പുതിയ പാർലമെന്റ് മന്ദിരം നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുക ചെങ്കോൽ സ്ഥാപിച്ച്

ദില്ലി : പ്രതിപക്ഷ ബഹിഷ്ക്കരണത്തിനിടെ പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഉദ്ഘാടനം ചെയ്യുമെന്ന് പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. ചെങ്കോൽ സ്ഥാപിച്ചായിരിക്കും ഉദ്ഘാടനം. ജവഹർലാൽ നെഹ്റു സ്വാതന്ത്ര്യരാത്രിയിൽ സ്വീകരിച്ച ചെങ്കോലാണ് വീണ്ടും ദില്ലിയിലെത്തിച്ച് ലോക്സഭയിൽ സ്ഥാപിക്കുക.

വർഷങ്ങൾക്ക് മുമ്പ്, ഇന്ത്യയ്ക്ക് എങ്ങനെ അധികാരം കൈമാറണമെന്ന സംശയം ബൗണ്ട് ബാറ്റൺ പ്രഭു ജവഹർലാൽ നെഹ്റുവിനോട് ഉന്നയിച്ചു. സി രാജഗോപാലാചാരിയാണ് ഇതിന് പോംവഴി കണ്ടെത്തിയത്. തമിഴ്നാട്ടിലെ തിരുവാടുതുറൈ അധീനം എന്ന സന്ന്യാസി മഠത്തിനോട് ഒരു ചെങ്കോൽ നിർമ്മിച്ച് നൽകാൻ അഭ്യർത്ഥിച്ചു. പ്രത്യേക വിമാനത്തിൽ സന്ന്യാസിമാർ കൊണ്ടുവന്ന ആ ചെങ്കോൽ ആദ്യം മൗണ്ട് ബാറ്റണ് നൽകി. പിന്നീട് തിരിച്ചുവാങ്ങി, ആഗസ്റ്റ് പതിനാല് രാത്രി പതിനൊന്ന് നാല്പത്തിയഞ്ചിന് ജവഹർലാൽ നെഹ്റു സന്യാസിമാരിൽനിന്നും ചെങ്കോൽ സ്വീകരിച്ചു. അധികാര കൈമാറ്റത്തിന്റെ പ്രതീകമായി ഈ ചെങ്കോൽ പുതിയ പാർലമെന്റ് മന്ദിരത്തിൽ സ്ഥാപിക്കാനാണ് സർക്കാർ തീരുമാനം. നിലവിൽ അലഹബാദിലുള്ള ചെങ്കോൽ ഉദ്ഘാടന ദിവസം പൂജയ്ക്കു ശേഷം പ്രധാനമന്ത്രി സ്വീകരിക്കും. ഇത് സ്പീക്കറുടെ ഇരിപ്പിടത്തിന് മുകളിൽ സ്ഥാപിക്കും. ശിവവാഹനമായ നന്ദിയുടെ അടയാളമുള്ള ചോള സാമ്രാജ്യത്തിന്റെ പ്രതീകമായ ഈ ചെങ്കോൽ പിന്നീടെല്ലാവരും മറന്നത് ചർച്ചയാക്കുക കൂടിയാണ് സർക്കാർ ലക്ഷ്യം.

ചെങ്കോലിന്റെ ചരിത്രം പറയുന്ന വെബ്സൈറ്റും സർക്കാർ തുടങ്ങി. പാർലമെന്റ് മന്ദിരത്തിന്റെ നിർമ്മാണത്തിൽ നാല്പതിനായിരത്തോളം പേർ പങ്കാളികളായി. തൊഴിലാളികളെ ചടങ്ങിൽ പ്രധാനമന്ത്രി ആദരിക്കും. എല്ലാ പ്രതിപക്ഷ പാർട്ടികളെയും ക്ഷണിച്ചെന്നും പങ്കെടുക്കുന്ന കാര്യം അവർ തീരുമാനിക്കട്ടെയെന്നുമാണ് പ്രതിപക്ഷ പ്രതിഷേധത്തോടുള്ള അമിത് ഷായുടെ പ്രതികരണം. പ്രധാനമന്ത്രിയുടെ വിശാല കാഴ്ചപ്പാടാണ് പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനത്തിലേക്ക് നയിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് മോദി ഉദ്ഘാടനം നിർവ്വഹിക്കുന്നതിനെ സർക്കാർ ന്യായീകരിക്കുന്നത്.

Top