Narendra Modi Wins Reader’s Poll for time person of the year

ന്യൂയോര്‍ക്ക്‌: ലോകനേതാക്കളെ പിന്തള്ളി ‘ടൈം പേഴ്‌സണ്‍ ഓഫ് ദി ഇയര്‍’ ആയി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ തെരഞ്ഞെടുത്തു. ആകെ വോട്ടിംങില്‍ 18 ശതമാനത്തിന്റെ പിന്തുണ നേടിയാണ് മോദി പോളിംഗില്‍ മുന്‍പന്തിയിലെത്തിയത്.

ബരാക് ഒബാമ, ഡോണള്‍ഡ് ട്രംപ്, ജൂലിയന്‍ അസാഞ്ച് എന്നിവരാണ് പോളിംഗില്‍ രണ്ടാം സ്ഥാനം പങ്കിടുന്നത്. 7 ശതമാനം വീതമാണ് മൂവരും നേടിയ പോളിംഗ്.

ലോകനേതാക്കളില്‍ പ്രമുഖരായ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഹിലാരി ക്ലിന്റണ്‍ 4 ശതമാനം പിന്തുണയാണ് വോട്ടിംങില്‍ നേടിയത്. ഫെയ്‌സ്ബുക്ക് സ്ഥാപകനായ മാര്‍ക്ക് സുക്കര്‍ബര്‍ഗിന് 2 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്.

പോള്‍ ഹോസ്റ്റ് അപെസ്റ്റര്‍ ആണ് ഇന്നലെ വരെയുള്ള വോട്ടിംഗ് വിശകലനം ചെയ്ത് ഫലം പുറത്തുവിട്ടത്. ഫലത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഡിസംബര്‍ 7നാണ് ഉണ്ടാവുക.

അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നോട്ട് നിരോധനത്തെ തുടര്‍ന്ന് വലിയ വിമര്‍ശനങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ തന്നെ ഏറ്റുവാങ്ങിയിരുന്നു.

ഇത് വോട്ടിംഗില്‍ പ്രതിഫലിക്കുമെന്നു കരുതിയെങ്കിലും കാലിഫോര്‍ണിയ, ന്യൂ ജോഴ്‌സി തുടങ്ങിയ വിദേശ സ്ഥലങ്ങളിലെ ഇന്ത്യന്‍ വോട്ടേര്‍സില്‍ നിന്നും വോട്ടിംങില്‍ മോദിക്ക് വലിയ പിന്തുണയാണ് ലഭിച്ചതെന്ന് പോള്‍ ഹോസ്റ്റ് അപെസ്റ്റര്‍ വിലയിരുത്തി.

1927 മുതലാണ് ലോകത്തെ ഏറ്റവും സ്വാധീനമേറിയ വ്യക്തികളെ വോട്ടിംഗിലൂടെ തെരഞ്ഞെടുക്കുന്ന സമ്പ്രദായം ടൈം ആരംഭിച്ചത്. രാഷ്ട്രഭരണാധികാരികള്‍, ശാസ്ത്രജ്ഞന്മാര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, തുടങ്ങിയവരാണ് വോട്ടിംങ്‌ പട്ടികയില്‍ ഇടം പിടിക്കാറുള്ളത്.

വായനക്കാരുടെ വോട്ടിംഗിനെ അടിസ്ഥാനപ്പെടുത്തിയാണ് വോട്ടിംങ്‌ നില. ഡിസംബര്‍ 4 രാത്രി 11.59 വരെയായിരുന്നു വോട്ട് രേഖപ്പെടുത്താനുള്ള സമയം.

വ്യക്തിഗത വോട്ടിംഗില്‍ ആദ്യ മൂന്നു ദിനം കൊണ്ട് 64 ശതമാനം വോട്ടാണ് നരേന്ദ്രമോദിക്കുണ്ടായിരുന്നത്. ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ സ്വാധീനമുള്ള വ്യക്തിത്വങ്ങളെ കണ്ടെത്താനായി 12 മാസത്തില്‍ ഒരു തവണ വീതം ടൈം നടത്തുന്ന സര്‍വ്വേയില്‍ ഒന്നാം സ്ഥാനം നേടിക്കൊണ്ട് മോദിയുടെ സ്വീകാര്യത വീണ്ടും തെളിയിച്ചിരിക്കുകയാണ്.

Top