‘ഒരു പാദത്തില്‍ വളര്‍ച്ച കുറഞ്ഞാല്‍ വലിയ പ്രശ്നമില്ല’, വിമര്‍ശനങ്ങളെ പ്രതിരോധിച്ച് മോദി

ന്യൂഡല്‍ഹി: ഇത് ആദ്യമായല്ല വളര്‍ച്ചാ നിരക്ക് 5.7 ശതമാനത്തിനു താഴെ പോകുന്നതെന്നും മുന്‍ സര്‍ക്കാരിന്റെ കാലത്ത് എട്ടു തവണ ഇത്തരത്തില്‍ സംഭവിച്ചിട്ടുണ്ടെന്നും സാമ്പത്തിക തകര്‍ച്ചയില്‍ കേന്ദ്രസര്‍ക്കാര്‍ നേരിടുന്ന വിമര്‍ശനങ്ങളെ പ്രതിരോധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ന്യൂഡല്‍ഹിയില്‍ കമ്പനി സെക്രട്ടറിമാരുടെ യോഗത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

നോട്ട് അസാധുവാക്കലിനുശേഷം ജിഡിപി നിരക്ക് ഒമ്പതു ശതമാനത്തിലേക്കു താഴ്ന്നു. നോട്ട് നിരോധിക്കുന്ന 2016 നവംബര്‍ എട്ടിനു മുമ്പ് ഇത് 12 ശതമാനമായിരുന്നു. മുന്‍ സര്‍ക്കാരിന്റെ കാലത്ത് എട്ടുതവണ ജിഡിപി 5.7 ശതമാനത്തിനു താഴെ എത്തിയിട്ടുണ്ട്. ഒരു പാദത്തില്‍ വളര്‍ച്ചാ നിരക്കു കുറയുന്നത് സമ്പദ് വ്യവസ്ഥയ്ക്കു വലിയ പ്രശ്നമല്ല. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ഒരിക്കല്‍ ദുര്‍ബലമായിരുന്നു. വന്‍ സാമ്പത്തിക വിദഗ്ധന്‍മാരുള്ളപ്പോള്‍ എങ്ങനെയായിരുന്നു ഇത് സംഭവിച്ചിരുന്നത്- മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗിനെ ലക്ഷ്യമിട്ട് മോദി ചോദിക്കുന്നു.

വരുന്ന പാദങ്ങളില്‍ വളര്‍ച്ച 7.7 ശതമാനമായി ഉയരുമെന്നു റിസര്‍വ് ബാങ്ക് പ്രവചിച്ചിട്ടുണ്ടെന്നും ജിഎസ്ടിയിലൂടെ വ്യാപാരികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ജിഎസ്ടി കൗണ്‍സിലിനോടു താന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും മോദി പറഞ്ഞു. വസ്തുതകള്‍ വച്ചല്ല, വൈകാരികമായാണ് സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങളെന്നും മോദി കുറ്റപ്പെടുത്തി.

രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക് 6.7 ശതമാനമായി കുറയുമെന്നും പ്രതീക്ഷിച്ച 7.3 ശതമാനം വളര്‍ച്ച കൈവരിക്കാന്‍ സാധിക്കില്ലെന്നും ചൂണ്ടിക്കാട്ടുന്ന റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ട് ഗവര്‍ണര്‍ ഉര്‍ജിത്ത് പട്ടേല്‍ ബുധനാഴ്ച പുറത്തുവിട്ടിരുന്നു. വരും മാസങ്ങളില്‍ നാണ്യപ്പെരുപ്പം കൂടുമെന്നും ആര്‍ബിഐ പ്രവചിച്ചു. ഇതിനെ പ്രതിരോധിച്ചാണ് ഇപ്പോള്‍ പ്രധാനമന്ത്രി നേരിട്ടു രംഗത്തെത്തിയിട്ടുള്ളത്.

Top