വ്യവസായ സൗഹൃദ രാജ്യങ്ങളുടെ പട്ടിക ; ‘നൂറില്‍ നിന്ന് ആദ്യം ഇരുപതിലേക്ക് ‘ കുതിച്ചുയര്‍ന്ന് ഇന്ത്യ

ന്യൂഡല്‍ഹി : വ്യവസായ സൗഹൃദ രാജ്യങ്ങളുടെ ഈ വര്‍ഷത്തെ പട്ടികയില്‍ ആദ്യ ഇരുപത് രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയും സ്ഥാനം പിടിച്ചു. ലോക ബാങ്ക് അടുത്തമാസം പുറത്തിറക്കാനിരിക്കുന്ന പുതിയ പട്ടികയിലാണു വ്യവസായം എളുപ്പമാക്കുന്നതില്‍ ഏറ്റവും മെച്ചപ്പെട്ട ആദ്യ 20 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഇടം നേടിയത്. ഒക്ടോബര്‍ 24ന് പട്ടിക ലോക ബാങ്ക് ഔദ്യോഗികമായി പ്രസിദ്ധീകരിക്കും.

വ്യവസായം ആരംഭിക്കുക, പാപ്പരത്തം പരിഹരിക്കുക, അതിര്‍ത്തി കടന്നുള്ള വ്യാപാരം, നിര്‍മാണ അനുമതി എന്നീ നാലു മേഖലകളിലാണ് ഇന്ത്യയുടെ മുന്നേറ്റം.

വര്‍ഷങ്ങളായുള്ള നവീകരണ പദ്ധതികളുടെ ഫലമാണ് ഇന്ത്യയുടെ ഈ നേട്ടമെന്ന് ലോക ബാങ്ക് ചൂണ്ടിക്കാട്ടി. നിരവധി സര്‍ക്കാര്‍ ഏജന്‍സികളെ ഒറ്റ ഓണ്‍ലൈന്‍ സംവിധാനത്തിലേക്കു സമന്വയിപ്പിച്ചതും അടിസ്ഥാന സൗകര്യങ്ങള്‍ നവീകരിച്ചതും നിക്ഷേപകര്‍ക്കു പ്രോല്‍സാഹനമായി. നിര്‍മാണ അനുമതികള്‍ നേടുന്നത് ഏകജാലക സംവിധാനം എളുപ്പമാക്കി.

വ്യവസായം നടത്തുന്നതിന് 2003-2004 വര്‍ഷങ്ങളില്‍ 48 നവീകരണ പദ്ധതികളാണ് ഇന്ത്യ നടപ്പാക്കിയത്. തുടര്‍ന്നുള്ള വര്‍ഷങ്ങളിലും പരിഷ്‌കരണ നടപടികളുമായി മുന്നോട്ടു പോയി. ചെറുതും ഇടത്തരവുമായ സംരംഭങ്ങള്‍ക്കു വ്യവസായം തുടങ്ങാനും തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്താനും മികച്ച സാഹചര്യം ഒരുക്കിയ രാജ്യങ്ങളെയാണ് ഇത്തവണ പരിഗണിച്ചതെന്നു ലോക ബാങ്ക് വക്താവ് പറഞ്ഞു.

2017 ല്‍ ലോക ബാങ്ക് പുറത്തിറക്കിയ പട്ടികയില്‍ 199 രാജ്യങ്ങളില്‍ 100-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. 2018ല്‍ 77ല്‍ എത്തി. രണ്ടു വര്‍ഷം കൊണ്ട് ആദ്യ ഇരുപതിലേക്ക് ഇന്ത്യ കുതിച്ചുയര്‍ന്നത് അയല്‍രാജ്യങ്ങളെവരെ ഞെട്ടിച്ചിരിക്കുകയാണ്. ചൈന, മ്യാന്‍മര്‍, ബംഗ്ലാദേശ്, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളും ഈ വര്‍ഷം പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം ന്യൂയോർക്കിൽ നടന്ന ബ്ലൂംബെർഗ് ഗ്ലോബൽ ബിസിനസ് ഫോറത്തിൽ‌ സംസാരിക്കവെ ഇന്ത്യയിൽ നിക്ഷേപം നടത്തുന്നതിനു യുഎസിനെ വ്യവസായ സ്ഥാപനങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലേക്കു സ്വാഗതം ചെയ്തിരുന്നു. ഇന്ത്യയോടൊപ്പം പങ്കാളികളാകാൻ ഇതാണ് ഏറ്റവും മികച്ച അവസരമെന്നും ഇന്ത്യയും യുഎസും ചേർന്നാൽ‌ ആഗോള സാമ്പത്തിക വളർച്ച കൂടുതൽ വേഗത്തിലാകുമെന്നുമാണു പ്രധാനമന്ത്രി പറഞ്ഞത്.

Top