അധികാര മോഹികളായ പ്രതിപക്ഷ നേതാക്കളിൽ മോദിയുടെ പ്രതീക്ഷ !

കേന്ദ്രത്തിൽ മൂന്നാം ഊഴം ലക്ഷൃമിടുന്ന നരേന്ദ്ര മോദിക്ക്  പ്രതീക്ഷ നൽകി പ്രതിപക്ഷ പാർട്ടികൾ . . .പ്രധാനമന്ത്രി പദ മോഹവുമായി രംഗത്തുള്ളത്  രാജ്യത്തെ നിരവധി മുഖ്യമന്ത്രിമാരാണ്. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ, തമിഴ് നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ, തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു എന്നിവരാണിവർ. മുഖ്യമന്ത്രിമാരല്ലാത്ത പ്രധാനമന്ത്രി പദ മോഹികളും പ്രതിപക്ഷത്ത് കുറവല്ല. ഇതിൽ പ്രധാനി എൻ.സി.പി നേതാവ് ശരദ് പവാറാണ്. യു.പിയിൽ കരുത്ത് തെളിയിച്ചാൽ എസ്.പി നേതാവ് അഖിലേഷ് യാദവും, പ്രധാനമന്ത്രി പദ മോഹവുമായി കളത്തിലുണ്ടാകും. പ്രതിപക്ഷത്ത് ഈ ആഗ്രഹം ഇല്ലാത്ത പ്രതിപക്ഷ മുഖ്യമന്ത്രിമാരിൽ പ്രമുഖർ, കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഒറീസ മുഖ്യമന്ത്രി നവീൻ പട്നായക്ക് ആന്ധ്ര മുഖ്യമന്ത്രി ജഗ് മോഹൻ റെഡ്ഢി എന്നിവരാണ്. കോൺഗ്രസ്സിൽ രാഹുലും പ്രിയങ്കയും ഉള്ളപ്പോൾ ഈ ആവശ്യം ഉന്നയിക്കാൻ പോലും  ആരും ധൈര്യപ്പെടുകയില്ല. വ്യത്യസ്ത നിലപാടുകളുള്ള പ്രതിപക്ഷ പാർട്ടി നേതാക്കളുടെ അവസ്ഥയാണിത്. അവരുടെ ഈ അധികാര മോഹം തന്നെയാണ്. ബി.ജെ.പിയുടെ പ്രതീക്ഷയും വർദ്ധിപ്പിക്കുന്നത്.വലിയ ഭൂരിപക്ഷം നേടി മൂന്നാം ടേമിലേക്ക് കടക്കുക എന്നതാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്.പ്രതിപക്ഷ വോട്ടുകൾ ഭിന്നിപ്പിക്കാനും ബോധപൂർവ്വമായ ശ്രമങ്ങൾ ഉണ്ടാകും. യു.പി തിരഞ്ഞെടുപ്പ് മോഡലിൽ പരീക്ഷണമാണ് മോദി ആഗ്രഹിക്കുന്നത്.

ഇപ്പോഴത്തെ സാഹചര്യത്തിൽ തിരഞ്ഞെടുപ്പിനു മുൻപ് ബി.ജെ.പിക്ക് എതിരെ വിശാല സഖ്യത്തിന് സാധ്യതയില്ല. സ്വന്തം കരുത്ത് തെളിയിച്ച് സീറ്റുകൾ വർദ്ധിപ്പിക്കാനാണ് എല്ലാ പാർട്ടികളും ശ്രമിക്കുക. ഇതു തന്നെയാണ് ബി.ജെ.പിയും ആഗ്രഹിക്കുന്നത്. തമിഴ് നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ,ഡൽഹിയിൽ ഓഫീസ് തുറന്നതിനു തൊട്ടു പിന്നാലെയാണ് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖരറാവു ദേശീയ പര്യടനം പ്രഖ്യാപിച്ചിരിക്കുന്നത്.ദേശീയപാർട്ടി രൂപീകരിക്കുമെന്ന പ്രഖ്യാപനവും അദ്ദേഹം നടത്തിയിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിൽ സന്ദർശനം നടത്താൻ, മുതിർന്ന ടിആർഎസ് നേതാക്കൾക്ക് ഒപ്പമാണ്, മുഖ്യമന്ത്രി ദില്ലിയിൽ എത്തിയിരിക്കുന്നത്. ആം ആദ്മി പാർട്ടി ജെഡിഎസ്, ജാർഖണ്ഡ് മുക്തി മോർച്ച തുടങ്ങി പ്രാദേശിക പാർട്ടികളുമായും ചന്ദ്രശേഖരറാവു ചർച്ച നടത്തും. അരവിന്ദ് കെജ്‍രിവാൾ, ഭഗവന്ത് മാൻ, ഹേമന്ദ് സോറൻ, ദേവഗൗഡ, കുമാരസ്വാമി തുടങ്ങിയ നേതാക്കളുമായുള്ള കൂടിക്കാഴ്ച്ച ചന്ദ്രശേഖര റാവുവിന് നിർണ്ണായകമാണ്. പ‍ഞ്ചാബ് സന്ദർശിക്കുന്ന ചന്ദ്രശേഖർ റാവു കർഷകരുമായും കൂടിക്കാഴ്ച നടത്തുന്നുണ്ട്. മരണപ്പെട്ട കർഷകരുടെ കുംടുംബങ്ങൾക്ക് മൂന്ന് ലക്ഷം രൂപയുടെ ചെക്കും തെലങ്കാന മുഖ്യമന്ത്രി നൽകും. വീരമൃത്യു വരിച്ച സൈനികരുടെ കുടുംബാംഗങ്ങളെയും അദ്ദേഹം കാണും. മുൻപ് പിണറായി വിജയൻ മമത ബാനർജി എം കെ സ്റ്റാലിൻ തുടങ്ങിയ നേതാക്കളുമായും ചന്ദ്രശേഖർ റാവു ചർച്ച നടത്തിയിട്ടുണ്ട്.

കോൺഗ്രസ് ഇല്ലാത്ത മൂന്നാം മുന്നണിക്കായി മുന്നിട്ടിറങ്ങിയ നോതാവാണ് ചന്ദ്രശേഖർ റാവു. കേന്ദ്രനയങ്ങൾക്ക് എതിരെ പോരാടാൻ യഥാർത്ഥ പ്രതിപക്ഷ പാർട്ടിയുടെ വിടവ് ദേശീയതലത്തിൽ ഉണ്ടെന്നാണ്, അദ്ദേഹത്തിൻ്റെ നിലപാട്. ടിആർഎസ്സിനെ ഭാരതീയ രാഷ്ട്ര സമിതിയാക്കി മാറ്റി, ദേശീയ പാർട്ടി രൂപീകരിക്കാനാണ്, ഇപ്പോഴത്തെ നീക്കം. ഇതിന്റെ ഭാഗമായി ഡി.എം.കെ മോഡലിൽ, ഡൽഹിയിൽ പുതിയ ഓഫീസ് തുറക്കാനും തീരുമാനിച്ചിട്ടുണ്ട്. രാജ്യത്ത് കോൺഗ്രസ് അപ്രസക്തമായെന്ന് പറയുന്ന മുഖ്യമന്ത്രിയാണ് ചന്ദ്രശേഖർ റാവു. കോൺഗ്രസ് ഇല്ലാത്ത ഫെഡറൽ സഖ്യമാണ്, അദ്ദേഹത്തിൻ്റെ ആത്യന്തികമായ ലക്ഷ്യം.ഇതിനായി രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിൻറെ ഐപാക്കുമായും, ടി.ആർ.എസ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കരാർ ഒപ്പിട്ടിട്ടുണ്ട്. ഇതെല്ലാം, ബി.ജെ.പിക്കാണ് ഇപ്പോൾ, വലിയ പ്രതീക്ഷകൾ നൽകിയിരിക്കുന്നത്….

 

EXPRESS KERALA VIEW

 

Top