മുഖത്തിന്റെ തിളക്കത്തിന്റെ രഹസ്യം ഇതാണ്… വെളിപ്പെടുത്തി മോദി

ന്യൂഡല്‍ഹി: മുഖത്തിന്റെ തിളക്കത്തിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഡല്‍ഹിയില്‍ കുട്ടികള്‍ക്കുള്ള ധീരതാ അവാര്‍ഡ് അടക്കമുള്ള പുരസ്‌കാരങ്ങള്‍ വിതരണം ചെയ്ത് കൊണ്ട് സംവദിക്കുമ്പോഴാണ് മോദി ഇക്കാര്യം പറഞ്ഞത്. സൗന്ദര്യ രഹസ്യത്തോടൊപ്പം ജീവിതത്തിന്റെ വിജയ രഹസ്യവും മോദി വിദ്യാര്‍ത്ഥികള്‍ക്കായി പങ്കുവെച്ചു.

താങ്കളുടെ മുഖത്തിന് എങ്ങനെയാണ് ഇത്രയും തിളക്കം ലഭിച്ചതെന്ന് പലരും എന്നോട് വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ ചോദിച്ചിട്ടുണ്ട്. എനിക്കതിന് വളരെ ലളിതമായ ഉത്തരമുണ്ട്. ഞാന്‍ കഠിനമായി ജോലി ചെയ്യും. നന്നായി വിയര്‍ക്കും. ആ വിയര്‍പ്പ് തുടയ്ക്കല്‍ എന്റെ മുഖത്തിന് മസ്സാജിന്റെ ഫലമാണ് നല്‍കുന്നത്. അതെന്റെ മുഖത്തിന് തേജസ്സ് നല്‍കുന്നു മോദി കുട്ടികളോട് പറഞ്ഞു.

ദിവസത്തില്‍ നാലു തവണയെങ്കിലും കുട്ടികള്‍ നന്നായി വിയര്‍ക്കണം. ഇക്കാര്യം ഓരോ കുട്ടിയും മനസ്സിലാക്കിവയ്ക്കണം. കഠിനമായി അധ്വാനിക്കുകയും അത് തുടര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യണം. ജീവിതത്തില്‍ എത്ര പുരസ്‌കാരങ്ങള്‍ ലഭിച്ചാലും ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും പാടില്ല.

പുരസ്‌കാരങ്ങളും അംഗീകാരങ്ങളും ലഭിക്കുന്ന ചിലര്‍ പിന്നീട് അഹങ്കാരികളായിത്തീരുകയും അധ്വാനിക്കുന്നതില്‍ നിന്ന് വിമഖരാവുകയും ചെയ്യും. മറ്റുചിലരാകട്ടെ, കൂടുതല്‍ മികച്ച പ്രകടനങ്ങള്‍ നടത്താനുള്ള പ്രോത്സാഹനമായി ആ അംഗീകാരങ്ങളെ കാണും. പുരസ്‌കാരങ്ങള്‍ ഒന്നിന്റെയും അവസാനമല്ല, അവ ജീവിതത്തിന്റെ തുടക്കമാണ് മോദി പറഞ്ഞു.

Top