നരേന്ദ്രമോദിക്ക് വധഭീഷണി വാര്‍ത്തയെ പരിഹസിച്ച് ശിവസേനയുടെ മുഖപത്രം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വധഭീഷണി എന്ന വാര്‍ത്തയെ പരിഹസിച്ച് ശിവസേനയുടെ മുഖപത്രം. മോദിക്കും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിനും എതിരായ വധഭീഷണി ത്രില്ലിങ് ഹൊറര്‍ സ്‌റ്റോറിയാണെന്നും പാര്‍ട്ടി പറഞ്ഞു.

തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഇത്തരം വാര്‍ത്തകള്‍ കറങ്ങിനടക്കുമെന്നും ശിവസേന കുറ്റപ്പെടുത്തി. നരേന്ദ്ര മോദിക്കും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിനും ദീര്‍ഘായുസ്സ് നേര്‍ന്ന ശിവസേനയുടെ മുഖപത്രം, ഈസ്രായേല്‍ സുരക്ഷാ ഏജന്‍സിയായ മെസാദ് നല്‍കുന്നതുപോലുള്ള സുരക്ഷ നല്‍കണം എന്നും മുഖപ്രസംഗത്തില്‍ ആവശ്യപ്പെടുന്നു.

ലക്ഷങ്ങള്‍ കൊല്ലപ്പെടുന്നതിന് കുഴപ്പമില്ല. എന്നാല്‍ ലക്ഷങ്ങളുടെ രക്ഷകന്‍ ജീവിച്ചിരിക്കണം എന്നും മുഖപ്രസംഗത്തില്‍ പറയുന്നുണ്ട്. തിരഞ്ഞടുപ്പ് അടുത്തതോടെയാണ് ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നത്. എന്നാല്‍ ഇത്തരം വിഷയങ്ങളെ രാഷ്ട്രീയ വത്ക്കരിക്കരുതെന്നും പത്രത്തില്‍ ആവശ്യപ്പെടുന്നുണ്ട്.

രാജീവ് ഗാന്ധിയെ പോലെ മോദിയെ വധിക്കാന്‍ മാവോയിസ്റ്റ് പദ്ധതിയിട്ടതായി പുനെ പൊലീസായിരുന്നു റിപ്പോര്‍ട്ട് ചെയ്തത്. ഇതിനെതിരെ പരിഹാസവുമായി കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു. ജനപിന്തുണ കുറയുന്നുവെന്ന് ബോധ്യപ്പെടുമ്പോള്‍ ഇത്തരം കഥകള്‍ മെനയുന്നത് മോദിയുടെ പണ്ടേയുള്ള തന്ത്രമാണന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

എന്നാല്‍ മാവോയിസ്റ്റുകള്‍ ഇത്തരത്തില്‍ പദ്ധതിയിട്ടിരുന്നില്ലെന്ന് മാവോയിസ്റ്റ് നേതാവ് പി. വരവര റാവു രംഗത്ത് വന്നിരുന്നു.

Top