നരേന്ദ്ര മോദിയുടെ അരുണാചല്‍ പ്രദേശ് സന്ദര്‍ശനം; ഇന്ത്യയോട് നയതന്ത്ര പ്രതിഷേധം രേഖപ്പെടുത്തി ചൈന

ബെയ്ജിങ് : നരേന്ദ്ര മോദിയുടെ അരുണാചല്‍ പ്രദേശ് സന്ദര്‍ശനത്തില്‍ ചൈന ഇന്ത്യയോട് നയതന്ത്ര പ്രതിഷേധം രേഖപ്പെടുത്തി. ശനിയാഴ്ചയാണ് പ്രധാനമന്ത്രി അരുണാചല്‍ പ്രദേശ് സന്ദര്‍ശിച്ചത്. സമുദ്രനിരപ്പില്‍നിന്ന് 13,000 അടി ഉയരമുള്ള സേല ടണല്‍ എന്നറിയപ്പെടുന്ന ലോകത്തിലെ ഏറ്റവും വലിയ ബൈ-ലെയ്ന്‍ ടണല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു.

അരുണാചല്‍ പ്രദേശ് ദക്ഷിണ ടിബറ്റ് ആണെന്നാണ് ചൈനയുടെ അവകാശവാദം. ഇന്ത്യയുടെ നീക്കം അതിര്‍ത്തിവിഷയം സങ്കീര്‍ണമാക്കുകയേ ഉള്ളൂവെന്നും ചൈനീസ് വക്താവ് വാങ് വെബിന്‍ പറഞ്ഞു. നിയന്ത്രണ രേഖയില്‍നിന്ന് അധികം അകലെയല്ലാത്തതിനാല്‍ തന്ത്രപരമായ പ്രാധാന്യം കൂടി സേല ടണലിനുണ്ട്.

വടക്ക് ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന തവാങ്ങിലേക്ക് എല്ലാ കാലാവസ്ഥയിലും എത്തിച്ചേരാന്‍ ടണല്‍ സഹായിക്കും. തേസ്പൂരില്‍നിന്ന് തവാങ്ങിലേക്കുള്ള ഒരു മണിക്കൂറിലധികം യാത്രാ സമയവും ഈ പാത കുറയ്ക്കുന്നു. 825 കോടി ചെലവഴിച്ചാണ് ടണല്‍ നിര്‍മ്മാണം നടത്തിയിരിക്കുന്നത്. ഇന്ത്യ നേതാക്കള്‍ അരുണാചല്‍ സന്ദര്‍ശിക്കുന്നതില്‍ ചൈന പലപ്പോഴും വിയോജിപ്പ് അറിയിച്ചിട്ടുണ്ട്.

Top