narendra modi statement

ന്യൂഡല്‍ഹി: ഇന്ത്യന്‍ അത്‌ലറ്റുകള്‍ ലോകത്തിന്റെ ഹൃദയം കീഴടക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വളരെ കഷ്ടതകള്‍ സഹിച്ചാണ് നമ്മുടെ താരങ്ങള്‍ ഈ നിലയിലെത്തിയത്, തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം തന്നെ അവര്‍ പുറത്തെടുക്കും അദ്ദേഹം പറഞ്ഞു.

റിയോ ഒളിപിംക്‌സില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ താരങ്ങള്‍ക്ക് ആശംസയര്‍പ്പിച്ചു കൊണ്ട് ഡല്‍ഹിയില്‍ നടന്ന റണ്‍ ഫോര്‍ റിയോ ക്യാംപെയ്ന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

കേവലം വിനോദം എന്നതിനപ്പുറം അടുത്ത ഒളിപിംക്‌സ് ലക്ഷ്യമിട്ട് കായികരംഗത്ത് യുവാക്കള്‍ക്ക് മികച്ച പരിശീലനം നല്‍കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

2020ലെ ടോക്യോ ഒളിപിംക്‌സില്‍ രാജ്യത്തെ എല്ലാ ജില്ലയ്ക്കും പ്രാതിനിധ്യമുണ്ടെന്ന് ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചു.

അധികാരമേറ്റത് മുതല്‍ കായികരംഗത്തിന്റെ വികസനത്തിന് തന്റെ സര്‍ക്കാര്‍ വലിയ പ്രാധാന്യം നല്‍കുന്നുണ്ടെന്ന് മോദി പറഞ്ഞു.

രണ്ട് വര്‍ഷം മുന്‍പേ തന്നെ കായികതാരങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ ശ്രമമാരംഭിച്ചിരുന്നു. അതു കൊണ്ട് തന്നെ അവ പരിഹരിക്കാന്‍ വേണ്ട സമയം സര്‍ക്കാരിന് ലഭിച്ചു.

സാധാരണഗതിയില്‍ ഒളിമ്പിക്‌സ് തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മാത്രമാണ് താരങ്ങളെ റിയോയിലേക്ക് അയക്കാറ്.

എന്നാല്‍ ഇത്തവണ വളരെ നേരത്തെ തന്നെ താരങ്ങളെ അങ്ങോട്ടയച്ചിട്ടുണ്ട്. പ്രദേശികസാഹചര്യങ്ങളുമായി ഇണങ്ങി ചേരാന്‍ ഇതിലൂടെ അവര്‍ക്ക് സമയം ലഭിക്കും മോദി പറഞ്ഞു.

റിയോയിലെത്തുന്ന താരങ്ങള്‍ക്ക് ഇന്ത്യന്‍ ഭക്ഷണം ലഭ്യമാക്കാന്‍ പ്രത്യേകഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു.

നേരത്തെ ഒളിപിംക്‌സിന് പോകുന്ന താരങ്ങള്‍ക്ക് 50 ഡോളറും ഒഫീഷ്യലുകള്‍ക്ക് 100 ഡോളറുമായിരുന്നു അനുവദിച്ചിരുന്നത്.

ഈ അസമത്വം സര്‍ക്കാര്‍ അവസാനിപ്പിച്ചിട്ടുണ്ട്. റിയോയിലെത്തുന്ന എല്ലാവര്‍ക്കും തുല്യമായ ആനുകൂല്യങ്ങളായിരിക്കും ഇക്കുറി ലഭിക്കുക.

റിയോ ഒളിമ്പിക്‌സിനായി 125 കോടി രൂപ സര്‍ക്കാര്‍ വകയിരുത്തിയിട്ടുണ്ടെന്ന് പറഞ്ഞ മോദി ഓരോ താരത്തിനും 30 ലക്ഷം മുതല്‍ 1.5 കോടി രൂപ വരെ സര്‍ക്കാര്‍ ചിലവിടുന്നുണ്ടെന്നും വ്യക്തമാക്കി.

റിയോയിലേക്ക് പോകുന്ന എല്ലാ താരങ്ങളും ഞാന്‍ ആശംസകള്‍ നേരുന്നു, സാഹോദര്യത്തിന്റെ സന്ദേശമാണ് ഒളിമ്പിക്‌സ് കൈമാറുന്നത്.

ആഗസ്റ്റ് 15ന് ഇവിടെ നാം ദേശീയപാതക ഉയര്‍ത്തുമ്പോള്‍ അങ്ങ് റിയോയിലും ഇന്ത്യന്‍ പതാക പാറിപ്പറക്കുമെന്നെനിക്ക് ഉറപ്പുണ്ട് റിയോ ഒളിമ്പിക്‌സിലെ ഇന്ത്യന്‍ സ്വപ്‌നങ്ങള്‍ പങ്കുവച്ചു കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.

Top