ധാര്‍ഷ്ട്യം ഒഴിവാക്കണം ;മാധ്യമങ്ങളോട് അനാവശ്യ പ്രസ്താവനകൾ പാടില്ലെന്നും മോദി

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഗംഭീര വിജയം നല്‍കിയ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് നരേന്ദ്രമോദി. എന്‍.ഡി.എയുടെ പാര്‍ലമെന്ററി പാര്‍ട്ടി യോഗം നേതാവായി തിരഞ്ഞെടുത്ത ശേഷം നേതാക്കളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

സെൻട്രൽ ഹാളിൽ വച്ചിരുന്ന ഭരണഘടനയിൽ തലതൊട്ട് വന്ദിച്ചാണ് മോദി പ്രംസഗം ആരംഭിച്ചത്. ഒരു പുതിയ ഊര്‍ജവുമായി തുടങ്ങണമെന്നും ഒപ്പം ഇന്ത്യന്‍ ജനാധിപത്യത്തെ അറിയുകയും വേണമെന്നും മോദി ജനപ്രതിനിധികളോടായി പറഞ്ഞു.

ജനവിധി നല്‍കുന്നത് വലിയ ഉത്തരവാദിത്തമാണ്. മതിലുകള്‍ പൊളിച്ച്‌ ജനങ്ങളെ ഒന്നാക്കിയ വര്‍ഷമാണിതെന്നും അദ്ദേഹം പറഞ്ഞു. എല്ലാവര്‍ക്കുമൊപ്പം,​ എല്ലാവരുടെയും വികസനം അതാണ് ലക്ഷ്യം. പിന്തുണച്ചരെയും അല്ലാത്തവരെയും ഒപ്പം നിറുത്തണം. ഭരണഘടനയെ ഓര്‍മ്മിപ്പിച്ചുകൊണ്ടായിരുന്നു മോദിയുടെ പരാമര്‍ശം.

ലോകം മുഴുവന്‍ ഇന്ത്യന്‍ തെരഞ്ഞെടുപ്പ് ഉറ്റ് നോക്കുകയായിരുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മാറ്റങ്ങള്‍ക്ക് നിങ്ങള്‍ സാക്ഷികളാണ്, ഉത്തരവാദികളുമാണ്. സേവനത്തേക്കാള്‍ വലിയ പ്രചോദനം ഇല്ല. നിങ്ങളുടെ നേതാവായി നിങ്ങളെന്നെ തെരഞ്ഞെടുത്തു. എന്നാല്‍ ഞാന്‍ നിങ്ങളിലൊരാളാണ്. നിങ്ങള്‍ക്ക് തുല്യമാണ്.

നമ്മളെക്കാളുപരി ഈ രാജ്യത്തിന്‍റെ ഉയര്‍ച്ചയ്ക്കായാണ് ജനങ്ങള്‍ നമ്മളെ തെരഞ്ഞെടുത്തത്. ഭരണ വിരുദ്ധ വികാരത്തിന് പകരം ജനങ്ങള്‍ നമ്മളില്‍ വിശ്വാസമര്‍പ്പിച്ചു, അത് ഭരണാനുകൂല തരംഗമാണ്. കൂടുകക്ഷി രാഷ്ട്രീയത്തിൽ ഉറച്ച് മുന്നോട്ട് പോകും. ദേശീയ താല്പര്യവും പ്രാദേശിക സ്വപ്നങ്ങളും ഒന്നിച്ചു നീങ്ങണമെന്നും മോദി വ്യക്തമാക്കി.

എല്ലാ എന്‍ഡിഎ നേതാക്കളും, എന്‍ഡിഎയുടെ എല്ലാ ഘടകക്ഷികളും തന്നെ നേതാവായി തെരഞ്ഞെടുത്തു. ഇതില്‍ എല്ലാവരോടും തനിക്ക് കടപ്പാടുണ്ടെന്നും മോദി പറഞ്ഞു.

Top