കേന്ദ്ര സർക്കാറിനെ വിറപ്പിച്ച കരുത്ത് . . കെജരിവാളും എസ്.എഫ്.ഐയും മാസ് !

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൂക്കിന് താഴെ രണ്ട് വെല്ലുവിളികള്‍ ഉണ്ട്. അതില്‍ ഒന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളാണെങ്കില്‍ മറ്റൊന്ന് ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയനാണ്. ഈ രണ്ട് വിഭാഗവും കേന്ദ്ര സര്‍ക്കാറിനെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടുന്ന വിഭാഗമാണ്.

ഡല്‍ഹിയില്‍ എന്ത് പ്രതിഷേധകൊടി ഉയര്‍ന്നാലും അതിന്റെ വ്യാപ്തി രാജ്യവ്യാപകമാണ്. മീഡിയകളും അതുപോലെയാണ് വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നത്.

kejrival

ലഫ്റ്റനന്റ് ഗവര്‍ണ്ണറെ മുന്‍ നിര്‍ത്തി വരിഞ്ഞ് മുറുക്കാന്‍ ശ്രമിച്ചിട്ടും വിട്ടു കൊടുക്കാതെയാണ് കെജരിവാള്‍ സര്‍ക്കാര്‍ മുന്നോട്ട്
പോകുന്നത്. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെല്ലാം ഈ സര്‍ക്കാര്‍ പാലിച്ചു കഴിഞ്ഞു. അതുകൊണ്ട് തന്നെ ഭരണ തുടര്‍ച്ചയ്ക്കുള്ള സാധ്യതയും വളരെ കൂടുതലാണ്.

മോദിയെ സംബന്ധിച്ച് രാജ്യ തലസ്ഥാനത്തിന്റെ ഭരണം കെജരിവാളിന്റെ കയ്യിലാവുന്നത് ഇഷ്ടമുള്ള കാര്യമൊന്നുമല്ല. അതുകൊണ്ട് തന്നെ ഏത് വിധേയനേയും ഡല്‍ഹി സംസ്ഥാന ഭരണം പിടിക്കാനാണ് ബി.ജെ.പിയുടെ ഇപ്പോഴത്തെ ശ്രമം.

രാജ്യത്തെ പ്രധാന കാമ്പസായ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ നിന്നുയരുന്ന പ്രതിഷേധത്തെ അടിച്ചമര്‍ത്താന്‍ പൊലീസ് ശ്രമിക്കുന്നതും ഭയം കൊണ്ടാണ്. മുന്‍പ് കനയ്യകുമാര്‍ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റായിരിക്കെ നടന്ന പ്രതിഷേധം മുഖവിലക്കെടുത്താണ് ഈ നീക്കവും.

തലസ്ഥാനത്തെ ഈ പ്രധാന കാമ്പസ് ഭരണം പിടിക്കാന്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും എ.ബി.വി.പിക്ക് കഴിഞ്ഞിരുന്നില്ല. എസ്.എഫ്.ഐ നേതൃത്വത്തിലുള്ള വിദ്യാര്‍ത്ഥി യൂണിയനാണ് തകര്‍പ്പന്‍ വിജയം നേടിയിരുന്നത്. എസ്.എഫ്.ഐ നേതാവായ ഐഷെ ഘോഷാണ്
യൂണിയന്‍ പ്രസിഡന്റ്.

ഇടതുപക്ഷത്തിന്റെ ചെങ്കോട്ടയായി ജെ.എന്‍.യു കാമ്പസ് തുടരുന്നതില്‍ സംഘപരിവാര്‍ സംഘടനകളെല്ലാം നിലവില്‍ അസ്വസ്ഥരാണ്. അതുകൊണ്ടാണ് കെജരിവാളിനെ ദ്രോഹിച്ചപോലെ ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥികളെയും ഇപ്പോള്‍ ദ്രോഹിക്കാന്‍ ശ്രമിക്കുന്നത്.

സര്‍വ്വകലാശാലാ വൈസ് ചാന്‍സലര്‍ ഇവിടെ പ്രവര്‍ത്തിക്കുന്നത് മോദി സര്‍ക്കാറിന്റെ ഇഷ്ടം തിരിച്ചറിഞ്ഞാണ്. ഈ ഇടപെടലിനെതിരാണ് ഇപ്പോള്‍ ജെ.എന്‍.യു കാമ്പസില്‍ ഉയര്‍ന്ന് വന്നിരിക്കുന്ന പ്രതിഷേധം.

ഹോസ്റ്റല്‍ ഫീസ് വര്‍ധനയടക്കമുള്ള പരിഷ്‌ക്കാരങ്ങള്‍ക്കെതിരെ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്റെ നേതൃത്വത്തില്‍ രാജ്യതലസ്ഥാനത്തെ ഇളക്കിമറിച്ചാണ് പ്രതിഷേധം നടന്നിരുന്നത്. സര്‍വകലാശാലയുടെ ബിരുദദാന ചടങ്ങില്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പങ്കെടുക്കവെ തുടങ്ങിയ സമരം രാത്രി വൈകിയാണ് അവസാനിച്ചിരുന്നത്. ചടങ്ങ് നടന്ന എഐസിടിഇ ഓഡിറ്റോറിയത്തിന്റെ ഗേയ്റ്റ് വിദ്യാര്‍ത്ഥികള്‍ ഉപരോധിക്കുകയുണ്ടായി.

പരിപാടിക്കെത്തിയ മാനവവിഭവശേഷി മന്ത്രി രമേഷ് നിഷാങ്ക് പൊഖ്രിയാല്‍ ആറ് മണിക്കൂറോളമാണ് ഓഡിറ്റോറിയത്തില്‍ കുടുങ്ങിപോയത്.
ഒടുവില്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്ന് മന്ത്രിക്കും ഉറപ്പുനല്‍കേണ്ടിവന്നു. രണ്ടാഴ്ചയായി സമരം തുടരുന്ന വിദ്യാര്‍ത്ഥികളുമായി വൈസ് ചാന്‍സിലര്‍ എം ജഗദീഷ് കുമാര്‍ ചര്‍ച്ചയ്ക്ക് തയാറാകാത്തതാണ് പ്രതിഷേധത്തിന് വഴിമരുന്നിട്ടിരുന്നത്.

സമാനതകളില്ലാത്ത മര്‍ദ്ദനങ്ങളാണ് പൊലീസ് പ്രതിഷേധക്കാര്‍ക്ക് നേരെ അഴിച്ചുവിട്ടത്. വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് ലാത്തി വീശുകയും കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിക്കുകയും ചെയ്തു. പെണ്‍കുട്ടികളെയടക്കം വലിച്ചിഴയ്ക്കുകയും പുരുഷ പൊലീസുകാര്‍ കയ്യേറ്റം ചെയ്യുകയുമുണ്ടായി.

ഓഡിറ്റോറിയത്തിന്റെ ഗേറ്റിനുമുന്നില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ പൊലീസ് വളഞ്ഞിട്ടാണ് മര്‍ദ്ദിച്ചത്. പൊലീസിന്റെ മര്‍ദ്ദനത്തില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്കേറ്റിരിക്കുന്നത്. ഡല്‍ഹിയിലെ അഭിഭാഷക-പൊലീസ് സംഘര്‍ഷവും പൊലീസുകാരുടെ പണിമുടക്കും ഒര്‍മ്മിപ്പിച്ചാണ് വിദ്യാര്‍ത്ഥികള്‍ ഈ അടിച്ചമര്‍ത്തലുകളെ ചെറുത്തത്.

Political Reporter

Top