Narendra modi’s ‘Congress mukta bharath’ Here ‘communist mukta kerala’

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വരവോടെ സംസ്ഥാനത്തെ രാഷ്ട്രീയചിത്രം മാറുമെന്ന പ്രതീക്ഷയില്‍ ബിജെപി.

വിജയസാധ്യതയുള്ള മണ്ഡലങ്ങള്‍ പ്രചരണം ചൂട് പിടിക്കുന്ന മുറക്ക് വര്‍ദ്ധിച്ച് കൊണ്ടിരിക്കുന്നുവെന്ന ആവേശത്തിലാണ് നേതാക്കള്‍.

ഇടത്-വലത് മുന്നണികള്‍ക്ക് ചുരുങ്ങിയത് അന്‍പത് മണ്ഡലങ്ങളിലെങ്കിലും ബിജെപി വലിയ വെല്ലുവിളി ഉയര്‍ത്തുന്നുണ്ടെന്നാണ് വിലയിരുത്തല്‍.

ഈ മണ്ഡലങ്ങളില്‍ ബിജെപി പിടിക്കുന്ന വോട്ടുകളായിരിക്കും ഇരുമുന്നണികളുടെയും സ്ഥാനാര്‍ത്ഥികളുടെ വിജയത്തില്‍ ‘നിര്‍ണ്ണായക’മാവുകയെന്നാണ് കണക്ക്കൂട്ടല്‍.

ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ മത്സരിക്കുന്ന വട്ടിയൂര്‍കാവ്, ഒ രാജഗോപാല്‍ മത്സരിക്കുന്ന നേമം തുടങ്ങി മഞ്ചേശ്വരത്ത് മത്സരിക്കുന്ന കെ സുരേന്ദ്രന്‍ വരെ ചുരുങ്ങിയത് അഞ്ച് സീറ്റില്‍ നിഷ്പ്രയാസം വിജയിക്കുമെന്നും ഇത് 10 വരെ ആയാല്‍ അത്ഭുതപ്പെടേണ്ടതില്ലെന്നുമാണ് ബിജെപി നേതാക്കളുടെ അവകാശവാദം.

ശക്തികേന്ദ്രങ്ങളായ തിരുവനന്തപുരം,കാസര്‍കോഡ് ജില്ലകള്‍ക്ക് പുറമെ പത്തനംതിട്ട,ആലപ്പുഴ, തൃശ്ശൂര്‍,പാലക്കാട് ജില്ലകളില്‍ അത്ഭുതം സൃഷ്ടിക്കുമെന്നാണ് ബിജെപി നേതൃത്വം പറയുന്നത്.

കോഴിക്കോട്, കുന്ദമംഗലത്ത് മത്സരിക്കുന്ന ബിജെപി മുന്‍ അധ്യക്ഷന്‍ സികെപി പത്മനാഭന്‍ പോലും ശക്തമായ മത്സരം മണ്ഡലത്തില്‍ സൃഷ്ടിച്ചത് രാഷ്ട്രീയ നിരീക്ഷകരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

ബിജെപി ഇത്തവണ വലിയ തോതില്‍ വോട്ടുകള്‍ പിടിക്കുമെന്നും അവര്‍ പിടിക്കുന്ന വോട്ടുകള്‍ ഏത് വിഭാഗത്തിന്റെതാകുമെന്നതിനെ ആശ്രയിച്ചായിരിക്കും മുന്നണികളുടെ വിജയസാധ്യതയെന്നുമാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

നരേന്ദ്ര മോദിയുടെയും കേന്ദ്രമന്ത്രി പടയുടെയും പ്രചാരണം വരുന്നതോടെ ബിജെപി കൂടുതല്‍ ഉഷാറാവുമെന്നും ഇത് യുവവോട്ടര്‍മാരെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നുമാണ് ആര്‍എസ്എസ് കണക്ക്കൂട്ടുന്നത്.

അതിനാല്‍ തന്നെ മോദിയുടെ റാലികള്‍ വന്‍ ജനപങ്കാളിത്വത്തോടെ ഉള്ളതായിരിക്കണമെന്ന നിര്‍ദ്ദേശം ജില്ലാ ഘടകങ്ങള്‍ക്ക് സംഘ്പരിവാര്‍ നേതൃത്വം നല്‍കിയിട്ടുണ്ട്.

ബിജെപി മുന്നണി സ്ഥാനാര്‍ഥികളുടെ പ്രചാരണത്തിനായി എത്തുന്ന നരേന്ദ്ര മോദി സംസ്ഥാനത്ത് അഞ്ച് റാലികളിലാണ് പങ്കെടുക്കുന്നത്. മേയ് ആറു മുതല്‍ 11 വരെയാണ് പ്രധാനമന്ത്രിയുടെ പര്യടനം. തിരുവനന്തപുരം, പത്തനംതിട്ട, കാസര്‍കോട്, പാലക്കാട് ജില്ലകളിലായി അഞ്ച് പൊതുയോഗങ്ങളില്‍ പ്രധാനമന്ത്രി പ്രസംഗിക്കും.

ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ മേയ് ഒന്നു മുതല്‍ 14 വരെ വിവിധ ജില്ലകളിലെ തെരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കും. ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് മേയ് ആറ്, ഏഴ് തീയതികളിലും കേന്ദ്രമന്ത്രിമാരായ വെങ്കയ്യ നായിഡു എട്ട്, ഒമ്പത് തീയതികളിലും സ്മൃതി ഇറാനി എട്ടിനും സദാനന്ദ ഗൗഡ 11വരെയും വിവിധ പരിപാടികളില്‍ പങ്കെടുക്കും. കേന്ദ്രമന്ത്രിമാരായ സുഷമാ സ്വരാജ്, അരുണ്‍ ജെയ്റ്റ്‌ലി, നിര്‍മലാ സീതാരാമന്‍, മനോഹര്‍ പരീകര്‍, പൊന്‍രാധാകൃഷ്ണന്‍ എന്നിവരും എത്തുന്നുണ്ട്. എന്‍.ഡി.എയുടെ നയരേഖ ഈ മാസം 30ന് തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി അരുണ്‍ജെയ്റ്റ്‌ലിയാണ് പ്രകാശനം ചെയ്യുന്നത്.

ഇടത്-വലത് മുന്നണികള്‍ക്ക് വ്യക്തമായ ഭൂരിപക്ഷം കിട്ടാത്ത തൂക്ക് മന്ത്രിസഭയാണ് ബിജെപി ലക്ഷ്യമിടുന്നത്. അത്തരമൊരു സാഹചര്യത്തില്‍ ബിജെപിക്ക് നിര്‍ണ്ണായ റോള്‍ കൈവരുമെന്നാണ് പ്രതീക്ഷ.

അതേസമയം, ആര്‍എസ്എസിന്റെ കണ്ണിലെ കരടായ സിപിഎം സ്ഥാനാര്‍ത്ഥികളെ ടാര്‍ഗറ്റ് ചെയ്ത് തോല്‍പ്പിക്കാന്‍ പലയിടത്തും ശ്രമം നടക്കുന്നുണ്ടെന്ന ആക്ഷേപത്തിന് ഇതുവരെ സംഘ്പരിവാര്‍ നേതൃത്വം മറുപടി നല്‍കാന്‍ തയ്യാറായിട്ടില്ല.

ഇതോടെ, വോട്ടെടുപ്പ് ദിവസം ചില നിര്‍ണ്ണായക’ അടിയൊഴുക്കുകള്‍ ഉണ്ടാവാനുള്ള സാധ്യത രാഷ്ട്രീയനിരീക്ഷകരും മുന്നില്‍ കാണുന്നുണ്ട്.

കോണ്‍ഗ്രസ് മുക്ത ഭാരതമാണ് മോദിയുടെയും ബിജെപി-ആര്‍എസ്എസ് കേന്ദ്ര നേതൃത്വത്തിന്റെയും ലക്ഷ്യമെങ്കിലും കാര്യങ്ങള്‍ നടപ്പാക്കേണ്ട കേരള ഘടകത്തിന് പക്ഷേ വ്യത്യസ്ത അഭിപ്രായമാണുള്ളത്.

സിപിഎം നിയന്ത്രണത്തിലുള്ള ഇടത് സര്‍ക്കാര്‍ ഇത്തവണ അധികാരത്തില്‍ വരാതിരിക്കുന്നതാണ് സംസ്ഥാനത്തെ ബിജെപിക്ക് ഗുണം ചെയ്യുകയെന്നാണ് അവരുടെ വാദം.

ബിജെപി പ്രതീക്ഷയര്‍പ്പിക്കുന്ന ഭൂരിപക്ഷ സമുദായങ്ങളുടെ പിന്‍തുണ ഏറ്റവുമധികം ലഭിക്കുന്ന പാര്‍ട്ടി സിപിഎം ആയതിനാല്‍ ഈ വോട്ട് ബാങ്ക് തകര്‍ക്കാതെ ഒരടി മുന്നോട്ട് പോവാന്‍ കഴിയില്ലെന്നാണ് സംസ്ഥാന ഘടകം ചൂണ്ടിക്കാണിക്കുന്നത്.

ഇടതുപക്ഷം അധികാരത്തില്‍ വന്നാല്‍ പ്രവര്‍ത്തകര്‍ വ്യാപകമായി ആക്രമിക്കപ്പെടുമെന്ന ഭീതിയും ബിജെപി-ആര്‍എസ്എസ് നേതൃത്വങ്ങള്‍ക്കുണ്ട്.

അതിനാല്‍ തന്നെ ‘കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന’ മോദിയുടെ ആഗ്രഹം തല്‍ക്കാലം കേരളത്തില്‍ മാറ്റി കമ്മ്യൂണിസ്റ്റ് മുക്ത കേരളമെന്നാക്കി മാറ്റാനാണ് ശ്രമം.

കാര്യങ്ങള്‍ ‘ബോധ്യപ്പെട്ട’ കേന്ദ്ര നേതൃത്വം യുക്തമായ തീരുമാനമെടുക്കാന്‍ സംസ്ഥാന നേതൃത്വത്തിന് ഉടന്‍തന്നെ അനുമതി നല്‍കുമെന്നാണ് നേതാക്കളുടെ പ്രതീക്ഷ.

Top