നരേന്ദ്രമോദി ഇന്ന് ഗുജറാത്തില്‍; ‘ഗുജറാത്ത് ഗൗരവ് യാത്ര’യെ അഭിസംബോധന ചെയ്യും

Narendra Modi

അഹമ്മദാബാദ്: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഗുജറാത്തില്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശനം നടത്തും.

‘ഗുജറാത്ത് ഗൗരവ് യാത്ര’യുടെ സമാപന സമ്മേളനമായി ‘ഗുജറാത്ത് ഗൗരവ് മഹാസമ്മേളന’വും പാര്‍ട്ടി സംസ്ഥാന ഘടകം സംഘടിപ്പിക്കുന്നുണ്ട്.

ഗാന്ധിനഗറിനു സമീപത്തെ ഗ്രാമമായ ഭാട്ടില്‍ ഗുജറാത്ത് ഗൗരവ് യാത്രയെ അദ്ദേഹം അഭിസംബോധന ചെയ്യും.

അതേസമയം സന്ദര്‍ശനത്തിന് മുന്നോടിയായി ഗുജറാത്തിലെ ജനങ്ങളുടെ വര്‍ഷങ്ങളായുള്ള പിന്തുണക്ക് മോദി ജനങ്ങളോട് ട്വിറ്ററില്‍ നന്ദി പറഞ്ഞു. ദശകങ്ങളായി ബി.ജെ.പിയെ പിന്തുണക്കുന്ന ജനങ്ങള്‍ക്ക് എന്റെ പ്രണാമം. ഓരോ ഗുജറാത്തികളുടെയും സ്വപ്നങ്ങള്‍ പൂര്‍ത്തികരിക്കുന്നതിനുവേണ്ടി എന്നും ഞങ്ങള്‍ പ്രവര്‍ത്തിക്കുമെന്നും മോദി ട്വീറ്റ് ചെയ്തു.

നല്ല ഭരണ നിര്‍വഹണത്തിലും വികസന രാഷ്ട്രീയത്തിലും ജനങ്ങള്‍ക്കുള്ള വിശ്വാസവും ജനശക്തിയുടെ ആവേശവും തെളിയിക്കുന്നതായിരുന്നു ഗൗരവ് യാത്രയെന്നും മോദി പറഞ്ഞു.

15 ദിവസത്തെ യാത്രയില്‍ വിവിധ മുതിര്‍ന്ന നേതാക്കന്‍മാര്‍ പങ്കെടുത്തു. 4,471 കിലോമീറ്റര്‍ ദൂരം പിന്നിട്ട മാര്‍ച്ച് 182 നിയമ സഭാ മണ്ഡലങ്ങളില്‍ 149 മണ്ഡലങ്ങളും പൂര്‍ത്തിയാക്കിയതായി സംസ്ഥാന ബി.ജെ.പി നേതാവ് ജിതു വാഗണി അറിയിച്ചു.

ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി, ദേശീയാധ്യക്ഷന്‍ അമിത്ഷാ എന്നിവരും ഗുജറാത്ത് ഗൗരവ് മഹാസമ്മേളനത്തില്‍ പങ്കെടുക്കും. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വരുന്ന ആഴ്ചകളിലും മോദി ഗുജറാത്ത് സന്ദര്‍ശിക്കുമെന്നാണ് കരുതുന്നത്.

Top