മൂന്നാം ടേമിൽ ഇന്ത്യയെ ലോകത്തിലെ മൂന്നു സാമ്പത്തിക ശക്തികളിലൊന്നാക്കുമെന്ന് നരേന്ദ്ര മോദി

ന്യൂഡൽഹി : തന്റെ മൂന്നാം ടേമിൽ ഇന്ത്യ ലോകത്തിലെ ഏറ്റവും മികച്ച മൂന്നു സാമ്പത്തിക ശക്തികളിലൊന്നായി മാറുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതു ഉറപ്പുനൽകുന്നതായും ഡൽഹിയിലെ പ്രഗതി മൈതാനിയിൽ രാജ്യാന്തര എക്സിബിഷൻ – കൺവൻഷൻ സെന്റർ ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. രാജ്യാന്തര എക്സിബിഷൻ – കൺവൻഷൻ സെന്ററിനെ ‘ഭാരത് മണ്ഡപം’ എന്നു പുനർനാമകരണം ചെയ്യുകയും ചെയ്തു.

‘‘കിഴക്കു തൊട്ട് പടിഞ്ഞാറു വരെ, വടക്കു തൊട്ട് തെക്ക് വരെ ഇന്ത്യയുടെ അടിസ്ഥാനസൗകര്യങ്ങൾ മാറുകയാണ്. ലോകത്തെ ഏറ്റവും ഉയരംകൂടിയ റെയിൽപ്പാലം ഇന്ത്യയിലാണ്. സമുദ്രോപരിതലത്തിൽനിന്നു ഏറ്റവും ഉയരത്തിലുള്ള നീളമേറിയ തുരങ്കം ഇന്ത്യയിലാണ്. ഏറ്റവും ഉയരത്തിൽ സഞ്ചരിക്കാവുന്ന റോഡ് ഇന്ത്യയിലാണ്, ഏറ്റവും വലിയ സ്റ്റേഡിയം, ഏറ്റവും വലിയ പ്രതിമ – തുടങ്ങിയവ ഒക്കെ ഇന്ത്യയിലാണ്.

ഞങ്ങളുടെ ആദ്യ ടേമിൽ, ഇന്ത്യ സാമ്പത്തിക രംഗത്ത് പത്താമതായിരുന്നു. എന്റെ രണ്ടാം ടേമിൽ ലോകത്തെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായി. മൂന്നാം ടേമിൽ ഏറ്റവും വലിയ മൂന്നാം സാമ്പത്തികശക്തിയാക്കി ഇന്ത്യയെ മാറ്റും. ഇതു മോദിയുടെ ഉറപ്പാണ്.

60 വർഷക്കാലം വെറും 20,000 കി.മീ. റെയിൽപ്പാത മാത്രമാണ് വൈദ്യുതീകരിച്ചത്. എന്നാൽ കഴിഞ്ഞ 9 വർഷത്തിനുള്ളിൽ 40,000 കി.മീ. റെയിൽപ്പാത വൈദ്യുതീകരിക്കാൻ സർക്കാരിനായി. ഓരോ മാസവും ആറു കി.മീ. മെട്രോ ലൈൻ രാജ്യം പൂർത്തിയാക്കുന്നു. ഗ്രാമങ്ങളിലെ ഏകദേശം നാലു ലക്ഷം കി.മീ. റോഡും പൂർത്തിയാകുന്നു. 2015ൽ ഡൽഹി വിമാനത്താവളത്തിന്റെ ശേഷി ഒരു വർഷം അഞ്ചുകോടിയായിരുന്നു. ഇന്നത് 7.5 കോടിയാണ്. വിമാനത്താവളങ്ങളുടെ എണ്ണം 150 ആയി’’ – മോദി കൂട്ടിച്ചേർത്തു.

Top