര്‍ എം.പി ദിനേശ്, ഡെപ്യൂട്ടി കമ്മീഷണര്‍ യതീഷ് ചന്ദ്ര, മറ്റ് പോലീസുദ്യോഗസ്ഥര്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു.

കനത്തസുരക്ഷയാണ് മെട്രോ ഉദ്ഘാടനവേദിയായ കലൂര്‍ സ്റ്റേഡിയത്തില്‍ ഒരുക്കുക.

സ്റ്റേഡിയത്തിനു സമീപം നിര്‍മിച്ച പന്തലില്‍ 3500ഓളം പേരാണ് അതിഥികളായുണ്ടാവുക. ക്ഷണിക്കപ്പെട്ടവര്‍ക്ക് മാത്രമേ പ്രവേശനമുണ്ടാകൂ. ക്ഷണിതാക്കളെല്ലാം ക്ഷണപത്രികയും തിരിച്ചറിയല്‍ കാര്‍ഡുമായി വരണം. സെന്റ് തെരേസാസില്‍ നടക്കുന്ന വായനാദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട പരിപാടിയിലും ക്ഷണിതാക്കള്‍ക്കു മാത്രമേ പ്രവേശനമുള്ളൂ.

Top