മുംബൈയില്‍ നടന്നതുപോലുള്ള ഭീകരാക്രമണങ്ങള്‍ ഇനി ഉണ്ടാകില്ലന്ന് പ്രധാനമന്ത്രി

മുംബൈ : മുംബൈയില്‍ നടന്നതുപോലുള്ള ഭീകരാക്രമണങ്ങള്‍ ഇനി ഉണ്ടാകില്ലന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാരണം കുറ്റവാളികള്‍ക്ക് അവര്‍ ശിക്ഷിക്കപ്പെടുമെന്ന് അറിയാം. ബാലാക്കോട്ട് ആക്രമണവും ഉറിയിലെ സര്‍ജിക്കല്‍ സ്‌ട്രൈക്കും ഉദാഹരണങ്ങളായി ചൂണ്ടിക്കാട്ടിയ മോദി ഇതൊന്നും വെറുംവാക്കല്ലെന്നും ബിജെപിയുടെയും സഖ്യകക്ഷികളുടെയും നയമാണെന്നും കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് ഭരണ സമയത്ത് മുംബൈ ഏതു സമയവും ഭീകരാക്രമണ ഭീഷണിയിലായിരുന്നു. ബോംബ് സ്‌ഫോടനങ്ങള്‍ എപ്പോള്‍ ഉണ്ടാകുമെന്ന് പ്രവചിക്കാന്‍ കഴിയില്ലായിരുന്നു. തീരപ്രദേശങ്ങളെല്ലാം ഭീകരര്‍ക്ക് തുറന്നു കൊടുത്ത നിലയിലായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മഹാരാഷ്ട്രയിലെ നിയമസഭാ തിരഞ്ഞെടുപ്പു റാലി അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭീകരാക്രമണത്തിനു ശേഷം അതിന്റെ സൂത്രധാരന്മാര്‍ അതിര്‍ത്തിക്കപ്പുറമാണെന്നു രഹസ്യാന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കിയതാണ്. എന്നാല്‍ ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ രാജ്യത്തിനകത്തു തന്നെയാണെന്ന് കോണ്‍ഗ്രസ് വാദിച്ചു. 1993ലെ മുംബൈ സ്‌ഫോടനത്തിലെ ഇരകളോട് അന്നത്തെ സര്‍ക്കാര്‍ നീതി പുലര്‍ത്തിയില്ലെന്നും നമ്മുടെ ആളുകളെ കൊന്നവര്‍ രക്ഷപ്പെട്ടോടിയെന്നും പറഞ്ഞു. ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ പിടികൂടാതെ അവര്‍ക്കൊപ്പവും അവര്‍ക്കു വേണ്ടിയും ‘വ്യാപാരം’ നടത്താനാണു കോണ്‍ഗ്രസ് ശ്രമിച്ചതെന്നും മോദി ആരോപിച്ചു

പ്രധാനമന്ത്രിയുടെ മഹാരാഷ്ട്രയിലെ അവസാന പ്രചാരണ പരിപാടിയാണ് വെള്ളിയാഴ്ച മുംബെയില്‍ നടന്നത്. ഒക്ടോബര്‍ 21നാണ് നിയമസഭാ തിരഞ്ഞെടുപ്പ്.

Top