പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുസ്തകം ‘അമ്മയ്ക്കുള്ള കത്തുകള്‍’ ജൂണില്‍ പുറത്തിറങ്ങും

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുസ്തകം ജൂണ്‍ മാസത്തില്‍ പുറത്തിറങ്ങും. ഹാര്‍പ്പര്‍കോളിന്‍സ് പ്രസിദ്ധീകരിക്കുന്ന ‘അമ്മയ്ക്കുള്ള കത്തുകള്‍’ എന്ന പുസ്തകം ചലച്ചിത്ര നിരൂപക ഭാവന സോമയ്യ ആണ് വിവര്‍ത്തനം ചെയ്തിരിക്കുന്നത്. പുസ്തക രൂപത്തിലും ഇ-ബുക്ക് ആയും പുസ്തകം പുറത്തിറങ്ങും.

എല്ലാ ദിവസവും രാത്രി ‘ജഗത് ജനനി’യായ മാതാവിന് കത്തെഴുതുന്ന ശീലം ചെറുപ്പം മുതല്‍ മോദിക്കുണ്ടായിരുന്നു. എന്നാല്‍ ഏതാനും മാസം കൂടുമ്പോള്‍ ഈ കത്തുകള്‍ അദ്ദേഹം എടുത്ത് കത്തിച്ചുകളയുമായിരുന്നു. ഇത്തരത്തിലുള്ള ഒരു ഡയറി മാത്രം കത്തിക്കാതെ ബാക്കിയായി. 1986ലെ ഈ ഡയറിയിലെഴുതിയിരിക്കുന്ന കത്തുകളാണ് ഇപ്പോള്‍ പുസ്തകരൂപത്തില്‍ പുറത്തിറക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഇതൊരു സാഹിത്യരചനയ്ക്കുള്ള ശ്രമമല്ലെന്നും തന്റെ നിരീക്ഷണങ്ങളുടെയും ചിന്തകളുയുടെയും പ്രതിഫലനങ്ങളാണ് പുസ്തകത്തിലുള്ളതെന്നും മോദി പറയുന്നു. ‘ഏറെപ്പേരെയും പോലെ ഞാനൊരു എഴുത്തുകാരനല്ല. എന്നാല്‍ എല്ലാവര്‍ക്കും സ്വയം പ്രകടിപ്പിക്കേണ്ടതുണ്ട്. അതിനുള്ള പ്രേരണ അതിശക്തമാകുമ്പോള്‍ പേനയും കടലാസും എടുക്കുകയല്ലാതെ മറ്റു മാര്‍ഗമില്ലാതാകുന്നു. എഴുതുക എന്നതിനേക്കാള്‍, ആത്മപരിശോധന നടത്താനും ഹൃദയത്തിലും ശിരസ്സിലും എന്താണ് സംഭവിക്കുന്നതെന്നും എന്തുകൊണ്ടെന്നും തിരിച്ചറിയാനുമാണ് ഇത്’, മോദി പറയുന്നു.

അതേസമയം, എഴുത്തുകാരന്‍ എന്ന നിലയില്‍ നരേന്ദ്ര മോദിയുടെ ശക്തി എന്നത് അദ്ദേഹത്തിന്റെ വൈകാരികമാനമാണെന്ന് പുസ്തകം തര്‍ജ്ജമ ചെയ്ത ഭാവന സോമയ്യ പറയുന്നു. 2017ല്‍ പത്മശ്രീ പുരസ്‌കാരം നേടിയ ഭാവന സോമയ്യ സിനിമാ സംബന്ധിയായ നിരവധി പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്.

Top