കാര്‍ഷിക നിയമങ്ങള്‍ വീണ്ടും കൊണ്ടുവരുമെന്ന് പറഞ്ഞിട്ടില്ല; തെറ്റായ പ്രചാരണം നടക്കുന്നെന്ന് മന്ത്രി

ന്യൂഡല്‍ഹി: കര്‍ഷക പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വലിച്ച കാര്‍ഷിക നിയമങ്ങള്‍ വീണ്ടും കൊണ്ടുവരുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍. താന്‍ പറഞ്ഞതായി തെറ്റായ പ്രചാരണം നടക്കുകയാണെന്നും മന്ത്രി പറഞ്ഞു.

കാര്‍ഷിക നിയമങ്ങള്‍ വീണ്ടും കൊണ്ടുവന്നേക്കുമെന്ന സൂചനയായിരുന്നു കൃഷിമന്ത്രി ഇന്നലെ നല്‍കിയത്. സ്വാതന്ത്ര്യം കിട്ടി എഴുപത് വര്‍ഷത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി നടപ്പാക്കിയ വിപ്ലവകരമായ തീരുമാനമാണ് കാര്‍ഷിക നിയമങ്ങള്‍. കര്‍ഷക നന്മയെ കരുതി കൊണ്ടുവന്ന നിയമങ്ങള്‍ പക്ഷേ ചിലര്‍ക്ക് ഇഷ്ടമായില്ല. സര്‍ക്കാരിന് നിരാശയില്ല. തല്‍ക്കാലം ഒരടി പിന്നോട്ട് വച്ചെന്നും കര്‍ഷകര്‍ രാജ്യത്തിന്റെ നട്ടെല്ലായതിനാല്‍ അവര്‍ക്കായി മുന്‍പോട്ട് വരുമെന്നുമായിരുന്നു കൃഷിമന്ത്രിയുടെ വിവാദ പ്രസ്താവന.

എന്നാല്‍ മന്ത്രിയുടെ പ്രസ്താവന വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയതിന് പിന്നാലെയാണ് വിഷയത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയത്.

Top