മോദി – ട്രംപ് കൂടിക്കാഴ്ച തിങ്കളാഴ്ച; കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യും

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തും. ഫ്രാന്‍സ് ജി 7 ഉച്ചകോടിക്കിടെയാണ് ഇരുവരുടേയും കൂടികാഴ്ച. കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് ആഭ്യന്തരവിഷയമാണെന്ന നിലപാട് മോദി വ്യക്തമാക്കും.

അതേസമയം കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കുന്നതിനോ മറ്റു സഹായങ്ങള്‍ക്കോ തയ്യാറാണെന്ന് ആവര്‍ത്തിച്ച് ട്രംപ് വീണ്ടും രംഗത്ത് വന്നിരുന്നു.കശ്മീര്‍ പ്രശ്‌നപരിഹാരത്തിന് മധ്യസ്ഥത വഹിക്കാന്‍ തയാറാണെന്ന് ഡോണള്‍ഡ് ട്രംപ് ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ കൂടിക്കാഴ്ച ഏറെ നിര്‍ണായകമാണ്. എന്നാല്‍ കശ്മീര്‍ വിഷയത്തില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ മാത്രമേ നടത്തുവെന്നും മൂന്നാമതൊരു കക്ഷിയുടെ ഇടപെടല്‍ അംഗീകരിക്കില്ലെന്നുമാണ് ഇന്ത്യയുടെ ഉറച്ച നിലപാട്.

അതിര്‍ത്തി കടന്നുള്ള ഭീകരത, ഇമ്രാന്‍ ഖാന്‍ അടക്കമുള്ള പാക്ക് നേതാക്കളുടെ പ്രകോപനങ്ങള്‍, ഇന്ത്യ അമേരിക്ക വാണിജ്യതര്‍ക്കങ്ങള്‍ എന്നിവ ട്രംപുമായി മോദി ചര്‍ച്ച ചെയ്യും.

അതിനിടെ കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയുടെ നിലപാടിന് പിന്തുണ അറിയിച്ച് ഫ്രാന്‍സ് രംഗത്ത് വന്നിരുന്നു. കശ്മീര്‍ വിഷയത്തില്‍ മൂന്നാമതൊരാള്‍ ഇടപെടേണ്ടതില്ലെന്നും പ്രശ്നം ഉഭയകക്ഷി ചര്‍ച്ചയിലൂടെത്തന്നെ പരിഹരിക്കണമെന്നുമാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ പറഞ്ഞത്. റഫാല്‍ പോര്‍ വിമാനങ്ങള്‍ സമയബന്ധിതമായി കൈമാറുമെന്നും ഫ്രഞ്ച് പ്രസിഡന്റ് വ്യക്തമാക്കി.

ഭീകരതയ്‌ക്കെതിരെ ഇന്ത്യയും ഫ്രാന്‍സും ഒറ്റക്കെട്ടായി പോരാടുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മോദി പറഞ്ഞു.

അതേ സമയം ഭീകരസംഘടനകള്‍ക്ക് സാമ്പത്തികസഹായം അനുവദിക്കുന്നതിന്റെ പേരില്‍ സാമ്പത്തിക സംഘടനയായ ഫിനാഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സ് (എഫ്എടിഎഫ്) പാക്കിസ്ഥാനെ കരിമ്പട്ടികയില്‍ പെടുത്തയിരിക്കുകയാണ്. കരിമ്പട്ടികയില്‍ ഉള്‍പ്പെട്ടാല്‍ പാക്കിസ്ഥാന് അന്താരാഷ്ട്ര സാമ്പത്തിക ഉപരോധങ്ങള്‍ അടക്കം നേരിടേണ്ടി വരും. ആഗോള സമിതിയില്‍ ഇന്ത്യ അടക്കം നിരവധി രാജ്യങ്ങളാണ് പാക്കിസ്ഥാനെതിരെ രംഗത്തെത്തിയത്. അതുകൊണ്ടുതന്നെ, സാമ്പത്തികപ്രതിസന്ധിയില്‍ നട്ടംതിരിയുന്ന പാകിസ്ഥാന് എഫ്എടിഎഫിന്റെ തീരുമാനം കടുത്ത പ്രതിസന്ധിയാകുമെന്നാണ് വിലയിരുത്തല്‍.

Top