നരേന്ദ്രമോദിക്ക് രണ്ടാം ഊഴം ലഭിച്ചാൽ ആദ്യ ‘പണി’ കേരള സർക്കാരിനെന്ന് . . .

രേന്ദ്രമോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നാല്‍ ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കേണ്ടി വരിക കേരള സര്‍ക്കാര്‍.

രാജ്യത്ത് മൂന്ന് സംസ്ഥാന ഭരണകൂടങ്ങളോടാണ് ബി.ജെ.പിക്ക് ശക്തമായ എതിര്‍പ്പുളളത്. അത് കേരള, ഡല്‍ഹി, ബംഗാള്‍ സര്‍ക്കാറുകളോടാണ്. ഇതില്‍ മമത ബാനര്‍ജി ഭരിക്കുന്ന ബംഗാളില്‍ ബി.ജെ.പിയുടെ ശത്രുത കേവലം വോട്ടുകള്‍ തട്ടാന്‍ വേണ്ടി മാത്രമാണ്. മമതയുമായി തനിക്കുള്ള സൗഹൃദം പ്രധാനമന്ത്രി തന്നെ ഇതിനകം വെളിപ്പെടുത്തി കഴിഞ്ഞു.

തനിക്ക് കുര്‍ത്തയും മധുര പലഹാരങ്ങളും എല്ലാം മമത സമ്മാനിക്കാറുണ്ടെന്നും എന്നും അവരുമായി സൗഹൃദത്തിലാണെന്നുമാണ് മോദി പറഞ്ഞിരുന്നത്. ഇതിനെതിരായ മമതയുടെ പ്രതികരണം പോലും ദുര്‍ബലമായിരുന്നു.

ശാരദചിട്ടി തട്ടിപ്പ് കേസില്‍ മമതയെ കുരുക്കുമെന്ന് പ്രതീക്ഷിക്കുന്നവരുടെ ആഗ്രഹം വെറും ആഗ്രഹമായി തന്നെ അവശേഷിക്കാനാണ് ഇനി സാധ്യത.

തൃണമൂല്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍ പ്രതിയായ ശാരദ ചിട്ടി തട്ടിപ്പ് കേസ് അന്വേഷിക്കുന്ന സി.ബി.ഐ സംഘത്തെ ബംഗാള്‍ പൊലീസ് കസ്റ്റഡിയിലെടുത്തത് പോലും ഒരു നാടകമായാണ് ഇപ്പോള്‍ വിലയിരുത്തപ്പെടുന്നത്.

അതായത് ബംഗാളില്‍ നിലനില്‍പ്പിനായി മാത്രമാണ് പരസ്പരം തൃണമൂലും ബി.ജെ.പിയും പോരടിക്കുന്നത്. മോദിക്ക് രണ്ടാം ഊഴം ഉറപ്പാക്കാന്‍ മമത കൈ കൊടുക്കും എന്ന് തന്നെയാണ് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്. മുന്‍പ് എന്‍.ഡി.എ സര്‍ക്കാറില്‍ അംഗമായ തൃണമൂല്‍ കോണ്‍ഗ്രസ്സിന് ബി.ജെ.പി അയിത്ത പാര്‍ട്ടിയൊന്നുമല്ല.

ഇവിടെയാണ് ഡല്‍ഹി, കേരള സര്‍ക്കാറുകള്‍ വ്യത്യസ്തമാകുന്നത്. ഒരു കാരണവശാലും ബി.ജെ.പി കേന്ദ്രത്തില്‍ അധികാരത്തില്‍ വരരുത് എന്ന് ആഗ്രഹിക്കുന്ന സര്‍ക്കാരുകളാണിത്.

ഡല്‍ഹി, കേരള സര്‍ക്കാറുകളെ പിരിച്ച് വിടാനും സമ്മര്‍ദ്ദത്തിലാക്കാനും പഠിച്ച പണി പതിനെട്ടും മോദി സര്‍ക്കാര്‍ പയറ്റിയിരുന്നു. എന്നാല്‍ ഈ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ ശക്തമായ നിലപാടുകള്‍ക്ക് മുന്നില്‍ ആ നീക്കങ്ങള്‍ തല്‍ക്കാലം നടന്നിരുന്നില്ല.

ഡല്‍ഹി സര്‍ക്കാറിനോടും മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനോടും ബി.ജെ.പി നേതാക്കള്‍ക്ക് മാത്രമാണ് പക കൂടുതല്‍. എന്നാല്‍ പ്രധാനമന്ത്രി മോദിയെ വരെ നിയന്ത്രിക്കുന്ന ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവതിന്റെ കണ്ണിലെ കരടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ ഇടതുപക്ഷ ഭരണത്തിന് അന്ത്യം കുറിക്കണമെന്ന് ഏറ്റവും അധികം ആഗ്രഹിക്കുന്നതും ആര്‍.എസ്.എസ് തന്നെയാണ്.

മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നാല്‍ ആ കടമ ആദ്യം നിര്‍വ്വഹിക്കണമെന്ന നിര്‍ദ്ദേശമാണ് പരിവാര്‍ നേതൃത്വം മുന്നോട്ട് വച്ചിരിക്കുന്നത്.

ലോകസഭ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് തിരിച്ചടി കൂടി നേരിട്ടാല്‍ തങ്ങളുടെ അജണ്ട എളുപ്പം നടപ്പാക്കാന്‍ കഴിയുമെന്നാണ് ആര്‍.എസ്.എസ് കരുതുന്നത്.

ശബരിമല കര്‍മ്മസമിതി നടത്തിയ ഹര്‍ത്താലുമായി ബന്ധപ്പെട്ട് നൂറ് കണക്കിന് കേസുകളില്‍ സംഘപരിവാര്‍ നേതാക്കളെ പ്രതിയാക്കിയതാണ് ആര്‍.എസ്.എസിനെ വല്ലാതെ ചൊടിപ്പിച്ചിരിക്കുന്നത്.

കേരളത്തില്‍ സമാധാനപരമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ പറ്റാത്ത സാഹചര്യമാണ് പിണറായി ഭരണത്തില്‍ ഉള്ളതെന്നും അവര്‍ വിലയിരുത്തുന്നു.

കേരള ഗവര്‍ണ്ണര്‍ സ്ഥാനത്ത് നിന്നും ജസ്റ്റിസ് പി. സദാശിവത്തെ മാറ്റി പകരം തങ്ങള്‍ പറയുന്നയാളെ ഗവര്‍ണ്ണറാക്കണമെന്നതാണ് ആര്‍.എസ്.എസ് നിലപാട്.

മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നാല്‍ ആദ്യ നടപടി തന്നെ ഗവര്‍ണ്ണര്‍ മാറ്റം ആയിരിക്കുമെന്നാണ് ലഭിക്കുന്ന സൂചന. ഇക്കാര്യത്തിലെ ഉറപ്പ് നാഗപ്പൂരിലെ ആര്‍.എസ്.എസ് ആസ്ഥാനത്ത് നിന്നും കേരള നേതൃത്വത്തിന് ഇതിനകം തന്നെ ലഭിച്ചിട്ടുണ്ട്.

പിണറായി സര്‍ക്കാറിനെ വരച്ച വരയില്‍ നിര്‍ത്താന്‍ ശേഷിയുള്ള വ്യക്തിയായിരിക്കും വരികയെന്നാണ് ആര്‍.എസ്.എസ് കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.

സംസ്ഥാനത്തെ നിയമസഭ തിരഞ്ഞെടുപ്പിന് രണ്ടര വര്‍ഷം ബാക്കിയുണ്ടെങ്കിലും അത്രയും കാത്ത് നില്‍ക്കാനുള്ള ക്ഷമയൊന്നും സംഘപരിവാര്‍ കേരള നേതാക്കള്‍ക്കില്ല.

പിണറായി സര്‍ക്കാറിന് പുറത്തേക്കുള്ള വഴി ഒരുക്കുന്നതിനുള്ള ‘ഭൗതിക സാഹചര്യം’ ശക്തനായ ഗവള്‍ണ്ണര്‍ ഉണ്ടാകുമ്പോള്‍ ‘താനെ’ ഉണ്ടായിക്കൊള്ളുമെന്ന വിലയിരുത്തലിലാണവര്‍.

അതേസമയം, കേരളത്തിലെ ചുവപ്പ് ഭീകരത തുറന്ന് കാട്ടി പ്രധാനമന്ത്രി വാരണസിയില്‍ നടത്തിയ പ്രസംഗവും ഇപ്പോള്‍ ഏറെ ചര്‍ച്ചയായിട്ടുണ്ട്.

കേരളത്തിലെ ബിജെപി പ്രവര്‍ത്തകര്‍ ജീവന്‍ പണയം വെച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ആരോപിച്ചത്. കേരളത്തിലെയും ബംഗാളിലെയും പ്രവര്‍ത്തകരെ കൊലപ്പെടുത്തുന്നുവെന്നും ബിജെപി പ്രവര്‍ത്തകര്‍ ഇവിടങ്ങളില്‍ കഷ്ടപ്പെടുന്നുവെന്നും മോദി പറയുന്നു.

Arvind Kejriwal

കേരളത്തിലെ പ്രവര്‍ത്തകര്‍ ജയിലലടക്കപ്പെടുന്നു. അതേപോലെ അവര്‍ കൊലചെയ്യപ്പെടുന്നു. ആ ഒരു സാഹചര്യം നിങ്ങള്‍ തിരിച്ചറിയണമെന്നാണ് വാരണാസിയിലെ വോട്ടര്‍മാരോട് മോദി ചൂണ്ടിക്കാട്ടിയത്.

മടങ്ങിവരുമെന്ന് ഉറപ്പില്ലാതെയാണ് കേരളത്തിലെ പ്രവര്‍ത്തകര്‍ വീടുകളില്‍ നിന്നും ഇറങ്ങുന്നതെന്നും, അമ്മമാരോട് യാത്രപറഞ്ഞാണ് പ്രവര്‍ത്തകര്‍ എന്നും പുറത്തുപോകുന്നതെന്നും മോദി ആരോപിച്ചു.

ദേശീയ തലത്തില്‍ തന്നെ വീണ്ടും സി.പി.എമ്മിനെ പ്രതിസ്ഥാനത്ത് നിര്‍ത്തിയുള്ള ഒരു കടന്നാക്രമണമാണ് മോദി നടത്തിയിരിക്കുന്നത്. പറയാന്‍ നിരവധി വിഷയങ്ങള്‍ ഉണ്ടായിട്ടും വീണ്ടും കേരള സര്‍ക്കാറിനെയും സി.പി.എമ്മിനെയും ടാര്‍ഗറ്റ് ചെയ്തത് സംഘ പരിവാര്‍ ദൗത്യം പ്രധാനമന്ത്രി തന്നെ ഏറ്റെടുത്തതിന്റെ തെളിവാണ്.

മോദിയുടെ ഈ നിലപാട് കേന്ദ്രത്തില്‍ വീണ്ടും അധികാരത്തില്‍ വന്നാല്‍ സ്വീകരിക്കുന്ന നടപടികള്‍ സംബന്ധിച്ച സൂചന കൂടി നല്‍കുന്നതാണ്. പ്രസംഗത്തില്‍ ബംഗാള്‍ സര്‍ക്കാറിനെയും വിമര്‍ശിച്ചിട്ടുണ്ടെങ്കിലും അതിനെ പുതിയ സാഹചര്യത്തില്‍ തന്ത്രപരമായ നിലപാട് മാത്രമായേ കാണാന്‍ പറ്റൂ. കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആദ്യ പിന്തുണ മമത തന്നെ ഇനി മോദിക്ക് നല്‍കിയാലും അത്ഭുതപ്പെടേണ്ടതില്ലെന്നതാണ് അവസ്ഥ.

express view

Top