മോദി വന്നാൽ മമതയുടെ കാര്യം ത്രിശങ്കു, പിണറായി സർക്കാറിനെ തൊടാനാവില്ല

കേന്ദ്രത്തില്‍ ഏതു സര്‍ക്കാര്‍ അധികാരത്തില്‍വന്നാലും ആ സ്വപ്നം സ്വപ്നമായി തന്നെ അവശേഷിക്കും. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ വീഴ്ത്തുന്ന സര്‍ക്കാരുകളുടെ ലിസ്റ്റില്‍ ഇപ്പോള്‍ തന്നെ ബംഗാളും കര്‍ണ്ണാടകയും മധ്യപ്രദേശും ഇടംപിടിച്ചു കഴിഞ്ഞു. ഇതില്‍ കര്‍ണ്ണാടകയിലും മധ്യപ്രദേശിലും എം.എല്‍.എമാരുടെ അട്ടിമറിയിലൂടെ സക്കാരുകളെ വീഴ്ത്താനാണ് ശ്രമം.

ഈ നീക്കം എക്‌സിറ്റ് പോള്‍ ഫലം വന്നത്തോടെ തന്നെ ശക്തമായി കഴിഞ്ഞു. ബംഗാള്‍ സര്‍ക്കാറിനെയാകട്ടെ പിരിച്ചു വിടാനാണ് ആലോചന. ഈ നീക്കങ്ങള്‍ക്കെല്ലാം പിന്നില്‍ സംഘപരിവാര്‍ നേതൃത്വത്തിന്റെ താല്‍പ്പര്യങ്ങളാണുള്ളത്.

ഇക്കാര്യത്തില്‍ ആര്‍.എസ്.എസ് നേതൃത്വം ഏറ്റവും അധികം ആഗ്രഹിക്കുന്നത് കേരളത്തിലെ പിണറായി സര്‍ക്കാരിന്റെ അന്ത്യമാണ്. അതിന് ഇനി നിയമസഭ തിരഞ്ഞെടുപ്പ് വരെ കാത്തിരിക്കാനുള്ള ക്ഷമയൊന്നും പരിവാര്‍ നേതൃത്വത്തിനില്ല.

ആര്‍.എസ്.എസിന് രാജ്യത്ത് ഏറ്റവും അധികം ശാഖകളും ബലിദാനികളും ഉള്ള കേരളത്തില്‍, പ്രവര്‍ത്തകരും നേതാക്കളും നിരന്തരം പീഡിപ്പിക്കപ്പെടുന്നതാണ് ദേശീയ നേതൃത്വത്തെ പ്രകോപിപ്പിച്ചിരിക്കുന്നത്.

ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട് നേതാക്കളുടെ പേരില്‍ നൂറ് കണക്കിന് കേസുകള്‍ ചുമത്തപ്പെട്ടതാണ് ഇതില്‍ പ്രധാനം. തേടി പിടിച്ച് പിണറായി ഭരണകൂടം സംഘപരിവാറിനെ വേട്ടയാടുകയാണെന്ന പരാതിയാണ് കേന്ദ്ര നേതൃത്വത്തിന് മുന്നില്‍ സംസ്ഥാന നേതൃത്വം ഉന്നയിച്ചിരിക്കുന്നത്.

ആദ്യം തന്നെ ഗവര്‍ണ്ണറെ മാറ്റി പകരം സംഘപരിവാറില്‍ നിന്നും ശക്തനായ ഒരാളെ കൊണ്ടുവരണമെന്നതാണ് കേരള നേതാക്കളുടെ പ്രധാന ആവശ്യം. ഇത് നേരത്തെ തന്നെ അവര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നതാണ്.

മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നാല്‍ നടത്തുന്ന ഗവര്‍ണ്ണര്‍ നിയമനങ്ങളില്‍ ആദ്യഘട്ടത്തില്‍ തന്നെ ഇക്കാര്യത്തില്‍ പരിഗണന ഉണ്ടാകാനും സാധ്യത തെളിഞ്ഞിട്ടുണ്ട്.

എന്നാല്‍ പിണറായി സര്‍ക്കാരിനെ പിരിച്ചുവിടുക എന്ന സാഹസത്തിന് മോദി വീണ്ടും വന്നാലും തയ്യാറാവാന്‍ ഇടയില്ല. ഒരു സംസ്ഥാന സര്‍ക്കാരിനെ പിരിച്ചു വിടാന്‍ ആവശ്യമായ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഒന്നും തന്നെ നിലവില്‍ കേരളത്തില്‍ ഇല്ല.

ബംഗാളിലെ സാഹചര്യമല്ല കേരളത്തിലുള്ളത്. കാരണം ഉണ്ടാക്കി പിരിച്ചുവിട്ടാല്‍ പോലും അത് നിയമയുദ്ധത്തില്‍ കലാശിക്കും. കോടതി തന്നെ ഇടപെടുന്ന സാഹചര്യവും ഉണ്ടാകും. ഇതിനെല്ലാം പുറമെ രാഷ്ട്രീയപരമായ ഒരു നേട്ടവും ബി.ജെ.പിക്ക് ഉണ്ടാകുകയുമില്ല.

അതേസമയം, നിയമസഭ തിരഞ്ഞെടുപ്പിന് മുന്‍പുള്ള ഇത്തരമൊരു അട്ടിമറി നീക്കം ഇടതുപക്ഷത്തിനാണ് സഹായകരമാകുക. അത് ഒരു പക്ഷേ വമ്പന്‍ ഭൂരിപക്ഷത്തിന് പിണറായിക്ക് ഭരണ തുടര്‍ച്ച തന്നെ സാധ്യമാക്കിയേക്കും.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി അക്കൗണ്ട് തുറന്നാല്‍ പോലും പെട്ടന്ന് കേരളത്തിലെ രാഷ്ട്രീയ സാഹചര്യം മാറ്റിമറിക്കാനുള്ള കരുത്ത് കാവിപ്പടയ്ക്കില്ല.

ഇപ്പോള്‍ യു.ഡി.എഫിനൊപ്പം നില്‍ക്കുന്ന മത ന്യൂനപക്ഷങ്ങള്‍ പോലും കേന്ദ്രം സാഹസം കാട്ടിയാല്‍ ഒറ്റക്കെട്ടായി ഇടതു പക്ഷത്തെ പിന്തുണക്കാനാണ് സാധ്യത. ഈ ധൈര്യത്തില്‍ തന്നെയാണ് മുന്‍പ് പലവട്ടം സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിടാന്‍ സി.പി.എം നേതൃത്വം ബി.ജെ.പിയെ വെല്ലുവിളിച്ചിരുന്നത്.

ഈ യാഥാര്‍ത്ഥ്യങ്ങള്‍ ഉള്‍കൊണ്ട് മുന്‍ നിലപാടില്‍ നിന്നും ആര്‍.എസ്.എസ് പതുക്കെ പിന്നോട്ട് പോയിട്ടുണ്ട്. സംഘ പരിവാറുകാരനായ ഒരു ഗവര്‍ണ്ണറെ നിയമിച്ച് കേരള നേതൃത്വത്തിന് താല്‍ക്കാലിക ആശ്വാസം പകരാനുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ അണിയറയില്‍ സജീവമായിരിക്കുന്നത്. പി.സദാശിവത്തെ മാറ്റി നിര്‍ത്തുകയോ അതല്ലെങ്കില്‍ മറ്റേതെങ്കിലും സംസ്ഥാനത്തേക്ക് മാറ്റി നിയമിക്കുകയോ ചെയ്യണമെന്നതാണ് ആര്‍.എസ്.എസ് താല്‍പ്പര്യം.

ഗവര്‍ണറെ ഉപയോഗിച്ച് സര്‍ക്കാരിനെ വെള്ളം കുടിപ്പിക്കാന്‍ കഴിയുമെന്നും വരച്ചവരയില്‍ നിര്‍ത്താന്‍ കഴിയുമെന്നുമാണ് കണക്ക് കൂട്ടല്‍ .
കേരളത്തില്‍ നിന്നും ബി.ജെ.പിക്ക് ലോകസഭയില്‍ അംഗങ്ങള്‍ ഉണ്ടായാലും ഇല്ലെങ്കിലും ശക്തനായ ഒരു കേന്ദ്രമന്ത്രി ഉണ്ടാകണമെന്ന ആഗ്രഹവും ആര്‍.എസ്.എസിനുണ്ട്. കുമ്മനം രാജശേഖരനെ തന്നെയാണ് പരിവാര്‍ നേതൃത്വം മുന്നോട്ട് വയ്ക്കുന്നത്.

എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ കേരളത്തില്‍ ബി.ജെ.പി അക്കൗണ്ട് തുറക്കുമെന്നാണ് പ്രവചിച്ചിരുന്നത്. കുമ്മനത്തിനും സുരേന്ദ്രനും വിജയ സാധ്യത ഉണ്ടെന്നാണ് ആര്‍.എസ്.എസ് വിലയിരുത്തല്‍.

രണ്ടു പേര്‍ വിജയിച്ചാല്‍ രണ്ടു കേന്ദ്ര മന്ത്രി പദം തന്നെ കേരളത്തിന് കിട്ടാനും സാധ്യത ഏറെയാണ്. സുരേന്ദ്രന്‍ പരാജയപ്പെട്ടാല്‍ അദ്ദേഹത്തെ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനാക്കിയേക്കും.

ആര്‍.എസ്.എസിന് മുന്‍പുണ്ടായിരുന്ന എതിര്‍പ്പ് ഇപ്പോള്‍ സുരേന്ദ്രനോട് ഇല്ലാത്തത് സംഘടനാപരമായി സുരേന്ദ്രന് നേട്ടമാകും. പി. എസ്.ശ്രീധരന്‍ പിള്ളയെ മാറ്റണമെന്ന നിലപാടില്‍ ബി.ജെ.പിയിലെ ഗ്രൂപ്പുകള്‍ ഇപ്പോള്‍ തന്നെ ഏക അഭിപ്രായത്തിലാണ്.

അല്‍ഫോണ്‍സ് കണ്ണന്താനത്തിന് മന്ത്രി പദവി നല്‍കരുതെന്ന താല്‍പ്പര്യവും കേരള നേതാക്കള്‍ക്കിടയിലുണ്ട്.അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പിണറായി സ്തുതി അദ്ദേഹം മന്ത്രി സ്ഥാനം ഏറ്റെടുത്ത സമയത്ത്തന്നെ ആര്‍.എസ്.എസിനെ പ്രകോപിപ്പിച്ചിരുന്നു.

മുന്‍ ഐ.എ.എസ് ഓഫീസര്‍ എന്ന കാര്യം കൂടി പരിഗണിച്ചാണ് അല്‍ഫോണ്‍സ് കണ്ണന്താനത്തെ മോദി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ക്രിസ്ത്യന്‍ പ്രാതിനിത്യവും അന്ന് അദ്ദേഹത്തിന് അനുകൂല ഘടകമായിരുന്നു.

എന്നാല്‍ ഇനി ഈ പരിഗണന വേണ്ടന്നാണ് കേരളത്തിലെ പ്രമുഖ നേതാക്കളുടെ നിലപാട്. ഇക്കാര്യത്തില്‍ എന്തായാലും പ്രധാനമന്ത്രിയുടെ നിലപാടായിരിക്കും നിര്‍ണ്ണായകമാകുക.

രാജ്യസഭയില്‍ കണ്ണന്താനത്തിന് ഇനിയും കാലാവധിയുണ്ട്. നടന്‍ സുരേഷ് ഗോപി , വി.മുരളീധരന്‍, റിച്ചാര്‍ഡ് ഹെ എന്നിവരാണ് രാജ്യസഭയിലുള്ള മറ്റു ബി.ജെ.പി നേതാക്കള്‍. ഇവരും കേന്ദ്രമന്ത്രി പദം ആഗ്രഹിക്കുന്നവരാണ്. എന്‍.ഡി.എക്ക് കേവല ഭൂരിപക്ഷം കിട്ടിയാല്‍ കേന്ദ്രമന്ത്രി പദത്തിനുള്ള കരു നീക്കങ്ങളും അണിയറയില്‍ സജീവമാകും.

Express Kerala View

Top