മോസ്‌കോ: രണ്ട് ദിവസത്തെ റഷ്യന്‍ സന്ദര്‍ശനത്തിനായി മോസ്‌കോ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ ഗാനത്തിനിടെ നടന്നു. റഷ്യന്‍ മിലിട്ടറി ബാന്‍ഡ് അംഗങ്ങള്‍ ഇന്ത്യയുടെ ദേശീയഗാനം ആലപിക്കവെ അത് ശ്രദ്ധിക്കാതെ പ്രധാനമന്ത്രി നടന്നു നീങ്ങുകയായിരുന്നു.
ഉടനെ മോദിയെ സ്വീകരിക്കാനെത്തിയ റഷ്യന്‍ ഉദ്യോഗസ്ഥന്‍ അദേഹത്തെ തടയുകയും പൂര്‍വ്വസ്ഥാനത്തേക്ക് ആനയിക്കുകയും ചെയ്തു. പിന്നീട് ദേശീയഗാനം മുഴുവന്‍ ആലപിച്ചു കഴിഞ്ഞ ശേഷമാണ് അദേഹം നടന്നു നീങ്ങിയത്.
പ്രധാനമന്ത്രി വിമാനത്തില്‍ നിന്ന് പുറത്തിറങ്ങിയതിന് തൊട്ടുപിന്നാലെയായിരുന്നു സംഭവം. മിലിട്ടറി ബാന്‍ഡ് ദേശീയഗാനം ആലപിച്ചു തുടങ്ങിയത് പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടാതെ പോവുകയായിരുന്നു. രാജ്യത്തിന്റെ ദേശീയ ഗാനം കേള്‍ക്കെ ചലിക്കാതെ നില്‍ക്കണമെന്ന പ്രോട്ടോക്കോള്‍ പ്രധാനമന്ത്രി ലംഘിച്ചതായാണ് വിലയിരുത്തപ്പെടുന്നത്.
ദേശീയ ഗാനത്തിന് ശേഷം മാത്രമേ ആതിഥേയ രാജ്യപ്രതിനിധി അതിഥിയെ ആനയിക്കാന്‍ പാടുള്ളൂ എന്നതാണ് പ്രോട്ടോക്കോള്‍. സംഭവം ദേശീയ മാദ്ധ്യമങ്ങളിലടക്കം വാര്‍ത്തയായിട്ടുണ്ട്.


