പ്രിയങ്ക വിതക്കുന്നത് കൊയ്യാൻ മോദിയും, യു.പിയില്‍ കലങ്ങി മറിഞ്ഞ് പ്രതിപക്ഷം !

യു.പിയില്‍ ആകെയുള്ള 80 സീറ്റാണ് രാജ്യം ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്നത്. ഈ 80-ല്‍ 73 സീറ്റും നേടിയതാണ് 2014ല്‍ കേന്ദ്രത്തില്‍ ബി.ജെ.പിക്ക് ഭരണം പിടിക്കാന്‍ വഴി ഒരുക്കിയത്. സമാനമായ സാഹചര്യം കാവി രാഷ്ട്രീയത്തിന് അനുകൂലമായി സൃഷ്ടിക്കാനാണ് കോണ്‍ഗ്രസ്സിന്റെ സാന്നിധ്യം ഇപ്പോള്‍ വഴി ഒരുക്കിയിരിക്കുന്നത്.മായാവതിയും മുലായംസിംഗ് യാദവും തുടങ്ങി പ്രതിപക്ഷത്തെ പ്രമുഖര്‍ മത്സരിക്കുന്ന 7 സീറ്റുകളില്‍ മത്സരിക്കില്ലെന്ന് കോണ്‍ഗ്രസ്സ് പ്രഖ്യാപിച്ചതും എസ്.പി – ബി.എസ്.പി സഖ്യത്തിന് തിരിച്ചടിയാണ്. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒരുമിച്ചാണെന്ന തോന്നല്‍ വോട്ടര്‍മാരില്‍ സൃഷ്ടിക്കാനും വോട്ടുകള്‍ ഭിന്നിക്കാനും ഇത്തരമൊരു ‘സഹായം’ പാര ആവുമെന്ന ഭീതിയിലാണ് എസ്.പി – ബി.എസ്.പി സഖ്യം.

ആശയക്കുഴപ്പമുണ്ടാകാന്‍ കോണ്‍ഗ്രസ്സ് ശ്രമിക്കരുതെന്ന മായാവതിയുടെയും അഖിലേഷ് യാദവിന്റെയും പ്രതികരണം തന്നെ അപകടം മുന്നില്‍ കണ്ടാണ്. ഒറ്റക്ക് വിജയിക്കാന്‍ തങ്ങള്‍ക്ക് സാധിക്കുമെന്നും 80 ലോകസഭ സീറ്റിലും സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനുമാണ് ഇരുവരും കോണ്‍ഗ്രസ്സിനെ വെല്ലുവിളിക്കുന്നത്. 37 സീറ്റില്‍ എസ്.പിയും 38 സീറ്റില്‍ ബി എസ്.പിയും മൂന്ന് സീറ്റില്‍ രാഷ്ട്രീയ ലോക് ദളുമാണ് ഈ സഖ്യത്തില്‍ വോട്ട് തേടുന്നത്.

രാഹുല്‍ ഗാന്ധിയുടെ അമേഠിയിലും സോണിയ ഗാന്ധിയുടെ റായ്ബറേലിയിലും സഖ്യം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നില്ല. ഇതിന് പ്രത്യുപകാരം എന്ന നിലയിലാണ് 7 സീറ്റില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തേണ്ടതില്ലെന്ന് കോണ്‍ഗ്രസ്സ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ഈ വിട്ടു വീഴ്ച എസ്.പി – ബി.എസ്.പി വോട്ട് ബാങ്കിലും വലിയ ആശയക്കുഴപ്പമാണ് സൃഷ്ടിച്ചത്. പ്രിയങ്ക ഗാന്ധി യു.പി ഉഴുതുമറിച്ച് പ്രചരണം കൂടി തുടങ്ങിയതോടെ എല്ലാം ഒന്നാണെന്ന് കരുതി കൈപ്പത്തിക്ക് ജനങ്ങള്‍ വോട്ട് ചെയ്യുമെന്ന ഭീതി എസ്.പി – ബി.എസ്.പി നേതാക്കള്‍ക്കുമുണ്ടായി. ഇതാണ് പരസ്യ പ്രസ്താവനയുമായി രംഗത്ത് വരാന്‍ മായാവതിയേയും അഖിലേ് യാദവിനേയും പ്രേരിപ്പിച്ചത്.

പ്രിയങ്കയുടെ ഗംഗാ യാത്രക്ക് തുടക്കത്തില്‍ തന്നെ വലിയ പിന്തുണയാണ് യു .പി യില്‍ ലഭിച്ചിരിക്കുന്നത്. രണ്ട് മണിക്കൂര്‍ വൈകി എത്തിയിട്ടും തിരക്ക് കൂടിയതേയുള്ളു. 3 ദിവസം കൊണ്ട് 130 കിലോമീറ്റര്‍ ഗംഗയിലൂടെയാണ് ബോട്ട് യാത്ര നടത്തുന്നത്. കിഴക്കന്‍ യു.പിയിലാണ് പ്രിയങ്കയുടെ ശ്രദ്ധ മുഴുവനെങ്കിലും ഫലത്തില്‍ അലയൊലി യു.പി മൊത്തം ഇപ്പോള്‍ പ്രകടമാണ്. 2009തില്‍ കോണ്‍ഗ്രസ് യു.പിയില്‍ 21 സീറ്റുമായി മിന്നുന്ന മുന്നേറ്റം കാഴ്ചവെച്ചിരുന്നു. പഴയ കോണ്‍ഗ്രസ് കോട്ടയായിരുന്ന യു.പിയില്‍ ശക്തിതെളിയിക്കാന്‍ കോണ്‍ഗ്രസ് ഹൈകമാന്റ് പ്രിയങ്കാഗാന്ധിക്ക്‌ പ്രചരണ ചുമതല നല്‍കിയത് തന്നെ പഴയ ശക്തി വീണ്ടെടുക്കാനാണ് . പ്രിയങ്കക്കു പുറമെ ജ്യോതിരാധിത്യ സിന്ധ്യക്കും ഗുലാംനബി ആസാദിനും യുപിയില്‍ ചുമതലകളുണ്ട്.

രാഹുലിനെ പ്രധാനമന്ത്രിയാക്കുക എന്നതാണ് സഹോദരിയായ പ്രിയങ്ക പ്രധാനമായും ലക്ഷ്യമിടുന്നത്. അതിന് തടസ്സമായി മൂന്നാം ബദല്‍ ഉയര്‍ന്ന് വരാതിരിക്കാന്‍ മായാവതിയുടെയും അഖിലേഷിന്റെയും പാര്‍ട്ടികള്‍ കൂടുതല്‍ സീറ്റ് വാങ്ങരുതെന്നും അവര്‍ ആഗ്രഹിക്കുന്നു. മമതയെ പോലെ മായാവതിയും തിരഞ്ഞെടുപ്പിന് ശേഷം സമ്മര്‍ദ്ദ ശക്തിയാകാനുള്ള അവസ്ഥ മുന്നില്‍ കണ്ടാണ് തന്ത്രപരമായ ഈ നീക്കം. സഹോദരനോടുള്ള ഈ സ്‌നേഹത്തില്‍ പക്ഷേ നേട്ടം കൊയ്യുക ബി.ജെ.പിയാണെന്നത് പ്രിയങ്കയും ഓര്‍ക്കുന്നില്ല. പ്രധാനപ്പെട്ട എല്ലാ പ്രതിപക്ഷ പര്‍ട്ടികളും ഒന്നിച്ചിരുന്നെങ്കില്‍ യു.പി യില്‍ നിഷ്പ്രയാസം നേട്ടം കൊയ്യാമായിരുന്നു.

വാരണാസിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും മത്സരിക്കുമ്പോള്‍ പ്രചരണ നേതൃത്വത്തില്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ്‌. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മാണം നടത്താതതില്‍ ആര്‍.എസ്.എസിനും വി.എച്ച്.പിക്കുമുള്ള രോഷം മാത്രമാണ് ബി.ജെ.പി അല്‍പ്പമെങ്കിലും ഭയക്കുന്നത്. എന്നാല്‍ എല്ലാ സംഘപരിവാർ സംഘടനകളും ഒന്നിക്കുന്നതോടെ ഈ പ്രതിഷേധം തണുപ്പിക്കാന്‍ പറ്റുമെന്നാണ് ബിജെപി നേത്വത്തിന്റെ പ്രതീക്ഷ. സമവായത്തിന് ആര്‍എസ്എസ് തലവന്‍ മോഹന്‍ഭാഗവത് തന്നെ ഇപ്പോള്‍ നേരിട്ട് ഇടപ്പെട്ടിട്ടുണ്ട്. 80-ല്‍ 73 സീറ്റിലും മത്സരിക്കുന്ന കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥികള്‍ പിടിക്കുന്ന വോട്ടുകളിലാണ് ബി.ജെ.പി പ്രതീക്ഷ. ശക്തമായ ത്രികോണ മത്സരത്തില്‍ പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിക്കുന്നത് വലിയ നേട്ടമാകുമെന്നാണ് അവര്‍ കണക്ക് കൂട്ടുന്നത്. മോദി കൂടി എത്തുന്നതോടെ യു.പി കാവി തരംഗത്തില്‍ ആകുമെന്നാണ് കാവിപ്പട കരുതുന്നത്.

ടൈംസ് നൗ – വി.എം.ആര്‍ സര്‍വേയില്‍ 283 സീറ്റാണ് ലോകസഭയില്‍ ബി.ജെ.പി സഖ്യത്തിന് പ്രവചിച്ചിരിക്കുന്നത്. പാക്കിസ്ഥാനിലെ ബാലക്കോട്ട് ഇന്ത്യന്‍ സൈന്യം ബോംബിട്ടതാണ് ബി.ജെ.പിയുടെ നേട്ടത്തിന് കാരണമാകുകയെന്നാണ് ടൈംസ് നൗ സര്‍വേയില്‍ വ്യക്തമാകുന്നത്. ഇതിനിടെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ച് മത്സരിച്ചാലേ ബി.ജെ.പിയെ പിടിച്ചുകെട്ടാന്‍ കഴിയൂ എന്ന് വ്യക്തമായതിനാല്‍ സീറ്റ് ധാരണക്ക് ശ്രമിക്കണമെന്ന ആവശ്യവുമായി ന്യൂനപക്ഷ സമുദായ നേതാക്കളും രംഗത്ത് വന്നിട്ടുണ്ട്.

Top