ഈ പിന്തുണയാണ് രാജ്യത്തിന് ആവശ്യം; മമ്മൂട്ടിയ്ക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഐക്യദീപത്തിനുള്ള തന്റെ ആഹ്വാനത്തിന് പിന്തുണ അറിയിച്ച മമ്മൂട്ടിക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി.

“ഐക്യത്തിനായും സാഹോദര്യത്തിനായും താങ്കളുടേതു പോലെയുള്ള മനസ്സറിഞ്ഞ ആഹ്വാനങ്ങളാണ് കോവിഡ്-19ന് എതിരായ പോരാട്ടത്തില്‍ രാജ്യത്തിന് ആവശ്യം. നന്ദി” – മോദി ട്വീറ്റ് ചെയ്തു. 9പിഎം9മിനിറ്റ് എന്ന ഹാഷ് ടാഗും പ്രധാനമന്ത്രി ഒപ്പം ചേര്‍ത്തിട്ടുണ്ട്.

ഇന്നലെയാണ് ഐക്യദീപം തെളിയിക്കലിന് പിന്തുണ അറിയിച്ചുകൊണ്ടുള്ള വീഡിയോ മമ്മൂട്ടി സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചത്.

‘കൊവിഡ് എന്ന മഹാവിപത്തിനെതിരെ നമ്മുടെ നാട് ഒറ്റക്കെട്ടായി, ഒറ്റ മനസ്സോടെ എല്ലാ കഷ്ട നഷ്ടങ്ങളും സഹിച്ച് പോരാടുന്ന ഈ സന്ദര്‍ഭത്തില്‍ നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ അഭ്യര്‍ഥന പ്രകാരം നാളെ ഏപ്രില്‍ അഞ്ചിന് രാത്രി 9 മണി മുതല്‍ ഒന്‍പത് മിനിറ്റു നേരം എല്ലാവരും അവരവരുടെ വീടുകളില്‍ തെളിയിക്കുന്ന ഐക്യദീപത്തിന് എന്റെ എല്ലാ പിന്തുണയും, എല്ലാ ആശംസകളും. ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമായ ഈ മഹാസംരംഭത്തിന് എല്ലാവരും പങ്കാളികളാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു, അഭ്യര്‍ഥിക്കുന്നു’, എന്നായിരുന്നു മമ്മൂട്ടിയുടെ വീഡിയോ സന്ദേശം.

Top