പ്രധാനമന്ത്രി മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങും കൂടിക്കാഴ്ച നടത്തി

modi-jinping.china-india

സിയാമെന്‍ : ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച്ച നടത്തി. ചൈനയിലെ സിയാമെന്നില്‍ ബ്രിക്‌സ് ഉച്ചകോടിക്കിടെയായിരുന്നു കൂടിക്കാഴ്ച.

രണ്ടു മാസത്തിലധികം നീണ്ടു നിന്ന ദോക് ലാമിലെ സംഘര്‍ഷത്തിന് ശേഷമുള്ള കൂടിക്കാഴ്ചയാണ് ഇതെന്നതും ശ്രദ്ധേയമാണ്. ബ്രിക്‌സ് ഉച്ചകോടിക്ക് തൊട്ടുമുമ്പ്, ഇരുരാജ്യങ്ങളും സേനകളെ പിന്‍വലിച്ചതോടെയാണ് സംഘര്‍ഷത്തിന് അയവുവന്നത്.

ഷീ ജിന്‍ പിങുമായി കൂടിക്കാഴ്ച്ചയുണ്ടാകുമെന്ന് ചൈനയുടെ വിദേശകാര്യ വക്താവ് ഗെംങ് ഷുവാങ് ആണ് അറിയിച്ചത്. ആതിഥേയ രാജ്യമെന്ന നിലക്ക് അതിഥി രാഷ്ട്രതലവന്‍മാരുമായി കൂടിക്കാഴ്ച്ച പതിവാണെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, ദോക് ലാം സംഘര്‍ഷം ചര്‍ച്ചയാകുമോ എന്ന ചോദ്യത്തിന് അദ്ദേഹം പ്രതികരിച്ചില്ല.

ബ്രിക്‌സ് ഉച്ചകോടി ഇന്ന് അവസാനിക്കും. വ്യാപാരം, വ്യവസായം, സുരക്ഷാ എന്നീ മേഖലകളില്‍ നാലു കരാറുകളില്‍ അഞ്ചു രാജ്യങ്ങളും ഒപ്പിട്ടു.

ചൈന സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മ്യാന്‍മറിലേക്ക് യാത്രതിരിക്കും.

Top