വേ​ത​ന​മി​ല്ല ; പ്ര​ധാ​ന​മ​ന്ത്രി നരേന്ദ്ര മോദിക്കെതിരേ കേ​സ്

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ കേസ്. ദേശീയ തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള വേതനം നല്‍കാത്തതില്‍ ഒന്‍പത് സംസ്ഥാനങ്ങളിലെ 50 ജില്ലകളില്‍ നിന്നുള്ളവരാണ് പ്രധാനമന്ത്രിക്കെതിരെ കേസ് കൊടുത്തത്.

നരേന്ദ്ര മോദിയെ അറസ്റ്റ് ചെയ്യണമെന്നും പരാതിയില്‍ തൊഴിലാളികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ദേശീയ തൊഴിലുറപ്പ് പദ്ധതിയിലുള്ളവര്‍ക്കായി പ്രവര്‍ത്തിക്കുന്ന സംഘര്‍ഷ് മോര്‍ച്ച എന്ന സംഘടനയുടെ നേതൃത്വത്തിലാണ് കേസ് കൊടുത്തിരിക്കുന്നത്.

ബീഹാര്‍, ഉത്തര്‍ പ്രദേശ്, പശ്ചിമ ബംഗാള്‍, കര്‍ണാടക, മദ്ധ്യപ്രദേശ്, ഒഡീഷ, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് പരാതിക്കാര്‍. 2018 ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള വേതനം നല്‍കിയിട്ടില്ലെന്നും വേതനം സംബന്ധിച്ചു പ്രധാനമന്ത്രി വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി കബളിപ്പിക്കുകയാണെന്നും പരാതിയില്‍ പറയുന്നു.

അഞ്ച് മാസത്തെ വേതനമായി 9,573 കോടി രൂപയാണ് നല്‍കാനുള്ളത്. ഇത് ദേശീയ തൊഴിലുറപ്പ് നിയമത്തിന്റെ ലംഘനമാണെന്നും പരാതിക്കാര്‍ ആരോപിക്കുന്നു. പരാതിയനുസരിച്ച് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 116, 420 വകുപ്പുകള്‍ പ്രകാരം 150 പോലീസ് സ്റ്റേഷനുകളിലാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Top