ദുരിതം നേരിട്ട് കാണാൻ നരേന്ദ്ര മേദി വെള്ളിയാഴ്ച കേരളത്തിലേക്ക് . . .

modi

ന്യൂഡല്‍ഹി : കേരളത്തിലെ പ്രളയക്കെടുതി വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കേരളത്തിലെത്തും. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനമാണ് ഇക്കാര്യം അറിയിച്ചത്.

വാജ്‌പേയിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷമായിരിക്കും അദ്ദേഹം കേരളത്തിലേക്ക് വരുന്നത്. കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി പ്രളയ ദുരന്തം വിതച്ച മേഖലകള്‍ ഹെലികോപ്ടറില്‍ സന്ദര്‍ശിക്കും. അതിന് ശേഷം മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നും അല്‍ഫോണ്‍സ് കണ്ണന്താനം അറിയിച്ചു.

സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടുന്ന സ്ഥലത്താകും അദ്ദേഹം ആകാശ നിരീക്ഷണം നടത്തുകയെന്നും അദ്ദേഹം അറിയിച്ചു.

കേരളത്തിലെ നിലവിലെ സ്ഥിതി അതീവ ഗുരുതരമാണ്. നൂറുവര്‍ഷങ്ങള്‍ക്കിടെ ഇങ്ങനെയൊരു മഴ കേരളത്തില്‍ പെയ്‌തിട്ടില്ല. ദുരിതത്തെ നേരിടാന്‍ കേരളത്തിന് ആവശ്യമായ പിന്തുണ കേന്ദ്രസര്‍ക്കാര്‍ നല്‍കും. കേരളത്തിന് വേണ്ട കാര്യങ്ങള്‍ ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടത് അനുസരിച്ച്‌ കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. നിലവില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ള 400 കോടിയുടെ ഫണ്ട് കേരളത്തിലുണ്ട്. എന്നാല്‍ ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള പദ്ധതികള്‍ കേന്ദ്രം പിന്നീട് ആവിഷ്‌ക്കരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം മഴക്കെടുതിയില്‍ അകപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി കുടുങ്ങികിടക്കുന്നവര്‍ ആശങ്കപ്പെടേണ്ടന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു..

വെളളിയാഴ്ച പകല്‍ മുഴുവന്‍ പേരെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

പ്രളയ ദുരന്തവുമായി ബന്ധപ്പെട്ട് ജനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിക്കുന്ന വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Top