പ്രതിപക്ഷ പ്രധാനമന്ത്രിപദ മോഹത്തിൽ തട്ടി സകല പ്രതിക്ഷകളും അസ്തമിക്കും !

പ്രധാനമന്ത്രിപദ മോഹം ഇനിയെങ്കിലും പ്രാദേശിക പാര്‍ട്ടി നേതാക്കള്‍ ഉപേക്ഷിക്കാതെ ബദല്‍ സര്‍ക്കാര്‍ ഒരിക്കലും സാധ്യമാവില്ല. ലോക്‌സഭ തിരഞ്ഞെടുപ്പിലുണ്ടായ പോരാട്ടത്തെക്കാള്‍ പൊരിഞ്ഞ പോര് നടക്കാന്‍ പോകുന്നത് തിരഞ്ഞെടുപ്പിന് ശേഷമാണ്. ഈ പോരില്‍ മുറിവേറ്റ് വീഴുന്നവര്‍ കാവി പാളയത്തില്‍ ചേക്കേറാനുള്ള സാധ്യതയും വളരെ കൂടുതലാണ്. ഈ യാഥാര്‍ഥ്യം തന്നെയാണ് ബി.ജെ.പിയുടെയും പ്രതീക്ഷക്ക് അടിസ്ഥാനം. 300 സീറ്റ് കിട്ടുമെന്നും ഒറ്റക്ക് ഭരിക്കുമെന്നും ഒക്കെ ബി.ജെ.പി നേതാക്കള്‍ പറയുന്നുണ്ടെങ്കിലും യാഥാര്‍ഥ്യം അതല്ലെന്ന് അവര്‍ക്ക് തന്നെ നല്ല പോലെ അറിയാം.

കോണ്‍ഗ്രസ്സ് പ്രതിപക്ഷ നേതാക്കളുടെ ഒരു വിരുന്ന് ഫലപ്രഖ്യാപനത്തിന് മുന്‍പ് വിളിച്ചു ചേര്‍ക്കാന്‍ ശ്രമിച്ചതും ഇപ്പോള്‍ പൊളിഞ്ഞിട്ടുണ്ട്. ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു മുന്‍കൈ എടുത്ത് നടത്തിയ ഈ നീക്കത്തിനോട് മമതയും മായാവതിയും അഖിലേഷ് യാദവും മുഖം തിരിച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിനു ശേഷം മാത്രമേ കളത്തില്‍ ഇറങ്ങൂ എന്ന നിലപാടാണ് സിപിഎമ്മിനുമുള്ളത്.

പ്രതിപക്ഷത്തെ മറ്റു പാര്‍ട്ടികളേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ നേടിയാല്‍ മാത്രമേ രാഹുല്‍ ഗാന്ധിക്ക് പ്രധാനമന്ത്രിയാകാന്‍ കഴിയൂ. അല്ലെങ്കില്‍ പ്രതിപക്ഷ ‘ഐക്യ’ സ്ഥാനാര്‍ത്ഥിയെ പിന്തുണക്കേണ്ടി വരും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ലോക്സഭയില്‍ വെറും 44 സീറ്റിന്റെ നാണക്കേടിലൊതുങ്ങിയ കോണ്‍ഗ്രസിന് ഇത്തവണ 120 സീറ്റിനപ്പുറത്തേക്ക് എത്തുകയെന്നതു തന്നെ വലിയ സ്വപ്നമാണ്.

2014 ലെ തെരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണ മോദി പ്രഭാവത്തില്‍ കടപുഴകിയ കോണ്‍ഗ്രസിനും സഖ്യകക്ഷികള്‍ക്കും കൂടി ലോക്സഭയില്‍ ആകെക്കിട്ടിയത് 66 സീറ്റാണ്. കേവല ഭൂരിപക്ഷത്തിനു വേണ്ടുന്ന 272-ലേക്ക് എത്താന്‍ കോണ്‍ഗ്രസിന് കടമ്പകള്‍ ഒരുപാട് കടക്കണമെന്ന് അര്‍ത്ഥം. 140-ലും അധികം സീറ്റ് കോണ്‍ഗ്രസിനു നേടാന്‍ കഴിയുന്ന സാഹചര്യമുണ്ടായാല്‍, രാഹുലിന് പ്രധാനമന്ത്രി പദത്തിലേക്ക് എത്താന്‍ സാദ്ധ്യത പ്രതീക്ഷിക്കാമെങ്കിലും സീറ്റ് കുറയുന്ന പക്ഷം പ്രതിപക്ഷ കക്ഷികള്‍ നിര്‍ദ്ദേശിക്കുന്ന പൊതു സ്ഥാനാര്‍ത്ഥിയെ നിശ്ശബ്ദം പിന്തുണയ്ക്കാനേ കഴിയൂ.

കോണ്‍ഗ്രസ്സ് ഇതര പ്രധാനമന്ത്രി ഉണ്ടാകുന്നതില്‍ എതിര്‍പ്പില്ലെന്ന് മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് തന്നെ ഇതിനകം വ്യക്തമാക്കി കഴിഞ്ഞു. എന്‍.ഡി.എയെ അധികാരത്തില്‍ നിന്നും മാറ്റി നിര്‍ത്തുകയാണ് പ്രഥമ പരിഗണനയെന്നാണ് അദ്ദേഹം പറയുന്നത്.

രാഹുല്‍ ഗാന്ധിയെ മാറ്റി നിര്‍ത്തിയാല്‍ പിന്നെ, ബി.എസ്.പി അദ്ധ്യക്ഷ മായാവതി, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖരറാവു എന്നിവരാണ് പ്രധാനമന്ത്രി പദം മോഹിക്കുന്നവര്‍. വിവാഹം പോലും വേണ്ടെന്നുവച്ച് രാഷ്ട്രീയത്തെ സ്വയം വരിച്ചവരാണ് മമതയും മായാവതിയും . അതതു സംസ്ഥാനത്തെ ഉരുക്കുവനിതകളായാണ് ഇരുവരും അറിയപ്പെടുന്നത് .

യു.പി.എ ക്ക് കേവല ഭൂരിപക്ഷം കിട്ടിയില്ലെങ്കില്‍ തങ്ങള്‍ക്ക് സാധ്യത ഉണ്ടെന്നാണ് ഇവര്‍ ഓരോരുത്തരും കരുതുന്നത്. എന്‍.സി.പി നേതാവ് ശരദ് പവാറും അവസരം കിട്ടിയാല്‍ പ്രധാനമന്ത്രിയാകാം എന്ന നിലപാടിലാണ്. ഒറ്റക്ക് 30 സീറ്റു പോലും ലഭിക്കാന്‍ സാധ്യതയില്ലാത്ത പാര്‍ട്ടികളുടെ നേതാക്കളാണ് പ്രധാനമന്ത്രി കുപ്പായവും തുന്നി ഇരിക്കുന്നത് എന്നത് തന്നെ വിരോധാഭാസമാണ്.

പ്രധാനമന്ത്രി പദമോഹം ഈ നേതാക്കള്‍ ഉപേക്ഷിച്ചില്ലങ്കില്‍ വീണ്ടും മോദിക്ക് രണ്ടാം ഊഴം ലഭിക്കാനുള്ള എല്ലാ സാധ്യതയും ഉണ്ട്. ഇപ്പോള്‍ രംഗത്തുള്ള പ്രധാനമന്ത്രിപദ മോഹികളെ മറ്റു പ്രതിപക്ഷ പാര്‍ട്ടി നേതൃത്വങ്ങള്‍ അംഗീകരിക്കുന്നില്ലെന്നതും ശ്രദ്ധേയമാണ്. ഒരു യോജിപ്പ് ഇക്കാര്യത്തില്‍ എന്തായാലും ശ്രമകരമാകും.

80 ലോക്‌സഭാ അംഗങ്ങളുള്ള യുപിയില്‍ എസ്.പിക്ക് നിലവില്‍ ഏഴു സീറ്റ് മാത്രമാണുള്ളത്. ബിഎസ്പിക്കാവട്ടെ യുപിയില്‍ നിന്നും ഒരു സീറ്റില്‍ പോലും വിജയിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇത്തവണ സീറ്റുകള്‍ പങ്കിട്ടെടുത്ത് സഖ്യമായി മത്സരിക്കുന്നതിനാലാണ് ഇരു പാര്‍ട്ടികളുടേയും വിജയ പ്രതീക്ഷ.

സഖ്യമായി മത്സരിച്ചിട്ടു പോലും മായാവതിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പിന്തുണക്കാന്‍ എസ്.പി തയ്യാറാകില്ലന്നാണ് ലഭിക്കുന്ന സൂചന. ഇക്കാര്യത്തില്‍ മുലായം സിങ്ങ് യാദവാണ് ഉടക്കി നില്‍ക്കുന്നത്.

മായാവതിയാകട്ടെ മമത ബാനര്‍ജിയെ പിന്തുണക്കാനും തയ്യാറാകില്ല. മമത തിരിച്ച് സഹകരിക്കാനുള്ള സാധ്യതയും വിരളമാണ്. ഇവര്‍ രണ്ടു പേരും ചന്ദ്രശേഖരറാവുവിനെയും ശരദ് പവാറിനെയും പിന്തുണക്കാനും തയ്യാറല്ല.

ഈ സാഹചര്യത്തില്‍ കേവല ഭൂരിപക്ഷം ലഭിച്ചില്ലങ്കില്‍ വേണ്ടി വന്നാല്‍ ഉപപ്രധാന മന്ത്രിപദം വരെ വാഗ്ദാനം ചെയ്ത് കൂടുതല്‍ സീറ്റുകള്‍ ഉള്ള പ്രാദേശിക പാര്‍ട്ടിയെ വലവീശി പിടിക്കാന്‍ ബി.ജെ.പിക്ക് എളുപ്പത്തില്‍ കഴിയും.

ഇതിനകം തന്നെ വിജയം ഉറപ്പിച്ച ടി.ആര്‍.എസ് നേതാവ് ചന്ദ്രശേഖര്‍ റാവുവും, വൈ.എസ്.ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍ മോഹന്‍ റെഡ്ഡിയും തൂക്കം ഏത് ഭാഗത്താണോ അങ്ങോട്ട് തിരിയാനാണ് സാധ്യത. ഈ രണ്ട് പാര്‍ട്ടികളേയും ലക്ഷ്യമിട്ട് തന്ത്രപരമായ കരുനീക്കങ്ങളാണ് ബിജപി നടത്തിവരുന്നത്. രണ്ട് സംസ്ഥാനങ്ങളില്‍ നിന്നുമായി 42 എംപിമാരാണുള്ളത്.

തൃണമൂല്‍ കോണ്‍ഗ്രസിന് കഴിഞ്ഞ ലോക്സഭയില്‍ 33 സീറ്റുകളാണ് ഉണ്ടായിരുന്നത്. ഈ സീറ്റുകള്‍ നിലനിര്‍ത്താന്‍ എന്തായാലും മമതക്ക് ഇത്തവണ കഴിയുകയില്ല. ബംഗാളില്‍ 23 സീറ്റ് നേടുമെന്നാണ് ബിജെപിയുടെ അവകാശവാദം. ഇടതുപക്ഷവും സീറ്റുകള്‍ വര്‍ദ്ധിപ്പിക്കാന്‍ കഴിയുമെന്ന ഉറച്ച പ്രതീക്ഷയിലാണ് .


Express Kerala View

Top