ദുരുദ്ദേശത്തോടെ ഒന്നും ചെയ്യില്ല ; ഇന്ത്യയിലെ ജനങ്ങള്‍ തന്റെ ഭിക്ഷാപാത്രം നിറച്ചുവെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി : ഇന്ത്യയിലെ ജനങ്ങള്‍ തന്റെ ഭിക്ഷാപാത്രം നിറച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുരുദ്ദേശത്തോടെ താന്‍ ഒന്നും ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ വീണ്ടും വിജയിച്ചുവെന്നും എല്ലാവര്‍ക്കുമൊപ്പം, എല്ലാവരുടെയും വികസനം ഒപ്പം എല്ലാവരുടെയും വിശ്വാസം കൂടിയാകുമ്പോള്‍ ഇന്ത്യ വിജയിക്കുമെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

ഒരുമിച്ച് വളരാം, ഒരുമിച്ച് വികസിക്കാം ഒപ്പം നമുക്ക് ഒരുമിച്ച് എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഒരു ഇന്ത്യയെ കെട്ടിപ്പടുക്കാമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ചരിത്രത്തിലാദ്യമായാണ് ഒരു കോണ്‍ഗ്രസ് ഇതര സര്‍ക്കാര്‍ രാജ്യത്ത് ഭരണം നിലനിര്‍ത്തുന്നത്. ഇതിന്റെ ആവേശത്തിലാണ് ബിജെപി പ്രവര്‍ത്തകരും നേതാക്കളും.

കേരളത്തില്‍ ബിജെപിക്കു വേണ്ടി ജീവത്യാഗംചെയ്ത പ്രവര്‍ത്തകരെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വിജയപ്രസംഗത്തില്‍ അനുസ്മരിച്ചു. ബംഗാളില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിലുണ്ടായ ബിജെപിയുടെ മുന്നേറ്റം വരും ദിനങ്ങളിലേയ്ക്കുള്ള മുന്നറിയിപ്പാണെന്ന് അമിത് ഷാ പറഞ്ഞു.

ചരിത്രവിജയം നേടിയ മോദിക്കു ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് ഉജ്ജ്വല സ്വീകരണമാണ് നല്‍കിയത്. പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ മോദിയെ സ്വീകരിച്ചു. രാജ്‌നാഥ് സിങ്, സുഷമ സ്വരാജ്, ശിവ്‌രാജ് സിങ് ചൗഹാന്‍ തുടങ്ങി പ്രമുഖനേതാക്കള്‍ സന്നിഹിതരായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് ജയിച്ച ജഗന്‍ മോഹന്‍ റെഡ്ഡിക്കും നവീന്‍ പട്‌നായിക്കിനും അമിത് ഷാ അഭിനന്ദനങ്ങള്‍ അറിയിച്ചു.

Top